കൊച്ചി: സന്ന്യാസിനിയെ ബിഷപ്പ് പീഡിപ്പിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഫാദര്‍ പോള്‍ തേലക്കാട്ട്. സന്ന്യാസിനിയുടെ പരാതിയില്‍ സഭാ നേതൃത്വം സത്യസന്ധമായി പരിഹാരം കാണണമെന്ന് മുന്‍ വക്താവ് തേലക്കാട്ട് ആവശ്യപ്പെട്ടു. പരാതി നല്‍കി നാല് വര്‍ഷമായിട്ടും കന്യാസ്ത്രീയുടെ പരാതിയില്‍ സഭാ നേതൃത്വം നടപടി എടുക്കാതിരുന്നത് കുറ്റകരമാണെന്ന് തേലക്കാട്ട് പറഞ്ഞു. കത്തോലിക്കാ സഭ ക്രിമിനല്‍ നിയമങ്ങള്‍ക്ക് അതീതമല്ലെന്ന് പോള്‍ തേലക്കാട്ട് കൂട്ടിച്ചേര്‍ത്തു.

ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീയാണ് പരാതിയുമായി രംഗത്ത് വന്നത്. കുറവിലങ്ങാട് വച്ച് 2014 ൽ ബിഷപ്പ് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് കോട്ടയം എസ്‌പിക്ക് നൽകിയ പരാതിയിൽ ആരോപിക്കുന്നത്. ജലന്ധർ ബിഷപ്പായ ഫ്രാങ്കോ മുളക്കലിനെതിരെയാണ് പരാതി. എന്നാൽ കന്യാസ്ത്രീക്കെതിരെ അച്ചടക്ക നടപടിയെടുത്തതിന്റെ പേരിൽ വ്യാജ പരാതിയുമായി രംഗത്ത് വന്നതാണെന്നാണ് ബിഷപ്പിന്റെ വാദം. കന്യാസ്ത്രീ ഭീഷണിപ്പെടുത്തിയതായി കാണിച്ച് ബിഷപ്പും പൊലീസിൽ പരാതിപ്പെട്ടിരുന്നു. ബിഷപ്പിന്റെ പരാതിയാണ് പൊലീസിന് ആദ്യം ലഭിച്ചത്.

പീഡനം നടന്ന ഉടൻ തന്നെ പൊലീസിനെ സമീപിക്കാൻ താനൊരുങ്ങിയിരുന്നുവെന്നും എന്നാൽ ഭീഷണിപ്പെടുത്തി തടയുകയായിരുന്നുവെന്നാണ് കന്യാസ്ത്രീ പരാതിയിൽ പറഞ്ഞിരിക്കുന്നത്. അതേസമയം ഇരു കേസുകളും വൈക്കം ഡിവൈഎസ്‌പിക്ക് കൈമാറിയിരിക്കുകയാണ്. ഇദ്ദേഹത്തിനാണ് കേസന്വേഷണത്തിന്റെ ചുമതല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