കണ്ണൂർ: നഗരത്തെ ഏഴ് മണിക്കൂറോളം ഭീതിയുടെ മുനയിൽ നിർത്തിയ പുലിയെ പിടികൂടി. മയക്കുവെടി വെച്ചാണ് ഇന്നലെ രാത്രി 12 മണിക്ക് ശേഷം പുലിയ പിടികൂടിയത്. കണ്ണൂർ തായത്തെരു റയിൽവേ ഗേറ്റിന് സമീപം കണ്ട പുലി മൂന്ന് പേരെ ആക്രമിച്ചിരുന്നു. പിടികൂടാൻ ശ്രമിച്ചപ്പോൾ റയിൽവേ ഗേറ്റിനോട് ചേർന്ന കുറ്റിക്കാട്ടിലേക്ക് മറഞ്ഞു. ഡോ അരുൺ സക്കറിയയും സംഘവുമാണ് പുലിയ പിടികൂടാൻ സഹായിച്ചത്.

ബംഗാൾ സ്വദേശിയായ യുവാവിനും രണ്ട് നാട്ടുകാർക്കുമാണ് പരിക്കേറ്റത്. ഇവരെ കണ്ണൂർ ജില്ല ആശുപത്രിയിലും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ഒരാൾക്ക് വീടിന് മുന്നിൽ വച്ചും മറ്റ് രണ്ട് പേർക്ക് പുലിയെ പിടികൂടാനുളള ശ്രമത്തിനിടയിലുമാണ് പരിക്കേറ്റത്.

പുലിയെ കണ്ടെത്തിയ ഉടൻ തന്നെ കണ്ണൂർ നഗരത്തിൽ നിരോധനാജ്ഞ കളക്ടർ പുറപ്പെടുവിച്ചിരുന്നു. തായത്തെരുവിലെ വീടുകളിൽ നിന്ന് ആളുകളെ സുരക്ഷിത  സ്ഥാനത്തേക്ക് മാറ്റി. എന്നാൽ ജനക്കൂട്ടം പുലിയെ കാണാൻ തിങ്ങിക്കൂടിയത് പൊലീസിന് ബുദ്ധിമുട്ട് സൃഷ്ടിച്ചു.

പുലിയെ പിടിക്കാനുള്ള ശ്രമങ്ങൾ ഫലം കാണാതെ വന്നപ്പോോൾ ജനങ്ങൾ രോഷാകുലരായിരുന്നു. റയിൽവേ ട്രാക്കിന് സമീപം ആളുകൂടിയതും തിരച്ചിൽ നടന്നതും തീവണ്ടി ഗതാഗതത്തെയും ബാധിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