കൊച്ചി: വീട്ടുമുറ്റത്തൊരു കാര്‍, ബൈക്ക്, സൈക്കിള്‍ കൂടെയൊരു തോണിയും. 2018-ലെ പ്രളയ സമയത്ത് വെള്ളം കയറിയ പ്രദേശങ്ങളിലെ പല വീടുകളിലേയും ഇപ്പോഴത്തെ കാഴ്ചയാണിത്. ഇനിയൊരു വെള്ളപ്പൊക്കം വന്നാല്‍ സുരക്ഷിതമായി കരപറ്റാനുള്ള മുന്നൊരുക്കമായിട്ടാണ് പ്രളയബാധിതര്‍ ചെറിയ ഫൈബര്‍ തോണികള്‍ വാങ്ങുന്നത്. 2018-ലേത് നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന പ്രളയമാണെന്ന ആശ്വാസത്തില്‍ ഇരുന്നവരെ പ്രകൃതി 2019-ല്‍ വീണ്ടും പ്രളയത്തിലൂടെ ഞെട്ടിച്ചു. അതുകാരണം, ഇനിയൊരു പ്രളയം വരാമെന്നും, വന്നാല്‍ തന്നെ രക്ഷപ്പെടാനൊരു വഴി വേണമെന്ന ചിന്തയാണ് പലരേയും തോണി വാങ്ങാന്‍ പ്രേരിപ്പിക്കുന്നത്.
മൂന്നു മുതല്‍ അഞ്ച് പേര്‍ക്ക് വരെ കയറാവുന്ന തോണികള്ക്കാണ് ആവശ്യകാര് കൂടുതല്‍. ഒരു കുടുംബത്തിന് സുഖമായി യാത്ര ചെയ്യാം. 2018-ല്‍ പ്രളയമുണ്ടായപ്പോള്‍ തീരപ്രദേശത്തുനിന്നുള്ള മത്സ്യബന്ധന തോണികളും സൈന്യത്തിന്റെ ബോട്ടുകളും ടിപ്പര്‍ ലോറികളുമാണ് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചത്. അതിനാല്‍ ഇവയുമായി രക്ഷപ്രവര്‍ത്തകര്‍ വരുന്നത് വരെ പകുതി മുങ്ങിയ വീടിന് മുന്നില്‍ കാത്തിരിക്കേണ്ടി വന്നിരുന്നു ആയിരക്കണക്കിന് പേര്‍ക്ക്.

2018 ഓഗസ്തിലെ മഹാപ്രളയകാലത്ത് മൂവാറ്റുപുഴ സ്വദേശി പി കെ അശോകന് 50 വയസ്സുണ്ടായിരുന്നു. കുട്ടിക്കാലത്തൊക്കെ അദ്ദേഹത്തിന്റെ വീടിരിക്കുന്ന പ്രദേശത്ത് വെള്ളം കയറുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വീടിനകത്ത് വെള്ളം ഒരിക്കലും കയറിയിരുന്നില്ല. ആ പ്രദേശത്തെ വീടുകളില്‍ മാവും ആഞ്ഞിലിയും കൊണ്ട് നിര്‍മ്മിച്ച മരത്തോണികളും വീടുകളിലൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ വെള്ളം കയറുന്നത് ഇല്ലാതായതിനെ തുടര്‍ന്ന് ഈ വള്ളമൊക്കെ സൂക്ഷിക്കാന്‍ ബുദ്ധിമുട്ടായത് കാരണം ആളുകള്‍ വെട്ടിപ്പൊളിച്ച് വിറകായി ഉപയോഗിച്ചു. തോണിയുടെ കാര്യം തന്നെ എല്ലാവരും മറന്നു. മഹാപ്രളയം വന്നപ്പോള്‍ ഈ പ്രദേശത്തെ ആരുടെ വീട്ടിലും തോണി അവശേഷിച്ചിരുന്നില്ല.
2018-ലെ പ്രളയത്തില്‍ അശോകന്റെ വീട്ടില്‍ ഒരാള്‍ പൊക്കത്തില്‍ വെള്ളം കയറി. വെള്ളം വീട്ടുമുറ്റത്ത് എത്തിയപ്പോള്‍ തന്നെ റവന്യൂ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം അശോകനും കുടുംബവും സുരക്ഷിത സ്ഥലത്തേക്ക് മാറി. രണ്ട് കിലോമീറ്റര്‍ അകലെ ചേട്ടന്റെ വെള്ളം കയറാത്ത വീട്ടിലേക്കാണ് അവര്‍ മാറിയത്. സമീപത്തെ വീട്ടുകാരും ഇതുപോലെ മാറി താമസിച്ചിരുന്നു.
