അണ്ടർ 17 ഫിഫ ലോകകപ്പ് ദിവസങ്ങൾ മാത്രം അകലെയാണ് നിൽക്കുന്നത്. ഈ സമയത്താണ് കൊച്ചിയിലെ മത്സര നടത്തിപ്പിനെ തന്നെ ബാധിക്കുന്ന തർക്കം കോടതി കയറിയത്. ഇന്ന് അഡ്വക്കേറ്റ് ജനറലിന്റെയും ഫിഫയുടെയും ഭാഗം കേട്ട ശേഷം സ്റ്റേഡിയം കോംപ്ലക്സിലെ കടകളും സ്ഥാപനങ്ങളും അടച്ചുപൂട്ടണമെന്ന് കോടതി നിർദ്ദേശിച്ചു. അമ്പത് ലക്ഷം രൂപയാണ് കടയുടമകൾക്കുണ്ടാകുന്ന നഷ്ടം നികത്താൻ ജില്ലാ കലക്ടറോട് കോടതി മുൻകൂറായി കെട്ടിവയ്ക്കാൻ ആവശ്യപ്പെട്ടത്.

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ മുറികൾ ലീസിനെടുത്തവരോട്, ഇന്ന് (സെപ്റ്റംബർ 15) മുതൽ അടുത്ത 37 ദിവസത്തേക്ക് കടയടക്കാനാണ് ജിസിഡിഎ ആവശ്യപ്പെട്ടത്. അണ്ടർ 17 ലോകകപ്പിലെ കൊച്ചിയിലെ മത്സരങ്ങൾ പൂർത്തിയാകുന്നത് വരെ ഇനി ഇവർക്ക് കടകൾ തുറക്കാനാവില്ല.

“ഈ ടീ ഷോപ്പിൽ നാല് തൊഴിലാളികളാണുള്ളത്.  അവരിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ രണ്ട് മാസത്തേക്ക് നാട്ടിലേക്ക് അയച്ചു. എന്റെ ഭാര്യ നടത്തുന്ന തുണിക്കടയും ഇതേ കോംപ്ലക്സിൽ പ്രവർത്തിക്കുന്നുണ്ട്. അവിടെ തുന്നൽ ജോലി ചെയ്യുന്ന പത്തോളം സ്ത്രീകളാണ് ഉള്ളത്. അവരുടെയെല്ലാം ഉപജീവനമാർഗ്ഗമാണിത്. തൽക്കാലത്തേക്ക് അവരെയെല്ലാം ഞങ്ങളുടെ വീടിന്റെ ടെറസിലേക്ക് മാറ്റിയിരിക്കുകയാണ്”, ഇത് പറയുമ്പോൾ 40 ദിവസത്തെ കച്ചവടം മുഴുവനായും നഷ്ടപ്പെട്ടതിലെ കടുത്ത നിരാശയും നിസ്സഹായതയും ഈ കടയുടമയുടെ  മുഖത്തുണ്ട്.

Also Read: അണ്ടർ-17 ലോകകപ്പ്: കലൂർ സ്‌റ്റേഡിയത്തിന് സമീപത്തെ കടകൾ ഒഴിപ്പിച്ചില്ലെങ്കിൽ വേദി മാറ്റുമെന്ന് ഫിഫ

പത്തോളം ഭക്ഷണശാലകളാണ് ഇവിടെയുള്ളത്. കഞ്ഞിക്കട മുതൽ മുകളിലേക്ക് ന്യൂജൻ കോഫി ഷോപ്പുകൾ വരെയുണ്ട് ഇവിടെ. വൈകുന്നേരങ്ങളിൽ ഏറ്റവും തിരക്കേറിയ രണ്ട് ടീ ഷോപ്പുകളുള്ളത് സ്റ്റേഡിയത്തിന്റെ കിഴക്ക് ഭാഗത്താണ്. തെക്ക് ഭാഗത്തായി ഏറെ പേർ ഭക്ഷണം കഴിക്കാനെത്തുന്ന ഒരു ഹോട്ടൽ. കോംപ്ലക്സിന്റെ മറ്റ് ഭാഗങ്ങളിലായി കോഫി ഷോപ്പുകളും ഉണ്ട്.

