കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ രംഗത്ത് മലബാറിലെ ഏറെ പഴക്കമുള്ള ഫറൂഖ് കോളേജ് ലിംഗ വിവേചനവുമായി ബന്ധപ്പെട്ട് ആദ്യം വിവാദ കുരുക്കിലാകുന്നത് 2015ലാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നു എന്ന പേരില്‍ ദിനു എന്ന വിദ്യാര്‍ഥിക്കെതിരെ മാനേജ്മെന്റ് നടപടിയെടുത്തതാണ് അന്ന് വാര്‍ത്തയായത്. കേസില്‍ ഇടപെട്ട യുവജന കമ്മീഷന്, ഫറൂഖ് കോളേജ് സ്വയം ഭരണാധികാരം ദുര്‍വിനിയോഗം ചെയ്യുന്നതായി അന്ന് വിമര്‍ശിച്ചിരുന്നു. മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ ഹോളി ആഘോഷിച്ച വിദ്യാര്‍ഥികളെ ഒരു സംഘം അദ്ധ്യാപകര്‍ മര്‍ദ്ദിച്ചതും കോളേജ് വിദ്യാര്‍ഥിനികളുടെ മാറിടത്തെ വത്തക്കയുമായ് ഉപമിച്ചതുമായ അദ്ധ്യാപകന്റെ പ്രസംഗവും ഫറൂഖ് കൊളേജിനെ പുതിയ വിവാദ കുരുക്കില്‍ വീഴ്ത്തിയിരിക്കുകയാണ്. ഈയൊരു പശ്ചാത്തലത്തില്‍ ഫറൂഖിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്നുകൊണ്ട് വസ്തുതകളിലേക്കൊരു അന്വേഷണം.
ലിംഗവിവേചനത്തിന്റെ ഫറൂഖ് മാതൃകകള്‍
ക്ലാസ് മുറികളും ഹോസ്റ്റലും മുതല്‍ ക്യാംപസിലെ പൊതു ഇടങ്ങളിലടക്കം വിവിധ തരം വിവേചനങ്ങളിലൂടെയാണ് ഫറൂഖ് കോളേജിലെ വിദ്യാര്‍ഥികള്‍ ദിവസേന കടന്നുപോകുന്നത്. അച്ചടക്കം എന്ന പേരില്‍ അടിച്ചേല്‍പ്പിക്കുന്ന ഈ വിവേചനങ്ങളില്‍ കോളേജ് മാനേജ്മെന്റ്, അദ്ധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങി ‘നാട്ടുകാര്‍’ വരെ ഭാഗമാകുന്നു എന്നാണ് വിദ്യാര്‍ത്ഥികളുടെ പക്ഷം.
2015ലെ സംഭവത്തിന് ശേഷം ക്ലാസ് മുറികള്‍ കൂടുതല്‍ സ്വതന്ത്രമാവുകയും സദാചാര പൊലീസിങ് കുറഞ്ഞു വരികയും ചെയ്തിട്ടുണ്ട് എന്ന് തുറന്ന് സമ്മതിക്കുമ്പോഴും അച്ചടക്കം എന്ന പേരില്‍ കടുത്ത രീതിയില്‍ തന്നെയാണ് ഹോസ്റ്റലുകളില്‍ ലിംഗവിവേചനം തുടരുന്നത് എന്ന് ദിനു ആരോപിക്കുന്നു.
