scorecardresearch
Latest News

ഫസല്‍ കൊല്ലപ്പെട്ടത് 10 വര്‍ഷം മുമ്പൊരു നോമ്പുകാലം; കാലം കാത്തുവെച്ച വെളിപ്പെടുത്തലും മറ്റൊരു നോമ്പുകാലത്ത്

നോമ്പുകാലത്ത് പുലർച്ചെ 2.45 നാണു പത്രക്കെട്ടുകൾ ശേഖരിച്ച് വിതരണക്കാരെ ഏൽപ്പിക്കാൻ ഫസൽ സൈക്കിളിൽ വീട്ടിൽ നിന്ന് ഇറങ്ങുന്നതെന്നു കൊലയാളി സംഘം മനസ്സിലാക്കിയിരുന്നു

ഫസല്‍ കൊല്ലപ്പെട്ടത് 10 വര്‍ഷം മുമ്പൊരു നോമ്പുകാലം; കാലം കാത്തുവെച്ച വെളിപ്പെടുത്തലും മറ്റൊരു നോമ്പുകാലത്ത്

തലശ്ശേരി സെയ്ദാർ പള്ളിക്കു സമീപം 2006 ഒക്ടോബർ 22ന് റമളാൻ മാസത്തിലെ അവസാന നോമ്പ് ദിവസം പുലർച്ചെയാണ് പത്രവിതരണക്കാരനായ മുഹമ്മദ് ഫസൽ കൊല്ലപ്പെട്ടത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസുകളിൽ സി.ബി.ഐ അന്വേഷണം നടക്കുന്ന ആദ്യത്തെ കേസ് ഫസൽ വധക്കേസ് ആയിരുന്നു. നോമ്പുകാലത്ത് പുലർച്ചെ 2.45 നാണു പത്രക്കെട്ടുകൾ ശേഖരിച്ച് വിതരണക്കാരെ ഏൽപ്പിക്കാൻ ഫസൽ സൈക്കിളിൽ വീട്ടിൽ നിന്ന് ഇറങ്ങുന്നതെന്നു കൊലയാളി സംഘം മനസ്സിലാക്കിയിരുന്നു.

കൊലനടന്ന ലിബർട്ടി ക്വാർട്ടേഴ്‌സ് റോഡിലൂടെ ഫസൽ സൈക്കിളിൽ നീങ്ങുമ്പോൾ സൈക്കിൾ തടഞ്ഞ കൊലയാളികൾ കഠാരകൊണ്ട് കഴുത്തിൽ കുത്തിയതോടെ കുതറിയോടിയ ഫസൽ സമീപത്തെ ഉമ്മിയാസ് വീട്ടിൽ ഓടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഗേറ്റ് ചാടിക്കടക്കാൻ കഴിയും മുൻപ് കൊലയാളികൾ ഫസലിനെ വലിച്ചു താഴെയിട്ടു. റോഡിലെ വെളിച്ചമില്ലാത്ത ഭാഗത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കൊടുവാൾ കൊണ്ടു വെട്ടിക്കൊല്ലുകയായിരുന്നു.

10 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു റംസാന്‍ മാസത്തിലാണ് തങ്ങള്‍ തന്നെയാണ് കൊല നടത്തിയതെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പറയുന്നതിന്റെ വീഡിയോ പുറത്തുവന്നത് എന്നത് യാദൃശ്ചികം മാത്രം.
ഫസൽ വധത്തിൽ സിപിഐഎം പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഐഎം നേതാക്കളായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനെയും കേസിൽ പ്രതിചേർത്തിരുന്നു. ഇവരെല്ലാം ജാമ്യത്തിൽ പുറത്തിറങ്ങിയെങ്കിലും ജില്ലയിൽ പ്രവേശിക്കാൻ കഴിയാതെ ഇരുമ്പനത്താണ് താമസിച്ചത്.