ഒരു കടയിൽ ഏറ്റവും ചുരുങ്ങിയത് അഞ്ച് ജീവനക്കാരാണ് ഉള്ളത്. ഈ ഭക്ഷണശാലകളിൽ മാത്രം അമ്പതിലധികം ജീവനക്കാരുണ്ട്. പതിനായിരം രൂപ മിനിമം വേതനം വച്ച് കണക്കുകൂട്ടിയാൽ തന്നെ അമ്പത് പേർക്കുള്ള വേതനം മാത്രം അഞ്ച് ലക്ഷം വരും. ഇതിൽ മാസം പത്ത് ലക്ഷം മുതൽ മുകളിലേക്ക് 40 ലക്ഷം വരെ വിറ്റുവരവുള്ള   ഹോട്ടലുകളുമുണ്ട്.

ഇവയ്ക്ക് പുറമേയാണ് സ്റ്റേഡിയത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസികൾ. റിക്രൂട്ട്മെന്റ് ഏജൻസികൾ, ഐടി കമ്പനികൾ,  ദിനപ്പത്രം ഓഫീസ് തുടങ്ങിയവ വേറെയും. 100 ഓളം സ്ഥാപനങ്ങളിൽ ഏറ്റവും ചുരുങ്ങിയത് 500 പേരെങ്കിലും ദിവസവേതനത്തിന് തൊഴിൽ ചെയ്യുന്നവരുണ്ട്. 2500 ലധികം പേർ സ്റ്റേഡിയം കോംപ്ലക്സിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. പ്രതിമാസ വേതനത്തിന്.

സുരക്ഷ കാരണങ്ങൾ മുൻനിർത്തി ഫിഫ ഒരാവശ്യം പറയുമ്പോൾ അത് പ്രാവർത്തികമാക്കാതെ പറ്റില്ല. എന്നാൽ അവിടെയാണ് ഹൈക്കോടതിയുടെ നിരീക്ഷണത്തിന്റെ പ്രസക്തി.

Also Read: കലൂർ സ്റ്റേഡിയത്തിലെ കടകൾ ഒഴിയാൻ ഹൈക്കോടതി നിർദ്ദേശിച്ചു; കളക്ടർ പണം കെട്ടിവയ്ക്കണം

ഈ കോംപ്ലക്സുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കേണ്ട ബാധ്യത ആർക്കാണെന്നാണ് ഹൈക്കോടതി ചോദിച്ചത്. 40 ഓളം ദിവസം കട അടച്ചിടുമ്പോൾ ഞങ്ങളുടെ ജീവിതച്ചെലവുകൾ  മുന്നോട്ട് പോകുന്നതെങ്ങിനെയെന്ന് കടയുടമകളും ചോദിക്കുന്നു.

കോടിക്കണക്കിന് രൂപ പ്രതിമാസം കൈമാറ്റം ചെയ്യപ്പെടുന്ന എണ്ണമറ്റ സ്ഥാപനങ്ങളാണ് സ്റ്റേഡിയം കോംപ്ലക്സിലുള്ളത്. ഈ വർഷം ഏപ്രിൽ ആദ്യവാരം ഫിഫ അണ്ടർ 17 ലോകകപ്പ് ഡയറക്ടർ ഹാവിയർ ചെപ്പി കൊച്ചിയിലെത്തിയപ്പോൾ സ്റ്റേഡിയം കോംപ്ലക്സിലെ കടകളും മറ്റ് സ്ഥാപനങ്ങളും അടയ്ക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. കടകൾ ഒഴിപ്പിക്കാമെന്ന് ജിസിഡിഎ സമ്മതിച്ചതുമാണ്. എന്നാൽ കടയുടമകളോട് ഇക്കാര്യം ആവശ്യപ്പെട്ട് ജിസിഡിഎ കത്തയക്കാൻ വൈകി.