“അന്ന് യുവജന കമ്മീഷനും മറ്റും ഇടപെട്ടതുകൊണ്ട് ക്ലാസ് മുറികളില്‍ സദാചാര പൊലീസിങ് കുറഞ്ഞു. എന്നാല്‍ അത് നടപടിയെ ഭയന്നു കൊണ്ട് മാത്രം വരുത്തിയ അയവാണ് എന്ന് വേണം മനസ്സിലാക്കാന്‍. കോളേജ് തങ്ങളുടെ സ്വയംഭരണാധികാരം ദുരുപയോഗം ചെയ്യുകയാണ് എന്ന റിപ്പോര്‍ട്ടില്‍ അപ്പോള്‍ തന്നെ കോളേജ് സ്റ്റേ വാങ്ങിയിരുന്നു. ക്യാംപസിലെ പരിപാടികള്‍ നടക്കുന്ന ഹാളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇപ്പോഴും രണ്ടായി തന്നെയാണ് ഇരിക്കുന്നത്. അതാണ് അവിടത്തെ നിയമം,” മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ദിനു പറഞ്ഞു.
ഫറൂഖ് കോളേജ് ഹോസ്റ്റലുകളില്‍ നടക്കുന്ന ലിംഗവിവേചനം കൂടുതല്‍ പ്രത്യക്ഷമാണ് എന്നാണ് വിദ്യാര്‍ഥിനികളുടെ പക്ഷം. രണ്ട് ഹോസ്റ്റലുകളിലായി മുന്നൂറോളം പെണ്‍കുട്ടികളും സ്ത്രീകളുമാണ് ഹോസ്റ്റലില്‍ കഴിയുന്നത്. രേഖകളില്‍ പുരുഷന്മാരുടെ ഹോസ്റ്റലിലുള്ള അതേ നിയമങ്ങള്‍ ആണ് സ്ത്രീകളുടെ ഹോസ്റ്റലിലെങ്കിലും അത് കടലാസില്‍ മാത്രം ഒതുങ്ങുന്നവയാണ്.
സ്ത്രീകള്‍ കടന്നു പോകേണ്ടി വരുന്ന അധിക നിയമങ്ങളും പൊലീസിങ്ങും നിയന്ത്രണങ്ങളും കടുത്തതാണ് എന്ന് മാത്രമല്ല, ഹോസ്റ്റല്‍ നടത്തിപ്പിലും നിലവാരത്തിലും കാതലായ വ്യത്യാസമുണ്ട് എന്നാണ് വിദ്യാര്‍ഥിനികളുടെ ആരോപണം.
“ആണ്‍കുട്ടികളുടെ മെസ്സിലെ ഭക്ഷണവുമായി താരതമ്യം ചെയ്താല്‍ മോശപ്പെട്ട ഭക്ഷണമാണ് പെണ്‍കുട്ടികളുടെ മെസ്സിലേത്. രണ്ട് പേര്‍ക്ക് താമസിക്കാവുന്ന മുറിയില്‍ അഞ്ചും ആറും പേരെയാണ് താമസിപ്പിക്കുന്നത്. വെള്ളത്തിന് സാരമായ ബുദ്ധിമുട്ട് ഉണ്ടായിട്ടും എത്ര പരാതിപ്പെട്ടിട്ടും ആരും തിരിഞ്ഞുനോക്കിയില്ല,” മുന്നൂറ് പേരുടെ ചുമതലയ്ക്ക് രണ്ട് വാര്ഡന് എന്ന കണക്കില്‍ തന്നെ മൗലികമായ വ്യത്യാസം ഉണ്ടെന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഒരു വിദ്യാര്‍ത്ഥിനി ആരോപിച്ചു.
ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനികള്‍ ചട്ടപ്രകാരം വൈകീട്ട് നാല് മണിക്കുള്ളില്‍ ഹോസ്റ്റലില്‍ പ്രവേശിക്കണം. രണ്ടാം വര്‍ഷവും മൂന്നാം വര്‍ഷവുമുള്ള ബിരുദ വിദ്യാര്‍ഥിനികള്‍ക്ക് നടപടി കൂടാതെ ഹോസ്റ്റലില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരിക്കുന്ന സമയം വൈകീട്ട് 5:30 ആണ്.
“രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചകളിലും ഹോസ്റ്റലില്‍ നിന്നും പുറത്ത് പോകാന്‍ അനുവാദമില്ല. ശനി- ഞായര്‍ ദിവസങ്ങളിലെ അവധി കണക്കാക്കിക്കൊണ്ട് വെള്ളിയാഴ്ച പോകണമെങ്കില്‍ ലോക്കല്‍ ഗാര്‍ഡിയന്റെ സമ്മതം ഉറപ്പുവരുത്തിയാല്‍ മതിയാകും. ഇനി മറ്റ് ദിവസങ്ങള്‍ ആണെങ്കില്‍ വാര്ഡന്, അല്ലെങ്കില്‍ പ്രോവോസ്റ്റ് അനുവദിച്ചാല്‍ മാത്രമാണ് ഹോസ്റ്റലില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റുക. ഹോസ്റ്റലിന്റെ പുറത്തേക്ക് പോകുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ ആണിത്. ക്യാംപസിന്റെ പുറത്തേക്കല്ല എന്നോര്‍ക്കണം,” മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ആതിര പറഞ്ഞു.
മിനിറ്റുകള്‍ വൈകി വരുന്നവരെപ്പോലും കാത്തിരിക്കുന്നത് കടുത്ത ശിക്ഷകളാണ്. മിക്കപ്പോഴും രക്ഷിതാക്കളെ വിളിപ്പിക്കും. പ്രധാന ഗേറ്റ് അല്ലാതെ മറ്റൊരു ഗേറ്റിലൂടെയും ഹോസ്റ്റലിലേക്ക് പ്രവേശിക്കാം. ഇതര സംസ്ഥാനക്കാരായ തൊഴിലാളികളും മറ്റുമാണ് അത് കൂടുതലായി ഉപയോഗിക്കുന്നത്.
“വൈകിയെത്തിയതിന് ഒരു വിദ്യാര്‍ത്ഥിനിയെ സസ്പെന്‍ഡ് ചെയ്തപ്പോള്‍ കോളേജ് പറഞ്ഞ കാരണം ‘അവിടെ ബംഗാളികളുമായി സംസാരിച്ച് ഇരിക്കുകയായിരുന്നു’ എന്നാണ്,” മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ നൗഫിറ പറഞ്ഞു.
വിവാഹിതരായ പെണ്‍കുട്ടികളോട് അടക്കം കോളേജ് അധികാരികള്‍ നടത്തുന്ന സ്ത്രീവിരുദ്ധ മനോഭാവത്തോടെയുള്ള ഇത്തരം സംസാരങ്ങള്‍ പലരുടേയും വ്യക്തി ജീവിതത്തെ ബാധിച്ചിട്ടുണ്ട്. ഇനി ഇത്തരം പരാതികള്‍ മുസ്ലിം പെണ്‍കുട്ടികളുടെ കേസിലാണ് എങ്കില്‍ അവരുടെ കൗണ്‍സിലിങ് തന്നെ കോളേജ് ഏറ്റെടുക്കുകയായി എന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. ക്യാംപസിന് പിന്നിലായ് ഒഴുകുന്ന ചാലിയാര്‍ പുഴയുടെ കരയില്‍ പോയി എന്ന കുറ്റത്തിനാണ് ഒരു പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയത്.
പെണ്‍കുട്ടികള്‍ക്ക് ഫോണ്‍ ഉപയോഗിക്കുന്നതിലും കര്‍ശന നിയന്ത്രണമുണ്ട്. “രാത്രി ഏഴു മണിയോടെ ഓരോരുത്തരും അവരുടെ ഫോണുകള്‍ വാര്ഡന് നല്‍കണം. രാവിലെ 7:30 മുതല്‍ എട്ട് മണിവരെയുള്ള ബ്രേക്ഫാസ്റ്റ് സമയത്ത് അത് കൈപറ്റണം. എല്ലാവരും കോളേജിലേക്കായി തയ്യാറെടുക്കുന്ന സമയമാണത്. ഈ അരമണിക്കൂറിനുള്ളിലാണ് ഓരോരുത്തരും ഫോണിനായും ഓടേണ്ടത്. വാര്ഡന് വൈകിച്ചാലും കുറ്റം ഞങ്ങളുടെ പേരിലാണ്. വൈകിയതിന്റെ പേരില്‍ ഫോണ്‍ എടുത്തില്ല എങ്കില്‍ പിന്നെ പ്രോവോസ്റ്റിന്റെ അടുത്ത് പോയി കൈപ്പറ്റണം. ഈ കാര്യം പറഞ്ഞ് സസ്പെന്ഷന് കിട്ടിയവര്‍ വരെയുണ്ട്,” മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ഷോണിമ പറഞ്ഞു.
