തിരുവനന്തപുരം: സംസ്ഥാനം കടുത്ത വെല്ലുവിളിയിലൂടെ കടന്ന് പോകുന്ന പശ്ചാത്തലത്തില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിക്കും. ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതാകും ബജറ്റെന്ന് കെ.എന്‍.ബാലഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. നിലവില്‍ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. അതേസമയം, സര്‍ക്കാരിന്റെ പ്രകടന പത്രിക നടപ്പാക്കുന്നതിന് മുന്‍ഗണന നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
“കോവിഡ് കാലത്തെ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാന വിരുദ്ധ നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് ന്യായമായി നല്‍കേണ്ട വിഹിതം നല്‍കുന്നില്ല. ഇത്തരം കാര്യങ്ങള്‍ സംസ്ഥാനത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളി വിടും,” കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കി. എന്നാല്‍ നികുതി വര്‍ധനവിനുള്ള സാധ്യതയും മന്ത്രി തള്ളിക്കളഞ്ഞില്ല.
Also Read: നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തിന് വിമര്‍ശനം; ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടരും
ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ലോക്ക്ഡൗണിനെ തുടര്‍ന്ന് വരുമാനമില്ലാതായതാണ്. സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസുകളായ ലോട്ടറി, മദ്യം തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. വ്യവസായ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുന്നതിനാല്‍ ജിഎസ്ടി വരുമാനവും ലഭിക്കുന്നില്ല.
കോവിഡ് വാക്സിന് എല്ലാവര്ക്കും സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപനം സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിലും ആവര്‍ത്തിച്ചിരുന്നു. ഇതിനായി 1000 കോടി രൂപയാണ് അധികമായി ചിലവാക്കുന്നത്. കോവിഡ് മൂലം പ്രതീക്ഷിച്ച സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചിരുന്നില്ല. ഈ വര്‍ഷം 6.6 സാമ്പത്തിക വളര്‍ച്ചയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.