കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പിന്റെ കൊച്ചിയിലെ ആദ്യ കളി ആരംഭിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേ കൊച്ചി കനത്ത സുരക്ഷ വലയത്തിൽ. സ്റ്റേഡിയത്തിലെ സീറ്റുകൾ വെട്ടിച്ചുരുക്കിയതോടെ കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പന തടയാനാണ് പൊലീസിന്റെ ശ്രമം.

ഇതിനായി 20 അംഗ നിഴൽപൊലീസിനെ കൊച്ചിയിൽ വിന്യസിച്ചിട്ടുണ്ട്. ഷാഡോ പൊലീസ് എസ്ഐ ഹണി കെ.ദാസിനാണ് മേൽനോട്ട ചുമതല.

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ മത്സരത്തിന് വലിയ തോതിൽ കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപ്പന നടന്നിരുന്നു. ഏഴ് പേരെ വിവിധ കേസുകളിൽ ഷാഡ പൊലീസ് അന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ ശക്തമായി ഷാഡോ പൊലീസ് രംഗത്തിറങ്ങിയിരിക്കുന്നത്.

“കരിഞ്ചന്തയാണ് കൊച്ചിയിൽ നാളെ പ്രതീക്ഷിക്കുന്ന പ്രധാന പ്രശ്നം.  അണ്ടർ 17 ലോകകപ്പ് ടിക്കറ്റുകൾ വിൽപ്പന ആരംഭിച്ച ഉടൻ തന്നെ വൻതോതിൽ വിറ്റുപോയിരുന്നു. സീറ്റുകളുടെ എണ്ണം 32000 ആക്കി ചുരുക്കിയതിനാൽ ബഹുഭൂരിഭാഗം വരുന്ന ഫുട്ബോൾ പ്രേമികൾക്കും ടിക്കറ്റ് വാങ്ങാൻ സാധിച്ചിട്ടില്ല. ഇതൊരു വെല്ലുവിളിയാണ്”, ഹണി കെ ദാസ് ഐഇ മലയാളത്തോട് പറഞ്ഞു.

55000 പേർക്ക് ഇരിക്കാവുന്ന കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ സീറ്റ് ഫിഫ 29000 ആക്കി ചുരുക്കിയിരുന്നു. സുരക്ഷ കാരണങ്ങൾ മുൻനിർത്തിയാണ് ഫിഫ ഇത്തരത്തിൽ തീരുമാനം എടുത്തത്.

ടിക്കറ്റ് വിൽപ്പന ആരംഭിച്ച ആദ്യ ഘട്ടത്തിൽ ഒരാൾക്ക് പത്ത് വരെ ടിക്കറ്റുകൾ വാങ്ങാൻ സാധിച്ചിരുന്നു. 40 രൂപ നിരക്കിലാണ് ആദ്യം ഗാലറി ടിക്കറ്റുകൾ വിറ്റിരുന്നത്. ഈ സാഹചര്യത്തിൽ ആദ്യ ഘട്ടത്തിൽ തന്നെ വലിയ നമ്പറുകളിൽ വിറ്റുപോയ ടിക്കറ്റുകൾ കരിഞ്ചന്തയിൽ എത്തിയേക്കുമെന്നാണ് സംശയിക്കുന്നത്.

“ഇന്ത്യൻ സൂപ്പർ ലീഗ് പോലെയല്ല ഫിഫ ലോകകപ്പ് നടക്കുന്നത്. കനത്ത സുരക്ഷ വലയത്തിലാണ്. പൊലീസ് കനത്ത സുരക്ഷ തന്നെ ഒരുക്കിയിട്ടുണ്ട്.” കൊച്ചി സിറ്റി പൊലീസ് ഡപ്യൂട്ടി കമ്മിഷണർ കറുപ്പുസ്വാമി പറഞ്ഞു.

1000 രൂപയ്ക്ക് മുകളിലേക്കാണ് കരിഞ്ചന്തയിൽ ഇപ്പോൾ ടിക്കറ്റ് വിൽക്കുന്നത്. നാളെ 500 നും 2000 നും ഇടയിൽ ടിക്കറ്റിന് വില ഈടാക്കാൻ സാധ്യതയുള്ളതായാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. വിൽപ്പന തടയാൻ ശക്തമായി തന്നെ ഇടപെടുമെന്ന് കൊച്ചി സിറ്റി പൊലീസ് വ്യക്തമാക്കി. പോക്കറ്റടി, പിടിച്ചുപറി, മാലമോഷണം തുടങ്ങിയവയും ഇതോടൊപ്പം നിരീക്ഷിക്കുന്നുണ്ടെന്നും കളി കാണാനെത്തുന്ന സ്ത്രീകൾ സ്വർണ്ണാഭരണങ്ങൾ ധരിക്കരുതെന്നും പൊലീസ് നിർദ്ദേശിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.