“കുട്ടിക്കാലത്ത് ഞങ്ങളൊക്കെ പ്രളയ സമയത്ത് തോണി തുഴഞ്ഞ് നടന്നിരുന്നുന്നു. അശോകന് പറയുന്നു. പക്ഷേ, അപ്രതീക്ഷിതമായി 2018-ല്‍ പ്രളയം വന്നപ്പോള്‍ നാട്ടിലൊരിടത്തും തോണിയുണ്ടായിരുന്നില്ല. മൂവാറ്റുപുഴയാറിന് സമീപത്ത് താമസിക്കുന്നവരുടെ വീടുകളില്‍ പോലും തോണിയില്ലാത്ത അവസ്ഥയായിരുന്നു,” അശോകന് പറഞ്ഞു.
അന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട അശോകനും കൂട്ടുകാര്‍ക്കും ആവശ്യത്തിന് വള്ളങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ല.
അശോകന്റെ സുഹൃത്തായ പ്രിന്‍സ് ഏലിയാസാകട്ടെ, വീട്ടില്‍ അധികമായി ഒരു തോണി കൂടി വാങ്ങിച്ചു. പുഴയോട് അടുത്ത് വീടുള്ള പ്രിന്‍സിന് മൂന്ന് പേര്‍ക്ക് കയറാന്‍ പറ്റുന്നൊരു മരത്തോണിയുണ്ടായിരുന്നു. അഞ്ചംഗ കുടുംബമാണ് പ്രിന്‍സിന്റേത്. 2018-ലെ പ്രളയ സമയത്ത് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് പ്രിന്‍സ് കുടുംബസമേതം യാത്ര ചെയ്യാവുന്ന തോണി വാങ്ങുന്നത്. 30,000 രൂപയാണ് ഇതിനായി പ്രിന്‍സും അശോകനും ചെലവഴിച്ചത്. ഇരുവര്‍ക്കുമൊപ്പം പരിചയക്കാരായ അഞ്ച് പേര് കൂടെ തോണി വാങ്ങി. തോണി ഉപയോഗിച്ചത് പ്രിന്‍സ് മാത്രമാണ്. കഴിഞ്ഞ വര്‍ഷത്തെ പ്രളയ സമയത്ത്.
“എനിക്ക് രണ്ട് മൂന്ന് പേര്‍ക്ക് കയറാന്‍ പറ്റുന്ന തോണിയുണ്ടായിരുന്നു. എന്നാല്‍ 2018-ലെ പ്രളയ സമയത്ത് അഞ്ചംഗ കുടുംബത്തിനിത് പര്യാപ്തമായില്ല. അതുകൊണ്ടാണ് അഞ്ച് പേര്‍ക്ക് കയറാവുന്ന തോണി വാങ്ങിക്കാന്‍ തീരുമാനിച്ചത്,” പ്രിന്‍സ് പറഞ്ഞു.
തുഴഞ്ഞ് പോകാന്‍ പറ്റുന്ന തരത്തിലുള്ള തോണികള്ക്കാണ് ആവശ്യകാര് കൂടുതലെന്ന് അരൂരിലെ ബോട്ട് നിര്‍മ്മാതാക്കളായ സമുദ്ര ഷിപ്പ്യാര്ഡിന്റെ മാനേജിങ് ഡയറക്ടറായ ജീവന് സുധാകര്‍ പറയുന്നു.
“രണ്ട് വര്‍ഷം മുമ്പ് 150 ഓളം തോണികളാണ് വര്‍ഷം തോറും വിറ്റ് പോയിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അറുന്നൂറോളം തോണികളാണ് സമുദ്ര വിറ്റത്. മൂന്ന് പേര്‍ക്ക് കയറാവുന്ന തോണിക്ക് 25,000 രൂപ വിലയുണ്ട്. അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റുന്നത് 35,000 രൂപയാണ്.”
കണ്ണൂര്‍, തൃശൂര്‍, എറണാകളും, ആലപ്പുഴ ജില്ലകളില്‍ നിന്ന് ആളുകള്‍ തോണി വാങ്ങാനെത്തുന്നുണ്ടെന്ന് ജീവന് പറഞ്ഞു.