വാര്‍ഡനും വാര്‍ഡന്റെ ഒഴിവില്‍ ആ ചുമതല വഹിക്കുന്ന മെസ്സ് മനേജറും മറ്റും വിദ്യാര്‍ത്ഥിനികളുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നതായും ആരോപണമുണ്ട്. തങ്ങളുടെ മൗലികാവകാശമായ സ്വകാര്യതയെ വരെ കോളേജ് ഹോസ്റ്റല്‍ വിലമതിക്കുന്നില്ലെന്ന് അവര്‍ പരാതിപ്പെടുന്നു.
ജന്മദിന ആഘോഷങ്ങള്‍ക്ക് വരെ സസ്പെന്ഷന് കൊടുക്കുന്നതിലെ പൊരുള്‍ എന്തെന്ന് ചോദിക്കുന്നു. കോളേജ് ഓഫീസില്‍ പോലും ഒരു സ്ത്രീ ഇല്ലാത്ത ക്യാംപസാണ് ഫറൂഖിലേത് എന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. അതിനാല്‍ തന്നെ പുരുഷനോട്ടങ്ങളില്‍ നിന്നും കഴിവതും ഒഴിവാകുന്നതാണ് പെണ്‍കുട്ടികളുടെ ശീലം. പരാതി പറയാന്‍ പോലും മടിയാണ്, അവര്‍ പറഞ്ഞു.
എന്നാല്‍ ഹോസ്റ്റലില്‍ നിന്നും ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല എന്നാണ് കോളേജ് പ്രിന്‍സിപ്പല്‍ ഇ.പി.ഇമ്പിച്ചിക്കോയ ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളത്തോട് പറഞ്ഞത്.
“ഹോസ്റ്റലിന്റെ നടത്തിപ്പിനെ കുറിച്ച് ഇതുവരെ ഒരു പെണ്‍കുട്ടിയും ഞങ്ങള്‍ക്ക് പരാതി തന്നിട്ടില്ല. ഇതൊക്കെ ഇപ്പോള്‍ പറഞ്ഞു പ്രചരിക്കുന്ന കാര്യങ്ങളാണ്. നിങ്ങള്‍ക്ക് വന്ന് പരിശോധിക്കാവുന്നതാണ്,” പ്രിന്‍സിപ്പല്‍ പറഞ്ഞു.
ഫറൂഖിലെ ‘കാണാന്‍ പാടില്ലാത്ത സാഹചര്യ’ങ്ങള്
“ക്യാംപസിലെ ഒരു പൊതുവിടത്ത് വച്ച് ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും സംസാരിച്ചാല്‍, ഇല്ലെങ്കില്‍ രണ്ട് പെണ്‍കുട്ടികള്‍ സംസാരിച്ചാല്‍ അവര്‍ അതിനെ ഇവിടെ കാണാന്‍ പാടില്ലാത്ത സാഹചര്യം എന്നാണ് പറയുന്നത്,” ദിനു പറഞ്ഞു.
