തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകൻ എം.മോഹൻ വേദിയിൽ കുഴഞ്ഞു വീണു. തിരുവനന്തപുരത്ത് നടന്ന ‘എം.കൃഷ്ണൻ നായർ-എ ലൈഫ് ഇൻ ബ്ലാക്ക് ആൻഡ് വൈറ്റ്’ ഡോക്യുമെന്ററിയുടെ പ്രദർശനോദ്ഘാടന വേദിയിലായിരുന്നു സംഭവം. തലച്ചോറിൽ രക്തസ്രാവമുണ്ടായ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചടങ്ങിൽ പ്രസംഗം കഴിഞ്ഞ് തിരികെ ഇരിപ്പിടത്തിലേക്ക് എത്തിയ മോഹനു ദേഹാസ്വാസ്ഥ്യമുണ്ടാകുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽനിന്ന് വെന്റിലേറ്ററിലേക്കു മാറ്റി.
രണ്ട് പെൺകുട്ടികൾ, ശാലിനി എന്റെ കൂട്ടുകാരി, വിടപറയുംമുൻപേ, മംഗളം നേരുന്നു, രചന, ആലോലം, ഒരു കഥ ഒരു നുണക്കഥ, ഇസബെല്ല, പക്ഷേ, സാക്ഷ്യം, അങ്ങനെ ഒരു അവധിക്കാലത്ത് തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനാണ് മോഹൻ. അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം വിടപറയും മുമ്പേ എന്നീ സിനിമകൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. ഇരിങ്ങാലക്കുട സ്വദേശിയാണ്.