തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയും സാമൂഹിക പ്രവർത്തകയുമായ ഇന്ദിര (54) നിര്യാതയായി. മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ശ്വാസകോശസംബന്ധിയായ അസുഖത്തെ തുടർന്ന് ചികിത്സിലായിരുന്നു. മലപ്പുറം തിരൂർ തുഞ്ചൻ പറമ്പിന് സമീപം പരിയാപുരത്ത് വീട്ടിൽ  ഇന്ദിര ചലച്ചിത്രോത്സവങ്ങളിലും സ്ത്രീ പ്രശ്നങ്ങളിലുമൊക്കെ സജീവ സാന്നിദ്ധ്യമായിരുന്നു.  സംസ്കാരം നാളെ രാവിലെ എട്ട് മണിക്ക് ശാന്തികവാടത്തിൽ നടക്കും.

കണ്ണൂർ രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ദിര സംവിധാനം ചെയ്ത ‘കഥാർസിസ്’ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (മിഫ്) മത്സര വിഭാഗത്തിലേയ്ക്ക് ​ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കോൺടാക്ട് ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടയുളളവ പല ചലച്ചിത്രോത്സവങ്ങളിലും ‘കഥാർസിസി’ന് അംഗീകാരം ലഭിച്ചിരുന്നു.

പി എ ബക്കറിനൊപ്പം പ്രവർത്തിച്ച്​ സിനിമാ രംഗത്തേയ്ക്ക് കടന്നുവന്ന ഇന്ദിര തിരുവനന്തപുരത്ത് സതേൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സുരാസു ഉൾപ്പടെയുളളവരുടെ കീഴിലാണ് ചലച്ചിത്ര പഠനം ഔദ്യോഗികമായി പൂർത്തിയാക്കിയത്.  ലെനിൻ ​രാജേന്ദ്രന്റെ ‘കുലം’, എ എ അസീസിന്റെ ‘അത്യുന്നതങ്ങളിൽ​കൂടാരം പണിയുന്നവർ’ എന്നീ സിനിമകളിൽ അസിസ്റ്റന്റ്, അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു. ബീനാപോളിന്റെ ഡോക്യുമെന്ററികളിലും ഇന്ദിര സഹകരിച്ചിരുന്നു.

സി ഡിറ്റിന് വേണ്ടി നിരവധി ഡോക്യുമെന്ററികൾ ചെയ്തിട്ടുണ്ട്. വി എം ദീപ ഏഷ്യനെറ്റിന് വേണ്ടി ചെയ്ത നിരവധി പ്രോഗ്രാമുകളുടെ ക്യാമറ ഇന്ദിരയുടേതായിരുന്നു. ‘നമ്മൾ’, ‘നല്ല മണ്ണ്’ എന്നീ പ്രോഗ്രാമുകളിലെ ക്യാമറയ്ക്ക് പിന്നിൽ ഇന്ദിരയായിരുന്നു.

Indira with Sreebala and Srinivasan

ശ്രീനിവാസന്‍, ശ്രീബാല കെ മേനോന്‍ എന്നിവര്‍ക്കൊപ്പം ഇന്ദിര

പരേതരായ കുമാരൻ, തങ്കം എന്നിവരുടെ മകളാണ് ഇന്ദിര. സഹോദരങ്ങൾ മധു ഉണ്ണികൃഷ്ണൻ, സത്യഭാമ, രവി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.