തിരുവനന്തപുരം: സ്വാശ്രയ ഫീസ് മെഡിക്കൽ ഫീസ് കുറച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നു എസ്എഫ്ഐ. സ്വാശ്രയ മേഖലയിൽ എസ്എഫ്ഐ എടുത്ത നിലപാടുകളെ പിണറായി സർക്കാർ അട്ടിമറിച്ചുവെന്ന് എസ്എഫ്ഐ ആരോപിച്ചു. മെറിറ്റ് സീറ്റുകൾ ഇല്ലാതാക്കിയ സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.

സ്വാശ്രയ മാനേജ്മെന്റുകൾക്ക് തീവെട്ടിക്കൊള്ളയ്ക്ക് അവസരം നൽകാത്ത വിധം, മെഡിക്കൽ പ്രവേശനം സുപ്രീംകോടതി നിർദേശങ്ങൾക്ക് അനുസരിച്ച് നടത്തണമെന്നും എസ്എഫ്ഐ നിർദേശിച്ചു. സ്വാശ്രയ മെഡിക്കൽ ഫീസ് വർദ്ധിപ്പിച്ചതിന് ശേഷം എസ്എഫ്ഐ ഇതാദ്യമായാണ് ഈ വിഷയത്തിൽ ശക്തമായ പ്രതികരണം നടത്തുന്നത്. എസ്എഫ്ഐ വാതുറക്കുന്നില്ലെന്ന ആക്ഷേപങ്ങൾക്കിടെയാണ് ശ്ക്തമായ നിലപാടുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.

അതേസമയം, പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജ്, കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളേജ് മാനേജ്മെന്റുകൾ കഴിഞ്ഞ വർഷത്തെ ഫീസിൽ ഇത്തവണയും പ്രവേശനം നടത്താമെന്ന് ധാരണയിലെത്തി. തിങ്കളാഴ്ച വൈകീട്ട് ആരോഗ്യമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഈ രണ്ട് മാനേജ്മെന്റുകളുടെ പ്രതിനിധികളും ഇതുസംബന്ധിച്ച കരാറിൽ ഒപ്പിടും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