മലപ്പുറം: പെരിന്തൽമണ്ണയിൽ മുസ്‌ലിം ലീഗ് – എസ്എഫ്ഐ സംഘർഷം. അങ്ങാടിപ്പുറം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് മുസ്‌ലിം ലീഗ് – എസ്എഫ്ഐ സംഘർഷത്തിൽ കലാശിച്ചത്.
കോളേജിൽ സ്ഥാപിച്ച എംഎസ്എഫ് കൊടിമരം കഴിഞ്ഞ ദിവസം അർധരാത്രിയിൽ അജ്ഞാതർ നശിപ്പിച്ചിരുന്നു. ഇത് എസ്എഫ്ഐ പ്രവർത്തകരാണെന്ന് ആരോപിച്ച് ലീഗ് നേതാക്കളും എംഎസ്എഫ് പ്രവർത്തകരും കോളേജിനുള്ളിൽ കയറി വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിച്ചിരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ അറക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോളേജിൽ കയറി വിദ്യാർഥികളെ മർദ്ദിച്ചത്. സംഘർഷം തടയാൻ എത്തിയ കോളേജിലെ അധ്യാപകരെയും ലീഗ് പ്രവർത്തകർ മർദ്ദിച്ചു.
ലീഗ് ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നഗരത്തിൽ നടത്തിയ മാർച്ച് വൻസംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പെരിന്തൽമണ്ണയിലെ മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തു. ഓഫീസിൽ ഉണ്ടായിരുന്ന കസേരകളും ടിവിയും പ്രവർത്തകർ തകർത്തു. സ്ഥലത്തുണ്ടായിരുന്ന ലീഗ് പ്രവർത്തകരെയും എസ്എഫ്ഐക്കാർ വെറുതെ വിട്ടില്ല.
ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ച് ലീഗ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.