കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തു എന്ന കോഴിക്കോട് സ്വദേശിയായ നടിയുടെ പരാതിയിൽ പ്രതികരണവുമായി നടനും നിർമാതാവുമായ വിജയ് ബാബു. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും തെറ്റ് ചെയ്താൽ മാത്രം പേടിച്ചാൽ മതിയെന്നും സംഭവത്തിൽ പരാതിക്കാരിക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും വിജയ് ബാബു ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു.
Read more: മദ്യം നൽകി ലൈംഗികമായി ചൂഷണം ചെയ്തു, നഗ്ന വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി; വിജയ് ബാബുവിനെതിരെ പരാതിക്കാരി
പരാതിക്കാരിയായ പെൺകുട്ടിയെ 2018 മുതൽ അറിയാം. കൃത്യമായി ഓഡീഷനിൽ പങ്കെടുത്ത് അതിലൂടെയാണ് തന്റെ സിനിമയിൽ അഭിനയിച്ചത്. 2021 വരെ താൻ കുട്ടിക്ക് ഒരു മെസ്സേജും അയച്ചിട്ടില്ല. പിന്നീട് തന്നെ കാണണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി സമീപിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബർ മുതൽ മെസ്സേജുകൾ അയക്കാൻ തുടങ്ങി. ഈ കുട്ടി എനിക്ക് അയച്ച മെസ്സേജുകളും 400ഓളം സ്ക്രീൻഷോട്ടുകളും കയ്യിൽ ഉണ്ട്. ഇവിടെ ഇര താനാണ്. ഇതിനെതിരെ കൗണ്ടർ കേസും മാനനഷ്ടക്കേസും നൽകും. പരാതിക്കാരിയും അവർക്ക് പിന്നിൽ നിന്നവരും മറുപടി പറയേണ്ടി വരുമെന്നും വിജയ് ബാബു പറഞ്ഞു.
പരാതിക്കാരിയുടെ പേര് ഉൾപ്പെടെ വെളിപ്പെടുത്തിക്കൊണ്ടായിരുന്നു ഫെയ്സ്ബുക്ക് ലൈവ്. താനും തന്റെ കുടുംബവും സുഹൃത്തുക്കളും വേദനിക്കുമ്പോൾ മറ്റെയാൾ മാത്രം കേക്കും തിന്ന് സുഖിക്കേണ്ട എന്ന് പറഞ്ഞു കൊണ്ടാണ് പേര് വെളിപ്പെടുത്തിയത്. ഇതിന്റെ പേരിൽ വരുന്ന എന്ത് കേസും നേരിടാൻ തയ്യാറാണ് എന്നും വിജയ് ബാബു പറഞ്ഞു.
ഈ മാസം 22നാണ് നടി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. എറണാകുളം തേവര പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ വിജയ് ബാബുവിനെ ചോദ്യം ചെയ്യാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്. ബലാത്സംഗം, ഗുരുതരമായി പരുക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.
Also Read: നടിയെ ആക്രമിച്ച കേസ്: കോടതിയിൽ നിന്ന് രഹസ്യരേഖ ചോർന്നിട്ടില്ലെന്ന് വിചാരണക്കോടതി