“ഔദ്യോഗികമായിട്ടല്ലെങ്കിലും അവരെയെല്ലാവരെയും നേരത്തേ തന്നെ ഇക്കാര്യം അറിയിച്ചിരുന്നു” എന്നാണ് ജിസിഡിഎ ചെയർമാൻ സി.എൻ. മോഹനൻ ഐഇ മലയാളത്തോട് പറഞ്ഞത്. “ആവശ്യത്തിന് സമയം നൽകിയാണ് ഒഴിയാൻ നോട്ടീസ് നൽകിയത്. പിന്നെ ഇവരെല്ലാം ആരോപിക്കുന്ന കാര്യം മറ്റ് മൈതാനങ്ങളിലൊന്നും കടകളില്ലെന്നാണ്. കൊൽക്കത്തയിലെ സാൾട്ട് ലേക് സ്റ്റേഡിയം കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ത്രീ സ്റ്റാർ ഹോട്ടലിൽ പോയി ഞാൻ ഭക്ഷണം കഴിച്ചിട്ടുണ്ട്”, സി.എൻ.മോഹനൻ പറഞ്ഞു.

ഇവിടെ, മിക്കവാറും എല്ലാ സ്ഥാപനങ്ങളിലും അടിയന്തിര ഘട്ടങ്ങളിൽ വൈദ്യുതി ലഭ്യമാക്കാൻ ജനറേറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത്രയേറെ ജനറേറ്ററുകൾ സ്റ്റേഡിയം കോംപ്ലക്സിലുള്ളതാണ് ഹാവിയർ  ചെപ്പിയെ ആശങ്കയിലാഴ്ത്തിയത്. ഈയടുത്ത കാലത്തായി യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലായി വർധിച്ച ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഫിഫ തങ്ങളുടെ ടൂർണമെന്റിനെല്ലാം വലിയ പ്രാധാന്യമാണ് നൽകുന്നത്.

ഒഴിപ്പിക്കാൻ പറയുമെന്ന് കരുതിയില്ല

“ഓഗസ്ത് 31 നാണ് അവർ ഞങ്ങൾക്ക് നോട്ടീസ് നൽകിയത്. നേരത്തേ ഇങ്ങിനെ അഭ്യൂഹം കേട്ടിരുന്നു. പക്ഷെ അടയ്ക്കാൻ പറയുമെന്ന് കരുതിയിരുന്നില്ല. ഈ സ്റ്റേഡിയം തുറന്ന് ഇതുവരെ ആകെ രണ്ട് മത്സര ദിവസങ്ങളിൽ മാത്രമാണ് കട അടയ്ക്കാൻ പറഞ്ഞത്. അതുകൊണ്ടുതന്നെ കട അടക്കേണ്ടി വരുമെന്ന് കരുതിയിരുന്നില്ല”, ഒരു കടയുടമ പറഞ്ഞു.

മുൻപ് കളിദിവസങ്ങളിൽ പോലും കടകൾ ഒഴിയാൻ ജിസിഡിഎ ആവശ്യപ്പെടാതിരുന്നത് കൊണ്ട് ഇങ്ങിനെയൊരു നീക്കം കടയുടമകൾ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ 40 ദിവസത്തോളം തുടർച്ചയായി കട അടച്ചിടണമെന്ന നോട്ടീസ് ഓഗസ്റ്റ് 31 ന് ജിസിഡിഎ ഇവർക്ക് നൽകിയതോടെ ഇവരെല്ലാവരും പ്രതിസന്ധിയിലായി.

“എന്റേത് ഒരു ഹോട്ടലാണ്. 30 ഓളം ജീവനക്കാരുണ്ട്. 40 ദിവസം അവധിയായാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളെ പിന്നെ വിളിച്ചാൽ കിട്ടില്ല. ഇടവേള കഴിഞ്ഞ് കട തുറന്നാലും കച്ചവടം പഴയ പടിയാകണമെങ്കിൽ ഏറെ നാൾ പിടിക്കും”, പരപ്പനങ്ങാടി സ്വദേശിയായ അസ്‌ലം പറഞ്ഞു.