ഫറൂഖ് കോളേജില്‍ അച്ചടക്കത്തിന്റെ മറവില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ആയുധമാണ് “കാണാന്‍ പാടില്ലാത്ത സാഹചര്യങ്ങള്‍” എന്നാണ് ആണ്-പെണ് വ്യത്യാസമില്ലാതെ വിദ്യാര്‍ഥികള്‍ പറയുന്നത്. ക്യാംപസിലെ പൊതു വഴികളില്‍ ഇരുന്നാലോ ക്ലാസ് സമയത്ത് ക്യാംപസിലെ മറ്റേതെങ്കിലും ഇടങ്ങളില്‍ കണ്ടാലോ അദ്ധ്യാപകരും ജീവനക്കാരും മുതല്‍ നാട്ടുകാര്‍ വരെ തങ്ങളെ ചോദ്യം ചെയ്യും എന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
“ഒളിഞ്ഞ സ്ഥലങ്ങളുടെ കാര്യമല്ല. ക്യാംപസിലെ പൊതുസ്ഥലത്ത് എവിടെയെങ്കിലും വച്ച് തന്നെ ഒരു ആണും പെണ്ണും സംസാരിക്കുന്നത് കാണുകയും ഉള്ളിലെ സദാചാര പൊലീസ് ഉണരുകയും ചെയ്താല്‍ ആദ്യം തന്നെ അവര്‍ ചെയ്യുക ഐഡി ചോദിക്കലാണ്. പിന്നെ ഡിപാർട്മെന്റ് ഏതാണെന്ന് ആരായും. പരാതി ആ വഴിക്ക് അയക്കാനാണ് അദ്ധ്യാപകരും ജീവനക്കാരും എന്തിന് നാട്ടുകാര്‍ വരെ ഇത് തന്നെയാണ് ചെയ്യുന്നത്. പിന്നീട് രക്ഷിതാക്കളെ വിളിച്ച് അറിയിക്കുന്നത്, ‘കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടു’ എന്നാണ്. അതിവിടത്തെ രീതിയാണ്,” പേര് വെളിപ്പെടുത്താന്‍ ഭയപ്പെട്ട ഒരു വിദ്യാര്‍ത്ഥിനി ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളത്തോട് പറഞ്ഞു.
കാലങ്ങളായി നാട്ടുകാര്‍ ഉപയോഗിച്ച് വരുന്നതായൊരു പൊതുവഴി ഫറൂഖ് കൊളേജിന്റെ അകത്തേക്ക് പോകുന്നുണ്ട്, “ക്യാംപസിലെ കാര്യങ്ങളില്‍ അവര്‍ക്കും ഇടപെടാനുള്ള വഴിയാണിത്,” വിദ്യാര്‍ത്ഥിനി കൂട്ടിച്ചേര്‍ത്തു.
“കഴിഞ്ഞ ദിവസം ഹോളി ആഘോഷിച്ച രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നതിന് കൂട്ടു നിന്നതും എപ്പോഴും സദാചാര പൊലീസിങ് നടത്തുന്നതും ഇതേ ‘നാട്ടുകാര്‍’ ആണ്. ഈ നാട്ടുകാര്‍ അടങ്ങിയ പ്രദേശത്തെ റസിഡന്‍ഷ്യല്‍ അസോസിയേഷന് ആണ്, വിദ്യാര്‍ഥികളുടെ ആഘോഷം അതിരു കടക്കുന്നു എന്ന് മുന്നറിയിപ്പ് നല്‍കികൊണ്ട് കോളേജിനു മുന്നില്‍ ഫ്ലെക്സ് സ്ഥാപിച്ചതും. ഫറൂഖ് കോളേജിലെ അദ്ധ്യാപകര്‍ അടക്കം നേതൃത്വം നല്കുന്ന അസോസിയേഷന് ആണിത് എന്നാണ് ഞങ്ങള്‍ക്ക് അന്വേഷിച്ചപ്പോള്‍ മനസിലായത്,” ഷോണിമ പറഞ്ഞു.
