scorecardresearch

‘ഭാവനയെ കൊണ്ടുവന്നത് ഡ്രാമയുണ്ടാക്കാനല്ല, ദിലീപിനുവേണ്ടി ഒരിടത്തും വാദിച്ചിട്ടില്ല’; വിവാദങ്ങളെക്കുറിച്ച് രഞ്ജിത്ത്

ദിലീപിനെ ജയിലില്‍ പോയി കണ്ട സംഭവവുമായി ഇന്നലെ നടന്ന വലിയൊരു കാര്യത്തെ കൂട്ടിയോജിപ്പിക്കുന്നവരോട് പറയാനുള്ളത്, എന്നെ പേടിപ്പിക്കാന്‍ നോക്കേണ്ട, ഇതിലും വലിയ കാറ്റ് വന്നിട്ട് ഇളകിയിട്ടില്ലെന്ന് രഞ്ജിത്ത് പറഞ്ഞു

‘ഭാവനയെ കൊണ്ടുവന്നത് ഡ്രാമയുണ്ടാക്കാനല്ല, ദിലീപിനുവേണ്ടി ഒരിടത്തും വാദിച്ചിട്ടില്ല’; വിവാദങ്ങളെക്കുറിച്ച് രഞ്ജിത്ത്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സാംസ്കാരിക നയത്തിന്റെ സന്ദേശമായാണ് ഐഎഫ്എഫ്കെ ഉദ്ഘാടന വേദിയിലേക്ക് ഭാവനയെ ക്ഷണിച്ചതെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാര്‍ രഞ്ജിത്ത്.

“ഭാവന എന്നൊരു അഭിനേത്രിയെ കൊണ്ടുവന്ന് ഡ്രാമ കാണിക്കുകയല്ല ചെയ്തത്. ഭീകരാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട ലിസ ചലാന്‍ എന്ന കുര്‍ദിഷ് പെണ്‍കുട്ടിയെ ക്ഷണിച്ച് സ്പിരിറ്റ് ഓഫ് സിനിമ എന്നൊരു അവാര്‍ഡ് നല്‍കുക എന്നതാണ് മനസില്‍ വന്ന ചിന്ത. പിന്നീടാണ് എന്തുകൊണ്ട് ഭാവനയെ ക്ഷണിച്ചുകൂടാ എന്നൊരു ആശയം വന്നത്,” അദ്ദേഹം പറഞ്ഞു.

പക്ഷേ ഭാവന വരുമോ എന്നതില്‍ സഹപ്രവര്‍ത്തകര്‍ക്ക് സംശയമുണ്ടായിരുന്നു. ഞാന്‍ നേരിട്ടു വിളിക്കാമെന്ന് പറഞ്ഞു. അവര്‍ക്കുണ്ടായിരുന്ന ഒരു ആശങ്ക മീഡിയയുടെ ഭാഗത്തുനിന്ന് ഉണ്ടായേക്കാവുന്ന ചോദ്യങ്ങളായിരുന്നു. ഭാവനയ്ക്കുവേണ്ടി ഇത് രഹസ്യമായി വയ്ക്കുമെന്ന ഉറപ്പ് ഞാന്‍ നല്‍കുകയായിരുന്നുവെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

ദിലീപുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന വിവാദങ്ങളിലും രഞ്ജിത് മറുപടി പറഞ്ഞു. “ഞാന്‍ ഒരു ചാനലിന്റെയും അന്തിച്ചര്‍ച്ചയില്‍ വന്നിരുന്ന് അയാള്‍ക്കുവേണ്ടി വാദിച്ചിട്ടില്ല. അയാള്‍ അങ്ങനെയൊന്നും ചെയ്യില്ലെന്ന് ഒരിടത്തും എഴുതിയിട്ടുമില്ല, പറഞ്ഞിട്ടുമില്ല. ഇവിടെ പലരും പറഞ്ഞിട്ടുണ്ട്. സത്യത്തിൽ എനിക്കത് വിശ്വസിക്കാൻ ഇഷ്ടമല്ലായിരുന്നു. അവൻ അങ്ങനെ ചെയ്യുമോയെന്ന മാനസികാവസ്ഥയിലായിരുന്നു ഞാനും അന്ന്.”