Read More : ‘എന്റെ അച്ഛനെ സ്വതന്ത്രനാക്കു’; ഫസല്‍ വധക്കേസില്‍ കാരായി രാജന് നീതി തേടി മകള്‍ മേഘ കാരായി

ഇരുമ്പനത്തെ ജീവിതത്തെ കുറിച്ച് കാരായി രാജന്റെ തന്നെ വാക്കുകള്‍, “ആർ.എസ്‌.എസുകാർ ഫസലിനെ കൊല്ലുകയും ഞങ്ങളെ കുടുക്കി ഒന്നര വർഷം ജയിലിലിടുകയും പിന്നീട് നാടുകടത്തൽ പോലെ എറണാകുളം ജില്ല വിട്ടു പോകാൻ പാടില്ലാത്ത വിധത്തിൽ പറിച്ചെറിഞ്ഞിട്ട് മൂന്നര വർഷവും തികയാൻ പോകുന്നു. ഇരുമ്പനവും കുറെ നല്ല മനുഷ്യരും നല്ല സഖാക്കളുമുള്ള നാട് കൂടിയാണ്. ഞങ്ങളുമിപ്പോൾ ഈ നാട്ടുകാരും വീട്ടുകാരുമായി. ഒരു പക്ഷെ, കണ്ണൂരിൽ നിന്നു പോലും കിട്ടാത്ത സ്നേഹവും പിന്തുണയും ഇരുമ്പനത്ത് ഞങ്ങൾക്ക് ലഭിക്കുന്നു.

വന്നു കയറിയത് ഇരുമ്പനത്തെ പാർട്ടി നേതാവായ സഖാവ് കെ.ടി യുടെ വീട്ടിൽ. വീട്ടിലെ ഒരംഗമായി ഇപ്പോഴും ഞങ്ങളവരോടൊപ്പമുണ്ട്. പിന്നിട്ട അഞ്ച് വർഷങ്ങൾക്കിടയിൽ കണ്ണൂരും തലശ്ശേരിയുമായുള്ള ബന്ധം അപൂർവ്വമായിരുന്നു. എങ്കിലും പ്രിയ നേതാക്കാളും സഖാക്കളും നാട്ടുകാരും എല്ലാ ദിവസവും ഇടതടവില്ലാതെ ഇരുമ്പനത്ത് വന്നെത്തുന്നുണ്ട്. ഞങ്ങളെ സംരക്ഷിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന ഇരുമ്പനത്തുള്ള ഓരോ സഖാവിനോടും കണ്ണൂരിലെ പാർട്ടി സഖാക്കൾക്ക് ഹൃദയത്തിൽ ചേർത്ത് വച്ച അഭിമാന ബോധമാണുള്ളത്. ഇരുമ്പനവും കണ്ണൂരും കതിരൂരുമെല്ലാം ഹൃദയ ചുവപ്പിന്റെ മണ്ണ് കൂടിയാണ്. ചെമ്പതാക തണലുള്ള കേരളത്തിന്റെ മണ്ണ്…”, കാരായി രാജന്‍ വ്യക്തമാക്കി.

സൂബീഷ് മൊഴി നൽകുന്നതിന്റെ വീഡിയോ പുറത്ത് വന്നത് ആര്‍എസ്എസിന്റെ നിഷേധിക്കാനാവാത്ത പങ്കാണ് തെളിയിക്കുന്നത്. ഷിനോയ്, പ്രഭീഷ്, പ്രമീഷ് എന്നിവരായിരുന്നു തനിക്ക് ഒപ്പം ഉണ്ടായിരുന്നത് എന്നും, ഈ സംഘമാണ് കൊലനടത്തിയത് എന്നും സുബീഷ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ആർഎസ്എസ് നേതാവ് തിലകൻ എന്ന വ്യക്തിയെ കണ്ടിരുന്നു എന്നും ഇയാളാണ് കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ ഒളിപ്പിച്ചതെന്നും സുബീഷ്​ വെളിപ്പെടുത്തുന്നുണ്ട്.

Read More : ‘എടോ സദാനന്ദാ, പ്രിൻസേ, നീയൊക്കെ പാർട്ടിക്കാരൻമാരാണെങ്കിൽ രാജി വെച്ചിട്ട് ആ പണിക്കു പോ’; ഡിവൈഎസ്പിമാരെ ഭീഷണിപ്പെടുത്തി സുരേന്ദ്രന്‍

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Fazal murder case timeline