തിരുവനന്തപുരം: ഇന്ധന നികുതി സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന തെറ്റിധാരണാ ജനകമെന്ന് കേരള ധനമന്ത്രി കെഎൻ ബാലഗോപാൽ. ആറു വർഷമായി കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു. കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ ഇന്ധനനികുതി കുറയ്ക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഇന്ധനനികുതി സംബന്ധിച്ചു തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രമാണ് ഇന്ധന നികുതി വർധിപ്പിക്കുന്നത്. കേന്ദ്രം സംസ്ഥാനങ്ങളുടെ നികുതി അധികാരം കവരുകയാണ്. ജിഎസ്ടി വന്നതോടെ ഇന്ധന നികുതിയും മദ്യത്തിൽനിന്നുള്ള നികുതിയും മാത്രമാണ് സംസ്ഥാനത്തിനു പിരിക്കാൻ കഴിയുന്നത്. അതിലാണ് വീണ്ടും സർചാർജ് ഏർപ്പെടുത്തുന്നതെന്നും ധനമന്ത്രി പറഞ്ഞു.
ഇന്ധന സർചാർജും സെസും പിരിക്കുന്നത് നിർത്താൻ കേന്ദ്രം തയാറാകണമെന്നും മന്ത്രി പറഞ്ഞു. ബന്ധപ്പെട്ട വേദികളിൽ ഇത് സംബന്ധിച്ച് സംസ്ഥാനത്തിന്റെ പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം.
അവകാശമില്ലാത്ത പണമാണ് സെസും സർചാർജുമായി കേന്ദ്രം പിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര–സംസ്ഥാന ബന്ധങ്ങളെ തകർക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഈ രീതി അംഗീകരിക്കാനാകില്ല. കേരളത്തിന് അർഹമായ നികുതിവിഹിതം കേന്ദ്രത്തിൽനിന്നു ലഭിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
Also Read: ‘അനീതി’; ഇന്ധന നികുതി സംസ്ഥാനങ്ങൾ കുറയ്ക്കണമെന്ന് പ്രധാനമന്ത്രി