”ഇയാളെ ജയിലില്‍ പോയി സന്ദർശിച്ചേക്കാമെന്നോര്‍ത്ത് ഒരു ദിവസം കുളിച്ച് ഒരുങ്ങി ഇറങ്ങിയതല്ല. ഞാന്‍ കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്കു പോകുകയായിരുന്നു. നടന്‍ സുരേഷ് കൃഷ്ണയും ഒപ്പമുണ്ടായിരുന്നു. അദ്ദേഹമാണ് പറഞ്ഞത് പോകുന്ന വഴിക്ക് ആലുവ സബ്ജയിലിലുള്ള ദിലീപിനെ കാണണമെന്ന്. ഞാന്‍ കാറിലിരുന്നോളാം, കണ്ടിട്ട് വന്നോളൂവെന്ന് മറുപടി നല്‍കി. എനിക്ക് കാണണമെന്ന് യാതൊരു വിചാരവുമുണ്ടായിരുന്നില്ല.”

”സുരേഷ് അകത്തേക്കു പോവാൻ തുടങ്ങുമ്പോൾ രണ്ടു മൂന്നു പേർ ക്യാമറയുമായി എന്റെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു. അവരുടെ ചോദ്യങ്ങൾ ഒഴിവാക്കാനാണ് ഞാനും പോയത്. എന്തുകൊണ്ടാണ് പുറത്തുനിൽക്കുന്നത്, അകത്തുപോകുന്നില്ലേ… എന്തും ചോദിക്കാമല്ലോ നിങ്ങൾക്ക്. ഇതിനേക്കാൾ സുരക്ഷിതമായി നിൽക്കാൻ കഴിയുക അകത്താണെന്നു തോന്നിയതുകൊണ്ട് സുരേഷെ ഞാനും വരാമെന്നു പറഞ്ഞു. പോയി ദിലീപിനോട് നമസ്കാരം പറഞ്ഞു, രണ്ടു വാക്ക് സംസാരിച്ചു. സുരേഷും ദിലീപും മാറിനിന്ന് സംസാരിച്ചു. ഞാനും ജയിൽ സൂപ്രണ്ടും അദ്ദേഹത്തിന്റെ മേശയിലിരുന്ന് സംസാരിച്ചു. ആകെ 10 മിനിറ്റ്.”

പുറത്തിറങ്ങിയിട്ട് ദിലീപ് നിരപരാധിയാണെന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. അത് കോടതിയുടെ മുന്നിലുള്ള കാര്യമാണ്. ഇപ്പോഴും വാദം പൂര്‍ത്തിയായിട്ടില്ല. അയാള്‍ പ്രതിയാണെങ്കില്‍ ശിക്ഷിക്കപ്പെടും. ഞാൻ ജയിലിൽ പോയി എന്നത് ഹൈലൈറ്റ് ചെയ്തിട്ട് ഇന്നലെ നടന്നൊരു വലിയൊരു കാര്യത്തെ കൂട്ടിയോജിപ്പിക്കുന്നവരോട് പറയാനുള്ളത്, എന്നെ പേടിപ്പിക്കാന്‍ നോക്കേണ്ട, ഞാൻ കുറേ കൊല്ലമായി, ഇതിലും വലിയ കാറ്റ് വന്നിട്ട് ഇളകിയിട്ടില്ല” എന്നും രഞ്ജിത്ത് പറഞ്ഞു.

Also Read: യുക്രൈനിന്റെ ‘നിഷ്പക്ഷത’ യുദ്ധം അവസാനിപ്പിക്കാന്‍ സഹായിക്കുമോ?

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Film academy chairman ranjith on dileep controversy