തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ ഷൂട്ടിങ്ങിന് അനുമതി. കോവിഡ് വ്യാപനം മൂലം ഉണ്ടായ ലോക്ക്ഡൌണില്‍ സ്തംഭിച്ച സിനിമാ വ്യവസായത്തിന് വലിയ ആശ്വാസമായാണ് ഈ തീരുമാനം എത്തുന്നത്.
50 പേരെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് ഇൻഡോർ അല്ലെങ്കിൽ സ്റ്റുഡിയോ ഷൂട്ടിങ്ങിനാണ് അനുമതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘ഔട്ട്ഡോർ ഷൂട്ടിങ്ങിന് അനുമതി ഇല്ല. ചാനലുകളുടെ ഇൻഡോർ ഷൂട്ടിങ്ങിൽ പരമാവധി 25 പേർ മാത്രമേ പാടുളളൂ,’ മുഖ്യമന്ത്രി അറിയിച്ചു.
- ഇൻഡോർ ഷൂട്ടിങ്ങിന് മാത്രമാണ് ആദ്യ ഘട്ടത്തിൽ അനുമതി നൽകിയിട്ടുള്ളത്.
- വാതിൽപ്പുറ ചിത്രീകരണങ്ങൾക്ക് അനുമതിയില്ല.
- സിനിമ സെറ്റുകളിൽ സാങ്കേതിക പ്രവർത്തകരും അഭിനേതാക്കളും അടക്കം പമാവധി 50 പേർ മാത്രം
- സീരിയൽ സെറ്റിൽ പമാവധി 25 പേർ മാത്രം
Read Also: കെട്ടിപ്പിടിക്കരുത് ഉമ്മവയ്ക്കരുത്, മാസ്‌കും ഗ്ലൗസും നിര്‍ബന്ധം; സിനിമ, ടിവി ചിത്രീകരണ നിർദേശങ്ങൾ
നേരത്തെ വിനോദ വ്യവസായ മേഖല ചിത്രീകരണം പുനരാരംഭിക്കുമ്പോൾ നടപ്പിലാക്കേണ്ട മാർഗനിർദേശങ്ങൾ പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ പുറത്തിറക്കിയിരുന്നു.
1. ഓരോ ക്രൂ അംഗവും ചിത്രീകരണ സമയത്ത് ഉടനീളം മൂന്ന് ലെയറുളള മെഡിക്കൽ മാസ്കും കയ്യുറകളും ധരിക്കണം.
2. ഹസ്തദാനം, ആലിംഗനം, ചുംബനം, എന്നിവയിലൂടെയുള്ള സ്നേഹപ്രകടനങ്ങൾ നടത്തരുത്, ശാരീരിക അകലം പാലിക്കുക.
3. സെറ്റുകൾ / ഓഫീസുകൾ / സ്റ്റുഡിയോകൾ എന്നിവിടങ്ങളിൽ സിഗരറ്റ് പങ്കുവയ്ക്കുന്നത് നിർത്തണം
4. സഹപ്രവർത്തകർ തമ്മിലുള്ള 2 മീറ്റർ ദൂരം നിലനിർത്തണം.
5. 60 വയസ്സിനു മുകളിലുള്ള ക്രൂ, കാസ്റ്റ് അംഗങ്ങളെ കുറഞ്ഞത് മൂന്ന് മാസത്തേക്ക് ഒഴിവാക്കുക.
തുടങ്ങിയവയാണ് പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ നിർദേശങ്ങൾ.
ഷൂട്ടിങ്ങിന് 45 മിനിറ്റ് മുമ്പ് ക്രൂ, ആർട്ടിസ്റ്റുകൾ, മറ്റുള്ളവർ സെറ്റിൽ എത്തണമെന്ന് ആവശ്യപ്പെടുന്നു; ആളുകൾ സാമൂഹിക അകലം പാലിക്കുന്നതിനായി ഫ്ലോർ മാർക്കിങ്ങുകൾ സൃഷ്‌ടിക്കണം; സ്റ്റാൻഡേർഡ് ബെഞ്ചുകളേക്കാൾ പോർട്ടബിൾ കസേരകൾക്ക് മുൻഗണന നൽകണം.
കുളിക്കാനുള്ള സാധ്യമായ ക്രമീകരണങ്ങളും നിർദേശങ്ങളിൽ ഉൾപ്പെടുന്നു; എടുത്തുകൊണ്ട് പോകാവുന്ന തരത്തിലുള്ള വാഷ് ബേസിനുകൾ നൽകണമെന്നും സെറ്റുകളിൽ സാനിറ്റൈസേഷൻ നടത്തണമെന്നും നിർദേശിക്കുന്നു.
മാർഗനിർദ്ദേശങ്ങളിലെ ഒരു പ്രധാന ഘടകം “ഹെയർ ആൻഡ് മേക്കപ്പ്” പ്രോട്ടോക്കോൾ ആണ്. ഒറ്റത്തവണ ഉപയോഗിക്കാവുന്നതും, പിന്നീട് നശിപ്പിച്ചു കളയാവുന്നതുമായ ഇനങ്ങൾ ശുപാർശ ചെയ്യുന്നു; ഉപയോഗത്തിന് മുമ്പും ശേഷവും വിഗ് കഴുകി വൃത്തിയാക്കണം; സ്വന്തം മേക്കപ്പ് സാധനങ്ങൾ മാത്രം ഉപയോഗിക്കുക; കൂടാതെ, ഏറ്റവും പ്രധാനമായി, മാസ്‌കിനുപകരം ഫെയ്‌സ് ഷീൽഡ് ഉപയോഗിക്കുക. ഇതുകൂടാതെ, ഹെയർ, മേക്കപ്പ് സഹായികൾ മാസ്കുകളും കയ്യുറകളും ധരിക്കും, ഇത് ചിത്രീകരണ സമയത്ത് ഉടനീളം ബാധകമാണ്.