“ആലപ്പുഴയിലെ ജനങ്ങള്‍ക്ക് യാത്രാ ആവശ്യങ്ങള്‍ക്ക് മാത്രമല്ല ജീവനോപാധി കൂടിയാണ് ഇവ. ഉള്‍നാടന്‍ മത്സ്യ ബന്ധനത്തിന് ചെറുതോണികള്‍ ആവശ്യമുണ്ട്. ആലപ്പുഴയില്‍ ചെറുതോണികള്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തും വിതരണം ചെയ്തിരുന്നു,” ജീവന് പറഞ്ഞു.
ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ വിറ്റുപോയത് കൈനകരി, അമ്പലപ്പുഴ, പറവൂര്‍ തുടങ്ങി പ്രദേശങ്ങളിലേക്കാണ്. 2018-ലെ പ്രളയം ഏറ്റവും കൂടുതല്‍ പേരെ ബാധിച്ചത് ഈ പ്രദേശങ്ങളിലുള്ളവരെയാണ്.
എന്നാല്‍ മറ്റ് സ്ഥലങ്ങളില്‍ തോണി പ്ലാസ്റ്റിക് ഷീറ്റുകള്‍ ഉപയോഗിച്ച് പൊതിഞ്ഞ് സൂക്ഷിക്കുകയാണ്. പ്രളയ ബാധിത പ്രദേശങ്ങളില്‍ നിന്നുള്ള ആവശ്യക്കാര്‍ക്ക് യന്ത്രവല്‍കൃത ബോട്ടുകളോട് താല്പര്യമില്ല. തുഴ ഉപയോഗിച്ച് തുഴഞ്ഞ് യാത്ര ചെയ്യാന്‍ പറ്റുന്ന ചെറുതോണികളാണ് ആളുകള്‍ വാങ്ങുന്നത്. വീടിന്റെ വശത്ത് തൂക്കിയിട്ട് സൂക്ഷിക്കാന്‍ എളുപ്പവുമാണ്. കൂടാതെ വാഹനത്തില്‍ കയറ്റിക്കൊണ്ട് പോകാന്‍ എളുപ്പമാണെന്നതും ഈ തോണികളോടുള്ള താല്പര്യം വര്‍ദ്ധിപ്പിക്കുന്നു. ഫൈബര്‍ ബോട്ട് പെട്ടെന്ന് നശിച്ച് പോകില്ലെന്നതും ആകര്‍ഷകത്വം കൂട്ടുന്നു.
തോണികളുടെ വില്പന കൂടിയത് കാരണം കൂടുതല്‍ തൊഴില്‍ ദിനങ്ങളും തൊഴില്‍ അവസരങ്ങളും ഉണ്ടായതായി ജീവന് പറയുന്നു.
പ്രളയത്തിനുശേഷം തോണികള്ക്കുവേണ്ടിയുള്ള അന്വേഷണം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് അരൂരിലെ ബ്രിസ്റ്റോള്‍ ബോട്ട്സിലെ ഉദ്യോഗസ്ഥനായ എസ് ഗോപാലകൃഷ്ണന് പറഞ്ഞു.
“രണ്ട് പേര്‍ക്ക് കയറാവുന്ന തോണിക്ക് ബ്രിസ്റ്റോള്‍ ഈടാക്കുന്ന തുക 33,000 മുതല്‍ 35,000 വരെയാണ്. ഈ തോണി റോഡ് മാര്‍ഗം വടക്കന്‍ ജില്ലകളിലേക്ക് കൊണ്ടുപോകുന്നതിന് ഏതാണ്ട് ഇതേതുക ചെലവഴിക്കേണ്ടി വരും. അതിനാല്‍ നാലോ അഞ്ചോ പേര് ചേര്‍ന്ന് അത്രയും തോണികള്‍ ഒരുമിച്ച് വാങ്ങാനാണ് തങ്ങള്‍ ഉപഭോക്താവിനെ ഉപദേശിക്കാറുള്ളത്,” ഗോപാലകൃഷ്ണന് പറഞ്ഞു.
ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാത്തതിനാല്‍ ബ്രിസ്റ്റോളിന്റെ ബോട്ടുകള്‍ക്ക് വില കൂടുതലാകുന്നതെന്ന് ഗോപാലകൃഷ്ണന് പറഞ്ഞു.