ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ മരണം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം കേരളത്തിലേക്ക്. കൊല്ലത്തെ വീട്ടിലെത്തി ഫാത്തിമയുടെ മാതാവിന്റെയും സഹോദരിയുടെയും മൊഴിയെടുക്കും.

ഫാത്തിമയുടെ ലാപ് ടോപ്പും ടാബും അന്വേഷണത്തിന്റെ ഭാഗമായി ആവശ്യപ്പെടും. ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഫാത്തിമയുടെ പിതാവിന്റെയും ബന്ധുക്കളുടെയും മൊഴി  ക്രൈം ബ്രാഞ്ച് എടുത്തിട്ടുണ്ട്.

കേസില്‍ കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ ഇടപെട്ടിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രിയുമായി മുരളീധരന്‍ സംസാരിച്ചു. കേന്ദ്രമന്ത്രി രമേഷ് പൊക്രിയാലുമായും മുരളീധരന്‍ കൂടിക്കാഴ്ച നടത്തി. ആത്മഹത്യയുടെ ഉത്തരവാദികളെ കണ്ടെത്താന്‍ കേന്ദ്രത്തിന്റെ പിന്തുണ അദ്ദേഹം അറിയിച്ചു. ഇതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍.സുബ്രഹ്മണ്യം നാളെ ചെന്നൈയിലെത്തും.

അതേസമയം, കേസിലെ ആരോപണ വിധേയനായ അധ്യാപകനോട് ക്യാംപസ് വിടരുതെന്ന് ക്രൈം ബ്രാഞ്ച് നിർദേശിച്ചിട്ടുണ്ട്. ക്യാംപസില്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

മകളുടെ മരണത്തിൽ നീതി കിട്ടുംവരെ നിയമ പോരാട്ടം തുടരുമെന്ന് മൊഴിയെടുപ്പിനുശേഷം പിതാവ് അബ്ദുൽ ലത്തീഫ് പ്രതികരിച്ചു. കൃത്യമായ അന്വേഷണം നടത്തി കുറ്റവാളികൾ എത്ര ഉന്നതരായാലും അവരെ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.