ഇത്തരത്തിലുള്ള പരാതികളുടെ സമ്മര്‍ദം കാരണം പഠനം പകുതിക്ക് ഉപേക്ഷിക്കേണ്ടിവന്ന പെണ്‍കുട്ടികള്‍പോലും ഉണ്ടെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. “രണ്ട് വര്‍ഷം മുന്‍പ് ക്യാംപസിലെ ഗ്യാലറിയില്‍ ആണ്‍കുട്ടിയോടൊപ്പം ഇരുന്നു എന്ന പേരില്‍ ഒരു പെണ്‍കുട്ടിയുടെ രക്ഷിതാവിനെ വിളിപ്പിച്ചിരുന്നു. അന്ന് അമ്മയേയും കൂട്ടിവന്ന അവളോട് കോളേജ് പറഞ്ഞത് അമ്മയെ രക്ഷിതാവായി പരിഗണിക്കില്ല, അച്ഛനെ കൂട്ടിവരൂ എന്നാണ്,” ആതിര പറഞ്ഞു.
ക്യാംപസിനെ കരിവാരി തേക്കാന്‍ നിക്ഷിപ്ത താത്പര്യക്കാര്‍ പറഞ്ഞു പരത്തുന്ന വിവാദങ്ങള്‍ എന്ന രീതിയില്‍ തങ്ങള്‍ക്കെതിരെ വരുന്ന ആരോപണങ്ങളെ പ്രതിരോധിക്കാനാണ് ഫറൂഖ് കോളേജ് മാനേജ്മെന്റ് നോക്കുന്നത് എന്ന് ദിനു ചൂണ്ടിക്കാണിക്കുന്നു.
“എന്നാല്‍ അത്തരത്തിലല്ല ഈ പരാതികളെ കാണേണ്ടത്. ഓരോ തവണയും ഇത്തരത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ സദാചാര പൊലീസിങ് നടത്തുമ്പോഴും കോളേജ് അധികാരികള്‍ പറയുന്ന ന്യായം ഇന്ത്യയുടെയും കേരളത്തിന്റെയും സംസ്കാരത്തിന് യോജിക്കാത്തത് എന്നൊക്കെയാണ്. മൂന്ന് വര്‍ഷം മുന്‍പ് എന്റെ പേരിലുണ്ടായ പ്രശ്നത്തില്‍ അവര്‍ ആവര്‍ത്തിച്ചതും ഇപ്പോള്‍ തുടരുന്നതും ഇതേ പല്ലവിയാണ്. സംഘപരിവാര്‍ പറയുന്ന അതേ ബ്രാഹ്മണിക്കൽ നിലപാടാണ് ഫറൂഖ് മാനേജ്മെന്റിന്റെയും. അതിനെ മറ്റൊന്ന് മറയാക്കി പ്രതിരോധിക്കേണ്ടതില്ല.” ദിനു പറഞ്ഞു.
ഹോളി ആഘോഷത്തെ തുടര്‍ന്ന് ക്യാംപസില്‍ നടന്ന അതിക്രമത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അന്വേഷണത്തിനായി ഒരു കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട് എന്നാണ് പ്രിന്‍സിപ്പല്‍ ഇ.പി.ഇമ്പിച്ചിക്കോയ ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളത്തെ അറിയിച്ചത്.
“ക്യാംപസിലെ കാര്യത്തില്‍ ഒന്നും പുറത്ത് നിന്നുമുള്ളവര്‍ ഇടപെടാറില്ല. അന്ന് ഹോളിയോടനുബന്ധിച്ച് അവര്‍ക്ക് ശല്യമുണ്ടായപ്പോള്‍ അവര്‍ പൊലീസിനെയൊക്കെ വിളിച്ച് പരാതിപ്പെടുന്നതാണ്. അല്ലാതെ ക്യാംപസിലെ കാര്യങ്ങളിലൊന്നും അവര്‍ ഇടപെടാറില്ല,” പ്രിന്‍സിപ്പല്‍ പറഞ്ഞു.