തിരുവനന്തപുരം: സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍. കോവിഡ് കാലത്ത് പല സംസ്ഥാനങ്ങളും ഇന്ധന നികുതി കൂട്ടുകയും സെസ് കൊണ്ടുവരികയും ചെയ്തപ്പോഴും കേരളം അങ്ങനെ ചെയ്തിട്ടില്ല. കേന്ദ്ര നികുതി വളരെ കൂടുതലാണ്. ഇത്രയും ഉയർന്ന തുക പിരിക്കാൻ കേന്ദ്ര സർക്കാരിന് അവകാശമില്ലെന്നും ധനമന്ത്രി പറഞ്ഞു.
“സ്പെഷൽ നികുതിയുടെ പേരിൽ സംസ്ഥാനങ്ങളെ തഴയുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. ഇന്ധനവിലയുടെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ഉപതിരഞ്ഞെടുപ്പുകളിലെ തിരിച്ചടിയും വരുന്ന തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് ഇപ്പോൾ വില കുറയ്ക്കാൻ തയാറായത്,” ബാലഗോപാൽ ചൂണ്ടിക്കാട്ടി.
“2018 ൽ ക്രൂഡ് ഓയിലിന്റെ വില 80.08 ആയിരുന്നു അപ്പോൾ കേന്ദ്ര നികുതി 17.98 രൂപ. പക്ഷേ ക്രൂഡ് ഓയിലിന്റെ വില മൂന്നിലൊന്നായികുറഞ്ഞപ്പോൾ കേന്ദ്രം നികുതി കൂട്ടി. കഴിഞ്ഞ ആറ് വർഷം കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ല. ഒരു തവണ പിണറായി സർക്കാർ ഇന്ധന നികുതി കുറക്കുകയും ചെയ്തു,” ധനമന്ത്രി വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നിലപാടിനെയും ധനമന്ത്രി വിമര്‍ശിച്ചു. “ബിജെപിയെ സഹായിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് ഇവിടെ സ്വീകരിക്കുന്നത്. നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്ന കോണ്‍ഗ്രസ്, ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 13 തവണയാണ് നികുതി കൂട്ടിയത്. കുറച്ചതു നാലു തവണയും,” കെ.എന്‍. ബാലഗോപാല്‍ വിശദീകരിച്ചു.