തിരുവനന്തപുരം: സി പി എമ്മിന്റെ സാംസ്കാരിക രംഗത്തെ പോഷക സംഘടനയായ പുരോഗമന കലാസാഹിത്യ സംഘത്തിൽ വൻ അഴിച്ചു പണി. നിലവിലത്തെ സംസ്ഥാന പ്രസിഡന്റിനെയും സെക്രട്ടറിയെയും മാറ്റി. പു കസയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേർത്താണ് ഇരുവരെയും മാറ്റിയത്.

കേരള സാഹിത്യ അക്കാദമി പ്രസിഡന്റായ വൈശാഖനും കോളജ് അധ്യപക സംഘടനാ നേതാവായ പ്രൊഫ. വി​ എൻ ​മുരളിയുമായിരുന്നു നിലവിലത്തെ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും. ഇവരുടെ ഭരണസമിതിക്ക് ഒരു വര്‍ഷം കൂടെ കാലാവധി ശേഷിക്കെയാണ് അഴിച്ചുപണി.

നിലവിലെ സെക്രട്ടറി വി​എൻ മുരളിയെ വൈസ് പ്രസിഡന്റായി നിലനിർത്തിയിട്ടുണ്ട്. സംസ്കാരിക ലോകത്ത് ഇടപെടൽ ദുർബലമാണെന്ന വിലയിരുത്തലിന്റെ  അടിസ്ഥാനത്തിലാണ് ഈ​ അഴിച്ചുപണി. മൂന്ന് വർഷം കൂടുമ്പോഴാണ് സാധാരണ ഗതിയിൽ പുക സ സമ്മേളനം ചേരുന്നതും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതും. എന്നാൽ​ അതിൽ നിന്നും വ്യത്യസ്തമായി പ്രത്യേക സമ്മേളനം വിളിച്ചു ചേർത്താണ് പുതിയ നടപടി.

പി, രാജീവിന് സംസ്ഥാന സമതിയിൽ നിന്നും പുകസയുടെ ചുമതലയേറ്റതിനെ തുടർന്നാണ് പുകസയിൽ അഴിച്ചു പണിക്ക് വേഗം കൂടിയത്. നിലവിലെ ഭരണസമതിയുടെ കാലാവധി അവസാനിക്കാൻ ഒരു വർഷത്തിലേറെ സമയം നിലനിൽക്കെയാണ് പൊടുന്നനെ നടന്ന അഴിച്ചുപണി.

കഴിഞ്ഞ കുറച്ച് കാലമായി കേരളത്തിലെ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് പുകസയുടെ ഇടപെടൽ നിർജ്ജീവമാണെന്ന പരാതി സിപി എമ്മിനുളളിൽ​ ഉയർന്ന സാഹചര്യത്തിലാണ് അഴിച്ചുപണിക്ക് സി പി എം തയ്യാറാകുന്നതെന്നാണ് പാർട്ടിയുമായി ബന്ധപ്പെട്ട പുകസ നേതാക്കൾ പറയുന്നത്. കേരളത്തിലെ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് നിരവധി വിഷയങ്ങൾ​ രൂപപ്പെട്ടപ്പോഴൊന്നും കാര്യമായി ഇടപെടാൻ സംഘടനയ്ക്ക് സാധിച്ചില്ലെന്ന വിമർശനം ശക്തമാണ്. ഈ​ സാഹചര്യങ്ങളിലൊക്കെ സംഘടനയ്ക്ക് പകരം വ്യക്തികളും കൂട്ടായ്മകളും അതിശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നതും പു കസയുടെ പ്രസക്തി ഇല്ലാതാക്കുകയാണെന്ന അഭിപ്രായം ഉയർന്നു.

ആരോഗ്യ പ്രശ്നങ്ങളാൽ കേരള​സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനവും പുകസ പ്രസിഡന്റ് സ്ഥാനവും വഹിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് വൈശാഖൻ ഒഴിയുന്നത്. സാഹിത്യ മേഖലയ്ക്ക് പുറത്തുനിന്നൊരാള്‍ പുകസയുടെ നേതൃസ്ഥാനത്ത് എത്തുന്നത് ഇതാദ്യമായാണ്.

അശോകൻ ചരുവിൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് വരണമെന്ന സി പി എമ്മിന്റെ സംസ്ഥാന തീരുമാനം അദ്ദേഹം അംഗീകരിച്ചു. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കവി ബാലചന്ദ്രൻ ചുളളിക്കാടിനെ പാർട്ടി സമീപിച്ചുവെങ്കിലും അദ്ദേഹം ആ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറായില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു.  അവാർഡ് ഉൾപ്പടെ എല്ലാവിധ എസ്റ്റാബ്ലിഷ്മെന്റുകളോടും ദൂരം കാത്തുസൂക്ഷിക്കുന്ന ബാലചന്ദ്രൻ ചുള്ളിക്കാട് ആ​ സമീപനം മാത്രമാണ് പു ക സയോടും സ്വീകരിച്ചതെന്നാണ് സി പി എമ്മിന്റെ വിലയിരുത്തൽ. അല്ലാതെ സി പി എമ്മിനോടോ പുകസായോടോ ഉളള എതിർപ്പായി അതിനെ കാണുന്നില്ലെന്നാണ്  സി പി എം കേന്ദ്രങ്ങളുടെ വാദം.