തങ്ങൾ കളിദിവസങ്ങളിൽ കട അടച്ചിടാൻ തയാറാണെന്നും അതല്ലെങ്കിൽ കളിയുടെ തൊട്ട് മുന്നിലെ ദിവസം ഒഴിഞ്ഞുതരാമെന്നും ഇവർ പറയുന്നു. അസ്‌ലം അടക്കം 45 ഓളം സ്ഥാപന ഉടമകൾ ചേർന്ന് സംയുക്തമായാണ് ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. കടയുടമകളുടെ പക്ഷത്ത് നിന്ന് തന്നെ കാര്യങ്ങൾ തിരക്കിയ കോടതിക്ക് പക്ഷെ, എതിർഭാഗം ഉന്നയിച്ച സുരക്ഷാ മാനദണ്ഡങ്ങളെ തള്ളിക്കളയാനും സാധിച്ചില്ല.

അവധി ദിവസങ്ങൾക്കായി കാത്തിരുന്ന് ജിസിഡിഎ

മാസങ്ങൾക്ക് മുൻപ് തന്നെ ഫിഫ ടൂർണമെന്റ് ഡയറക്ടർ ഹാവിയർ  ചെപ്പി ജിസിഡിഎയ്ക്ക് കടകൾ അടയ്ക്കാൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇക്കാര്യം ജിസിഡിഎ കട ഉടമകളെ അറിയിച്ചത്  ബക്രീദ്-ഓണം അവധികൾക്ക് തൊട്ട് മുൻപിലാണ്.

“ഏറ്റവും ചുരുങ്ങിയത് ഒരു മാസം മുൻപെങ്കിലും ഒരു അറിയിപ്പ് തരണമല്ലോ. ജിസിഡിഎ ആവശ്യപ്പെട്ടത് അനുസരിച്ച് സെപ്റ്റംബർ 15 ന് ആണ് ഒഴിയേണ്ടിയിരുന്നത്. ഓഗസ്റ്റ് 30,31 തീയതികളിലായാണ് എല്ലാവരും നോട്ടീസ് കൈപ്പറ്റിയത്. പിന്നെ തുടങ്ങി ബക്രീദും ഓണവുമായി. തുടർച്ചയായ അവധി ദിവസങ്ങൾ. കോടതിയെയോ ജിസിഡിഎയോ സമീപിക്കാനാവാത്ത സ്ഥിതി. ഈ ഇടവേളയിൽ ഒൻപത് ദിവസവും അവധിയായിരുന്നു. ഒരു ഉഭയകക്ഷി ചർച്ചയ്ക്കുള്ള സമയം പോലും നൽകാതെ ഏകപക്ഷീയമായി സ്വന്തം തീരുമാനം നടപ്പാക്കാനായിരുന്നില്ലേ ജിസിഡിഎയുടെ ശ്രമം”, പേര് വെളിപ്പെടുത്താൻ തയാറാകാത്ത  മറ്റൊരു കടയുടമ ചോദിച്ചു.

“ഫിഫ മത്സരം നടത്തി തിരികെ പോകും. ഞങ്ങൾ നാളെയും ജിസിഡിഎയുമായി ബന്ധപ്പെടേണ്ടതാണ്. വല്ലതും പറഞ്ഞ് കൂടുതൽ പ്രശ്നമായാൽ ഞങ്ങൾക്ക് തന്നെയാകും ബുദ്ധിമുട്ട്,”അദ്ദേഹം കൂട്ടിച്ചേർത്തു. ജിസിഡിഎ ഉത്തരവ് ഏകപക്ഷീയമാണെന്ന് വിമർശിക്കുമ്പോൾ പോലും തങ്ങളുടെ പേര് വെളിപ്പെടുത്താൻ ഭൂരിഭാഗം കടയുടമകളും തയാറായില്ല.

“നിങ്ങൾക്കറിയാമോ, ഒരു കച്ചവടക്കാരന്റെ പണമിടപാട് മുഴുവൻ റോളിങ്ങാണ്. ഒരിടത്ത് ഈ കണ്ണിക്ക് പൊട്ടലുണ്ടായാൽ പിന്നെ കണ്ണ്ചിമ്മി തുറക്കുന്ന നേരം കൊണ്ട് മുഴുവൻ കടം കയറും. ആ സാഹചര്യത്തിൽ 40 ദിവസം കടയടച്ചാലുള്ള സ്ഥിതിയൊന്ന് നോക്കൂ. എത്ര ലക്ഷം രൂപയാണ് കടം വരികയെന്ന് ആലോചിച്ചിട്ട് ഒരെത്തും പിടിയുമില്ല. നെഞ്ചിൽ തീയാണ്,” അദ്ദേഹം പറഞ്ഞു.

