തിരുവനന്തപുരം: കേരളത്തിന്‍റെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ പരിഗണനാ വിഷയങ്ങളില്‍ ഭേദഗതി വരുത്തണമെന്ന സംസ്ഥാനത്തിന്‍റെ ആവശ്യം പരിശോധിച്ച് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്ന് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ എന്‍.കെ.സിങ് പറഞ്ഞു. സംസ്ഥാനത്തെ വിവിധ കക്ഷി നേതാക്കളുമായി പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ച് നടത്തിയ ആശയ വിനിമയത്തിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

2011ലെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ പരിഗണനാ വിഷയങ്ങള്‍ നടപ്പാക്കുകയാണെങ്കില്‍ പതിനാലാം ധനകാര്യ കമ്മീഷന്‍ സംസ്ഥാനത്തിനനുവദിച്ച വിഹിതത്തേക്കാള്‍ കുറവു സംഭവിക്കരുതെന്നാണ് സംസ്ഥാനം കമ്മീഷനോട് അഭ്യര്‍ത്ഥിച്ചത്.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക വികസനത്തിന് പതിനഞ്ചാം ധനകാര്യകമ്മീഷന്‍ പരിഗണനാ വിഷയങ്ങള്‍ വിഘാതമാകുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. 2011ലെ ജനസംഖ്യക്ക് ആനുപാതികമായി കേന്ദ്ര വിഹിതം അനുവദിച്ചാല്‍ സംസ്ഥാനത്തിന് വലിയ നഷ്ടം സംഭവിക്കും. നികുതി വരുമാനം 50 ശതമാനമായി ഉയര്‍ത്തണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തിന്‍റെ സ്വയംഭരണാധികാരം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം.

Read More: ധനകമ്മീഷന്‍റെ പരിഗണനാ വിഷയങ്ങളും സംസ്ഥാനങ്ങളുടെ ആശങ്കകളും

രാജ്യത്തിന്‍റെ പൊതുതാത്പര്യം കണക്കിലെടുത്ത് മറ്റു സംസ്ഥാനങ്ങളേക്കാള്‍ ജനസംഖ്യാ നിയന്ത്രണം നേടിയെങ്കിലും കേരളത്തില്‍ വയോജനങ്ങള്‍ കൂടുതലാണ്. ആരോഗ്യമേഖലയിലെ പുരോഗതി കാരണമാണിത്. വയോജനങ്ങളുടെ ക്ഷേമത്തിന് സംസ്ഥാന സര്‍ക്കാര്‍ ഏറെ പ്രാധാന്യം നല്‍കുന്നു. ഈ സാഹചര്യം പരിഗണിച്ച് സ്‌പെഷ്യല്‍ ഗ്രാന്റ് ഇന്‍ എയ്ഡ് അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം.

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനും തീരപ്രദേശങ്ങള്‍ രാജ്യാതിര്‍ത്തികളായി പരിഗണിച്ച് സുരക്ഷാ മതിലുകള്‍ നിര്‍മിക്കുന്നതിനും കേന്ദ്ര ഫണ്ട് അനുവദിക്കണം. മറ്റു രാജ്യങ്ങളില്‍ നിന്നു തൊഴില്‍ നഷ്ടപ്പെട്ടു മടങ്ങുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുകയും സൗകര്യങ്ങള്‍ നല്‍കുകയും ചെയ്യേണ്ടത് സംസ്ഥാനം നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 23 ലക്ഷത്തിലേറെ തൊഴിലാളികളുടെ ക്ഷേമകാര്യങ്ങളും പരിഗണിക്കണിക്കേണ്ടതുണ്ട്.. ഇവര്‍ക്ക് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ലഭ്യമാകേണ്ട ഭക്ഷ്യധാന്യങ്ങള്‍ അനുവദിക്കാനും നടപടിയുണ്ടാകണം. ദാരിദ്ര്യ നിര്‍മാര്‍ജനം, പൊതുവിതരണം, കാര്‍ഷിക സുരക്ഷ എന്നീ മേഖലകളില്‍ സംസ്ഥാനത്തിന് കേന്ദ്രത്തില്‍നിന്നു കൂടുതല്‍ ശ്രദ്ധ ലഭിക്കണം. സംസ്ഥാന വിഹിതം നിശ്ചയിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ക്കു പ്രത്യേക പരിഗണന നല്‍കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.