സി പി എമ്മുകാരല്ല പലരും പുകസയുടെ ഭാരവാഹികളായ ചരിത്രമുണ്ടെന്നും അതിനാൽ ബാലചന്ദ്രൻ ചുളളിക്കാട് ആകുന്നതിൽ തെറ്റില്ലെന്നുമാണ് നേതാക്കൾ പറയുന്നത്.  പുകസയുടെ സ്ഥാപക പ്രസിഡന്റായ  വൈലോപിള്ളി ശ്രീധരമേനോൻ, എം എൻ വിജയൻ, എം. കെ സാനു ഇവരൊന്നും സി പി എമ്മിന്റെ പാർട്ടി അംഗങ്ങളായിരുന്നില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. ആ ചരിത്രത്തിന്റെ പശ്ചാത്തലത്തിലാകാം ബാലചന്ദ്രൻ ചുള്ളിക്കാടിനെ പ്രസിഡന്റാക്കുന്നത്.

തിരുവനന്തപുരം ബി ടി ആർ ഭവനിൽ നടന്ന പ്രത്യേക സമ്മേളനം കവി സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു.  പുകസയുമായി പ്രത്യേകമായ സംഘടനാ ബന്ധമൊന്നും കാത്തുസൂക്ഷിക്കാത്ത സച്ചിദാനന്ദനെ പോലൊരാളെ ഉദ്ഘാടകനാക്കിയും  സംഘടനയുടെ സ്വതന്ത്ര സ്വഭാവത്തെയാണ് കാണിക്കുന്നതെന്ന് പുകസയുമായി ബന്ധപ്പെട്ടവർ അവകാശപ്പെടുന്നു.

നാലാം ലോകം, വിദേശ ഫണ്ടിങ് വിവാദവും ഈ​ വിവാദങ്ങളുമായി ബന്ധപ്പെട്ട് എം എൻ വിജയനുമായി സി പി എമ്മിനുണ്ടായ പ്രശ്നങ്ങളുമാണ് പുകസയെ ഇന്നത്തെ നിർജ്ജീവാവസ്ഥയിൽ എത്തിച്ചതിന്റെ അടിസ്ഥാനകാരണമെന്ന് കരുതുന്നവരുണ്ട്. അക്കാലത്ത് പുകസയിൽ സജീവമായിരുന്ന പലരും ഇന്ന സംഘടനയ്ക്ക് പുറത്തോ അല്ലെങ്കിൽ നിർജീവമോ ആണെന്നും അതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് അടിസ്ഥാന കാരണമെന്നും ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. ഇപ്പോൾ നടത്തുന്നത് തൊലിപ്പുറത്തെ ചികിത്സയാണെന്നും അടിസ്ഥാന പ്രശ്നങ്ങളിൽ​ ഇപ്പോഴും ഇടപെട്ടില്ലെന്നും അവർ കുറ്റപ്പെടുത്തുന്നു.

എന്തായാലും വരുംദിവസങ്ങളിൽ പുകസ ക്യാംപെയിനുകളും പ്രചാരണ പരിപാടികളുമായി ശക്തമായി രംഗത്തിറങ്ങുമെന്നും അതിനുളള പദ്ധതികളാവും തയ്യാറാക്കുകയെന്നും കേരളത്തിലെ സാംസ്കാരിക രംഗത്ത് ഉണർവ്വുണ്ടാക്കുവാനുളള ഉത്തരാവദിത്വം പുകസയ്ക്കുണ്ടെന്നും അവർ പറയുന്നു.

എന്നാൽ കേരളത്തിലെ പുതു തലമുറയെയോ അവരുടെ കാഴ്ചപ്പാടുകളെയോ അഭിമുഖീകരിക്കാൻ പറ്റാത്ത, വൃദ്ധ നേതൃത്വങ്ങളാണ് പുകസയുടെ പ്രശ്നമെന്ന് ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. ഇപ്പോഴത്തെ നേതൃത്വവും നേരിടാൻ പോകുന്ന പ്രതിസന്ധി തലമുറകളുടെ താൽപര്യങ്ങളുടെ സംഘർഷത്തെ എങ്ങനെ മറികടക്കുമെന്നതായിരിക്കുമെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.