കോട്ടയം: ഭീകരരുടെ തടവറയിൽനിന്ന് ഒന്നര വർഷത്തിനുശേഷം മോചിതനായ ഫാ.ടോം ഉഴുന്നാലിൽ ഒക്ടോബർ ഒന്നിന് കേരളത്തിൽ എത്തും. ഒക്ടോബർ ഒന്നിന് രാവിലെ 10ന് നെടുന്പാശേരിയിലെത്തുന്ന ഫാ.ടോമിനെ ബിഷപ്പുമാരുടെ നേതൃത്വത്തിൽ സ്വീകരിക്കും. ഉച്ചകഴിഞ്ഞു പാലാ ബിഷപ്സ് ഹൗസിൽ ബിഷപ്പുമാരെ സന്ദർശിച്ചശേഷം നാലിനു ജന്മനാടായ രാമപുരത്തെത്തും. സ്വീകരണത്തിനുശേഷം രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ വിശുദ്ധ കുർബാന. രണ്ടിന് തിരുവനന്തപുരത്തും മൂന്നിന് കൊല്ലത്തും ഫാ.ടോമിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്.
സെപ്റ്റംബർ 27ന് രാത്രി പ്രദേശിക സമയം 8.45നു റോമിൽനിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ പുറപ്പെട്ട് 28നു രാവിലെ 7.45ന് ഫാ.ടോം ഡൽഹിയിലെത്തും. പ്രധാനമന്ത്രിയുമായി ഫാദർ ടോം കൂടികാഴ്ച നടത്തും. 29, 30 തീയതികളില്‍ ബെംഗളൂരുവിലായിരിക്കും.
യെമനിലെ ഏദനിൽ മദർ തെരേസ രൂപംകൊടുത്ത ‘ഉപവിയുടെ സഹോദരിമാർ’ (മിഷനറീസ് ഓഫ് ചാരിറ്റി) സന്യാസിനീ സമൂഹം നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണു 2016 മാർച്ച് നാലിനു ഭീകരർ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. ഈ മാസം 12ന് ഒമാൻ ഭരണകൂടത്തിന്റെ ഇടപെടലിനെ തുടർന്നാണ് ഭീകരർ ഉഴുന്നാലിലിനെ മോചിപ്പിച്ചത്. മോചനത്തിനുശേഷം നേരെ റോമിലേക്കായിരുന്നു ഫാ.ടോം പോയത്.