തൃശ്ശൂർ: ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റി തൃശ്ശൂരിൽ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. ഉത്രാളിക്കാവ് പൂരത്തിന് വെടിക്കെട്ട് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ഹർത്താലിന് ആഹ്വാനം നടന്നത്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ സംസ്ഥാനം ഓർഡിനൻസ് പുറപ്പെടുവിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താലിന് ആഹ്വനം ചെയ്തിരിക്കുന്നത്. രാവിലെ പത്ത് മണഇക്ക് സ്വരാജ് ഗ്രൗണ്ടിൽ ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റിയുടെ പ്രതിഷേധ റാലി നടക്കും.

തൃശൂർ പൂരത്തിന് വെടിക്കെട്ട് ഉൾപ്പെടെയുള്ള ആഘോഷങ്ങൾ മുൻവർഷത്തപ്പോലെ നടത്താൻ മന്ത്രിസഭ ഇന്നലെ അനുമതി നൽകിയിരുന്നു. ഇതിനുപിന്നാലെ മന്ത്രി വി.എസ്.സുനിൽ കുമാറിന്റെ നിർദേശ പ്രകാരം തൃശൂർ ജില്ലാ കലക്ടറുമായും എഡിഎമ്മുമായും ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ ചർച്ച നടത്തി. എന്നാൽ ചർച്ച പരാജയപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് സമരപരിപാടികളുമായി മുന്നോട്ടു പോകാൻ കമ്മിറ്റി തീരുമാനിച്ചത്.

ജില്ലയിലെ പ്രശസ്തമായ ഉൽസവങ്ങളിലൊന്നാണ് ഉത്രാളിക്കാവ് പൂരം. ഉൽസവ കൊടിയേറ്റിന്റെ ഭാഗമായി നടത്താറുളള വെടിക്കെട്ടിനാണ് അനുമതി ലഭിക്കാത്തത്. ഇതേത്തുടർന്നാണ് ഹർത്താലിനു ആഹ്വാനം ചെയ്തത്.  കോൺഗ്രസ്, ബിജെപി എന്നീ രാഷ്ട്രീയ പാർട്ടികളും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