തലശ്ശേരി: തലശ്ശേരിയിലെ ഫസൽ വധക്കേസിൽ നിർണ്ണായക വെളിപ്പെടുത്തൽ. ആർഎസ്എസ് പ്രവർത്തകരാണ് ഫസലിനെ കൊന്നത് എന്നാണ് മൊഴി. ഫസലിനെ വെട്ടിക്കൊലപ്പെടുത്തിയത് താൻ അടങ്ങുന്ന നാല് അംഗം സംഘമാണ് എന്ന് ആർഎസ്എസ് പ്രവർത്തകൻ സുബീഷിന്റെ മൊഴിയാണ് ഇപ്പോൾ പുറത്ത് വന്നത്. ആർഎസ്എസിന്റെ കൊടി തോരണങ്ങൾ നശിപ്പിച്ചതിന്റെ പ്രതികാരമായിട്ടാണ് ഫസലിനെ കൊന്നത് എന്നാണ് സുബീഷ് വെളിപ്പെടുത്തിയിരിക്കുന്നത്. സുബീഷിന്റെ മൊഴിയുടെ പകർപ്പ് ഇന്ന് കൊച്ചിയിലെ സിബിഐ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. തലശ്ശേരിയിലെ സിപിഐഎം പ്രവർത്തകൻ മോഹൻ വധക്കേസിൽ അറസ്റ്റിലായ സുബീഷ് ഇപ്പോൾ വിചാരണ തടവുകാരനാണ്.
സൂബീഷ് മൊഴി നൽകുന്നതിന്റെ വീഡിയോ പുറത്ത് വന്നു. താൻ ഉൾപ്പടെയുളള നാല് അംഗ സംഘമാണ് ഫസലിനെ കൊന്നത് എന്ന് സുബീഷ് പറയുന്നത് വീഡിയോയിൽ വ്യക്തമാണ്.ഷിനോജ്,പ്രഭീഷ്,പ്രമീഷ് എന്നിവരായിരുന്നു തനിക്ക് ഒപ്പം ഉണ്ടായിരുന്നത് എന്നും ഈ സംഘമാണ് കൊലനടത്തിയതെന്നും സുബീഷ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ആർഎസ്എസ് നേതാവ് തിലകൻ എന്ന വ്യക്തിയെ കണ്ടിരുന്നു എന്നും ഇയാളാണ് കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ ഒളിപ്പിച്ചതെന്നും സുബീഷ് നടത്തുന്ന വെളിപ്പെടുത്തലുണ്ട്.
നേരത്തെ ഈ മൊഴിയുടെ ശബ്ദരേഖ പുറത്ത് വന്നിരുന്നു, പക്ഷെ പൊലീസ് കൊടിയ മർദ്ദനത്തിലൂടെയാണ് ഇങ്ങനെയൊരു മൊഴി ഉണ്ടാക്കിയത് എന്ന് സുബീഷ് പറഞ്ഞിരുന്നു. എന്നാൽ സുബീഷ് യാതൊരു വിമുഖതയില്ലാതെയുമാണ് മൊഴി നൽകുന്നത് എന്ന് പുറത്ത് വന്ന വീഡിയോയിലെ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
ഫസൽ വധത്തിൽ സിപിഐഎം പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഐഎം നേതാക്കളായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനെയും കേസിൽ പ്രതിചേർത്തിരുന്നു. ഇവരെല്ലാം ജാമ്യത്തിൽ പുറത്തിറങ്ങിയെങ്കിലും ജില്ലയിൽ പ്രവേശിക്കാൻ കഴിയാതെ മറ്റ് ജില്ലകളിലാണ് താമസിക്കുന്നത്.