കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സോളാർ കേസിലെ വിവാദ അഭിഭാഷകൻ ഫെനി ബാലകൃഷ്ണനെ ചോദ്യം ചെയ്തേക്കും. ഇദ്ദേഹം നിർണ്ണായക വിവരങ്ങൾ തന്നോട് പറഞ്ഞതായി നടൻ ദിലീപ് മൊഴി നൽകിയെന്നാണ് വിവരം.

“ഗൂഢാലോചന നടക്കുന്നതായി ഫെനി തന്നോട് പറഞ്ഞിരുന്നു”വെന്ന് ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്. എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിൽ ആലുവ പൊലീസ് ക്ലബിൽ കഴിഞ്ഞ ദിവസം ദിലീപിനെ ചോദ്യം ചെയ്തപ്പോഴാണ് ഈ കാര്യം വെളിപ്പെടുത്തിയത്.

“പൾസർ സുനി കീഴടങ്ങാൻ സഹായം തേടി ഫെനി ബാലകൃഷ്ണനെ സമീപിച്ചിരുന്നു” വെന്നാണ് പുതിയ വെളിപ്പെടുത്തൽ. “മാവേലിക്കര കോടതിയിൽ കീഴടങ്ങാമെന്നാണ് പൾസർ സുനിയോട് പറഞ്ഞത്. എന്നാൽ ഞങ്ങൾക്ക് ഒരു മാഡത്തോട് ചോദിക്കാനുണ്ട് എന്ന് പറഞ്ഞ് ഇവർ ഫോൺ കട്ട് ചെയ്തു. ഇതിന് ശേഷം ഇവർ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന്” ദിലീപിനോട് അറിയിച്ചു.

“ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് സംശയിക്കുന്നതായി” ഫെനി തന്നെയാണ് ദിലീപിനെ വിളിച്ച് അറിയിച്ചത്. ഇക്കാര്യം ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ഫെനി ബാലകൃഷ്ണൻ തന്നെ സ്ഥിരീകരിച്ചു. ഇതോടെ പൊലീസ് ഫെനി ബാലകൃഷ്ണനെയും കേസിൽ ചോദ്യം ചെയ്തേക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