കൊച്ചി: സംവിധായകൻ പ്രിയനന്ദനനെ മർദ്ദിച്ച് ചാണക വെളളം തളിച്ച സംഭവത്തിൽ ഫെഫ്‌ക ഡയറക്ടേർസ് യൂണിയൻ പ്രതിഷേധിച്ചു. ഫെയ്‌സ്ബുക്കിൽ തങ്ങളുടെ ഔദ്യോഗിക പേജിലൂടെയാണ് ഫെഫ്ക പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

ഇംഗ്ലീഷിൽ പ്രിയനന്ദനനോടൊപ്പം എന്ന ഹാഷ്‌ടാഗോട് കൂടിയാണ് ഐക്യദാർഢ്യം അറിയിച്ചിരിക്കുന്നത്. പ്രിയനന്ദനന്റെ കാരിക്കേച്ചറിനൊപ്പം “പ്രിയനന്ദനന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിക്കുന്നു,” എന്ന വാക്യത്തോടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ്.

ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് വീട്ടിൽ നിന്ന് കടയിലേക്ക് പോയ പ്രിയനന്ദനന് നേരെ ആക്രമണം ഉണ്ടായത്.  ‘അയ്യപ്പനെ കുറിച്ച് പറയാൻ നീയാരെടാ’ എന്ന് ചോദിച്ച് മർദ്ദിച്ചെന്നാണ് സംവിധായകൻ പറയുന്നത്. പ്രദേശത്തെ ആർഎസ്എസ് പ്രവർത്തകനായ  സരോവർ എന്നയാളാണ് അക്രമം നടത്തിയതെന്നും ഇയാൾ ഒളിവിലാണെന്നുമാണ് പൊലീസ് പറയന്നത്.

പ്രിയനന്ദനൻ ചേർപ്പിലെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. സംവിധായകന് നേരെ ഉണ്ടായ അക്രമം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു ഫേസ് ബുക്ക് പോസ്റ്റിന്‍റെ പേരിൽ സംഘപരിവാർ സംഘടനകൾ ഭീഷണിപ്പെടുത്തുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നു കയറ്റമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.