/indian-express-malayalam/media/media_files/uploads/2023/01/KN-Balagopal-FI.jpg)
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട നികുതി വിവാദത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് മറുപടിയുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഐ ജി എസ് ടി വഴി അടച്ച നികുതി കേരളത്തിന് കിട്ടിയിരുന്നോയെന്ന മാത്യു കുഴൽ നാടന്റെ ചോദ്യത്തിന്, നികുതി ഒടുക്കിയെന്ന് മറുപടി കൊടുത്തുവെന്നാണ് ധനമന്ത്രിയുടെ വിശദീകരണം.
"നിയമപരമായി മാത്രമേ മറുപടി പറയാൻ കഴിയൂ. വീണാ വിജയൻ ഐ ജി എസ് ടി പ്രകാരമുള്ള നികുതി അടച്ചിട്ടുണ്ട്. അത് മറുപടിയായി നൽകിയിട്ടുമുണ്ട്. മാത്യു കുഴൽനാടൻ തെറ്റിദ്ധാരണ പരത്തുകയാണ്. 2017 ജൂലൈ ഒന്നു മുതലാണ് ജി എസ് ടി നിലവിൽ വരുന്നത്. അതിന് മുൻപ് സർവ്വീസ് ടാക്സ് സെൻട്രൽ ടാക്സാണ്. നികുതി അടയ്ക്കാത്ത ആളുകളുടെ വിവരങ്ങൾ പുറത്തു വിടാറില്ല. എംഎൽഎ തെറ്റിദ്ധാരണ പരത്തുന്നത് ശരിയല്ല. മറുപടി കിട്ടിയിട്ടും തെറ്റിദ്ധാരണ പരത്തുകയാണ്.
മുഖ്യമന്ത്രിക്ക് എതിരെയുള്ള ആക്രമണത്തിന്റെ ഭാഗമാണ് വീണയ്ക്കെതിരായ ആരോപണം. കുടുംബത്തേയും വ്യക്തിപരമായും അക്രമിക്കുന്നത് നല്ലതല്ല. നല്ല നന്ദിയും നല്ല നമസ്ക്കാരവുമാണ് കുഴൽനാടൻ പറയേണ്ടിരുന്നത്. കുഴൽനാടൻ ഈ എപ്പിസോഡ് ഇവിടെ അവസാനിപ്പിച്ചിട്ട് പുതിയ കാര്യവുമായി വരണം," ധനമന്ത്രി പറഞ്ഞു.
വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ മാപ്പ് പറയണമെന്ന സിപിഎം ആവശ്യം ഇന്ന് മാത്യു കുഴൽനാടൻ തള്ളിയിരുന്നു. വീണാ വിജയന്റെ കമ്പനി ജിഎസ്ടി രജിസ്ട്രേഷൻ എടുക്കും മുമ്പ് എങ്ങനെ നികുതിയടച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും, ധനവകുപ്പിന്റേത് കാപ്സ്യൂൾ മാത്രമാണെന്നും കുഴൽനാടൻ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധനമന്ത്രിയുടെ ഈ വിശദീകരണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.