തത്കാലത്തേക്ക് ഞങ്ങൾ പ്രവർത്തനം വീട്ടിലേക്ക് മാറ്റിയെന്ന് ഒരു ട്രാവൽ ഏജൻസി ഉടമ പറഞ്ഞു. മിക്കവരും ദിവസവേതന തൊഴിലാളികൾക്ക് നാട്ടിൽ പോകാൻ അവധി നൽകി. ഇനി അവർ തിരികെ വരുമോ ഇല്ലയോ എന്നതാണ് എല്ലാവരുടെയും സംശയം.

മറ്റൊരു പരിഹാരവും സാധ്യമായിരുന്നില്ലേ?

കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ പ്രഖ്യാപനം മറൈൻ ഡ്രൈവ് മൈതാനത്തെ പ്രസംഗ വേദിയിൽ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ നടത്തുമ്പോൾ വിമർശനങ്ങളും ഏറെ ഉയർന്നിരുന്നു. പാഴ്‌ച്ചിലവാകുമെന്നും, സ്റ്റേഡിയം കാത്തുസൂക്ഷിക്കാൻ തന്നെ ബുദ്ധിമുട്ടാകുമെന്നെല്ലാം വാദങ്ങളുയർന്നു.

“അന്ന് വിമർശനങ്ങളെ കരുണാകരൻ മറികടന്നത് ഈ കടമുറികൾ ചൂണ്ടിക്കാട്ടിയായിരുന്നു. ഈ കടമുറികളിലെ വരുമാനത്തിൽ നിന്ന് സ്റ്റേഡിയം നടത്തിക്കൊണ്ടുപോകാനാകും എന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്കിവിടെ രണ്ട് മുറികളുണ്ട്. ഒന്നിൽ തുണിക്കടയാണ്. ഒന്നിൽ ടീ ഷോപ്പും. എന്റെ ഉപജീവനമാണിത്. സ്റ്റേഡിയത്തിന്റെ നിലനിൽപ്പ് ഈ മുറികളിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് തന്നെയല്ലേ”, പള്ളിപ്പറമ്പ് റോഡിൽ താമസക്കാരനായ ജോസഫ് (പേര് യഥാർത്ഥമല്ല) ചോദിക്കുന്നു.

കടമുറികൾ ഒഴിപ്പിക്കണമെന്ന് ഫിഫ പറഞ്ഞ സമയത്ത് തന്നെ ജിസിഡിഎയ്ക്ക് ഇക്കാര്യം ഞങ്ങളോട് പറയാമായിരുന്നില്ലേ എന്നാണ് ഇവർ ഉന്നയിക്കുന്ന ചോദ്യം. അങ്ങിനെയായിരുന്നെങ്കിൽ ഇക്കാര്യത്തിൽ രണ്ടുഭാഗവും കേട്ടശേഷം ഒരു സമവായം കണ്ടെത്താനും സാധിച്ചേനെ. ഫിഫയുടെ ഫുട്ബോൾ മാമാങ്കത്തിന്റെ ആരവങ്ങളിൽ കലൂർ സ്റ്റേഡിയത്തിൽ കായിക ലഹരി പതഞ്ഞുയരുമ്പോൾ ആരും കാണാത്ത അരികുകളിലേ ഈ സാധാരണക്കാർക്ക് ഇരിപ്പിടം ലഭിക്കൂ. നൂറ് സ്ഥാപനങ്ങൾക്കായി കോടതി നീക്കിവച്ച അമ്പത് ലക്ഷം വീതിച്ചാലും ഇല്ലെങ്കിലും ഇവരുടെ നഷ്ടത്തിന് അതൊരു പരിഹാരമേ ആവുകയില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.