തിരുവനന്തപുരം: ആരോഗ്യ വകുപ്പിൽനിന്നും കാണാതായ ഫയലുകള്‍ കോവിഡ് കാല ഇടപാടുമായി ബന്ധപ്പെട്ടതല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വളരെ പഴയ ഫയലുകളാണ് കാണാതായതെന്നും കെഎംഎസ്സിഎല്‍ രൂപീകൃതമായതിന് മുമ്പുള്ള ഫയലുകളാണിതെന്നും മന്ത്രി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്നും ഫയലുകൾ കാണാതായ സംഭവത്തിൽ കൃത്യമായ വിവരങ്ങൾ നൽകണമെന്ന് പൊലീസ്. ഇക്കാര്യം ആവശ്യപ്പെട്ട് കന്റോൺമെന്റ് പൊലീസ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് കത്ത് നൽകി. വിവരങ്ങൾ നൽകാത്തതിനാൽ കേസെടുക്കാൻ കഴിയുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.
അഞ്ഞൂറിലധികം സുപ്രധാന ഫയലുകളാണ് കാണാതായത്. സർക്കാർ ആശുപത്രികൾക്ക് ആവശ്യമായ മരുന്നും ഉപകരണങ്ങളും വാങ്ങാൻ തയ്യാറാക്കിയ ഇൻഡന്റുമുതൽ ഓഡിറ്റ് നിരീക്ഷണങ്ങൾവരെ അടങ്ങിയ ഫയലുകൾ ഇക്കൂട്ടത്തിലുണ്ട്. അലമാരകളിലും ഷെൽഫുകളിലുമായാണ് ഫയലുകൾ സൂക്ഷിച്ചിരുന്നത്.
ഡയറക്ടറേറ്റിലെ ജീവനക്കാർ അറിയാതെ ഇത്രയും ഫയലുകൾ നഷ്ടമാകില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആരോഗ്യവകുപ്പ് വിജിലൻസ് വിഭാഗവും പ്രത്യേക അന്വേഷണം തുടങ്ങി.