scorecardresearch

സിനിമാ സെറ്റിലെ ലഹരി ഉപയോഗം: കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്താനാവില്ലെന്ന് മന്ത്രി

വിശ്വസനീയമായ വിവരം ലഭിച്ചാൽ മാത്രമേ പരിശോധന നടത്താനാവൂ. അങ്ങനെ വിവരം ലഭിച്ചാൽ തീർച്ചയായും നടപടി ഉണ്ടാകും

MB Rajesh, cpm, ie malayalam

തിരുവനന്തപുരം: സിനിമാ സെറ്റിലെ ലഹരി ഉപയോഗത്തില്‍ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ പരിശോധന സാധ്യമല്ലെന്ന് എക്സൈസ് മന്ത്രി എം.ബി.രാജേഷ്. വിശ്വസനീയമായ വിവരം ലഭിച്ചാൽ മാത്രമേ പരിശോധന നടത്താനാവൂ. അങ്ങനെ വിവരം ലഭിച്ചാൽ തീർച്ചയായും നടപടി ഉണ്ടാകും. അക്കാര്യത്തിൽ ഒരു മേഖലയ്ക്കും ഇളവുണ്ടാകില്ലെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സിനിമാ ലൊക്കേഷനുകളിൽ ലഹരി ഉപയോഗമുണ്ടെന്ന പരാതി ലഭിച്ചാൽ പരിശോധന കർശനമാക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ.സേതുരാമൻ പറഞ്ഞിരുന്നു. ലൊക്കേഷനുകളില്‍ ഷാഡോ പൊലീസിന്റെ സാന്നിധ്യമുണ്ടാകുമെന്നും നിയമലംഘകര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തീരുമാനത്തെ നിർമ്മാതാവ് ചെയ്ത് നിര്‍മ്മാതാവ് സുരേഷ് കുമാര്‍ സ്വാഗതം ചെയ്തിരുന്നു. ലഹരി ഉപയോഗിച്ച് പ്രശ്‌നമുണ്ടാക്കുന്നവരെ ഷൂട്ടിങ് സെറ്റിന് ആവശ്യമില്ലെന്ന് സുരേഷ് കുമാർ പറഞ്ഞു.

ടിനി ടോം, ബാബുരാജ് ഉള്‍പ്പെടെയുള്ള സിനിമാപ്രവര്‍ത്തകര്‍ സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയിലായിരുന്നു സിനിമയിലെ ലഹരി ഉപയോ​ഗത്തെക്കുറിച്ച് ടിനി ടോം പരാമർശിച്ചത്.

”ലഹരിക്ക് അടിമയായ ഒരു നടനെ ഈയിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകൾ പൊടിഞ്ഞു തുടങ്ങി. ലഹരി ഉപയോഗിക്കുന്നതു കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നു പലരും പറയുന്നു. ഇപ്പോൾ പല്ല് , അടുത്തത് എല്ലു പൊടിയും. അതു കൊണ്ടു കലയാകണം നമുക്ക് ലഹരി,” ടിനി ടോം പറഞ്ഞു. ഒരു പ്രമുഖ നടന്റെ മകനായി അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും തന്റെ മകനെ സിനിമയില്‍ അഭിനയിക്കാന്‍ വിട്ടില്ലെന്നും സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ഭയം കാരണമാണ് ഭാര്യ മകനെ അഭിനയിക്കാന്‍ വിടാത്തതെന്നും ടിനി ടോം പറഞ്ഞിരുന്നു.

മലയാള സിനിമയിൽ ലഹരി ഉപയോഗിക്കുന്ന മുഴുവന്‍ നടന്‍മാരുടെയും ലിസ്റ്റ് താരസംഘടനയായ ‘അമ്മ’യുടെ പക്കലുണ്ടെന്നായിരുന്നു ഭരണസമിതിയംഗം ബാബുരാജിന്റെ വെളിപ്പെടുത്തല്‍. ഒരിക്കൽ ഒരു എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിന്തുടർന്നെത്തിയത് ഒരു വലിയ നടന്റെ വണ്ടിയുടെ പുറകെയാണ്. അന്ന് ആ വണ്ടി നിര്‍ത്തി പരിശോധിച്ചിരുന്നെങ്കില്‍ മലയാള സിനിമാ ഇന്‍ഡസ്ട്രി പിന്നെ ഇല്ല. അതൊക്കെ നഗ്നമായ സത്യങ്ങളാണെന്നും ബാബുരാജ് പറഞ്ഞിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Film industry drug usage action will take if information given says excise minister