കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ തള്ളി ഇടവക വികാരി. ഫാ.നിക്കോളാസ് മണിപ്പറമ്പിലാണ് മുൻപുണ്ടായിരുന്ന നിലപാടില്‍ നിന്നും മലക്കം മറിഞ്ഞിരിക്കുന്നത്. കന്യാസ്ത്രീ തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നും തെളിവുണ്ടെങ്കില്‍ എന്തു കൊണ്ട് കാണിച്ചില്ലെന്നുമാണ് ഫാദര്‍ നിക്കോളാസ് ഇപ്പോള്‍ പറയുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് നാളെ ചോദ്യം ചെയ്യാനിരിക്കെയാണ് ഫാദര്‍ നിക്കോളാസ് കളംമാറിയത്.

ബിഷപ്പിനെതിരെ ശക്തമായ തെളിവുണ്ടെന്ന് മൂന്നുമാസം മുമ്പ് പറഞ്ഞ കന്യാസ്ത്രീ ഇതുവരെ തെളിവ് തന്നെ കാണിച്ചിട്ടില്ലെന്നും തെരുവില്‍ ഇറങ്ങുന്നതിനു മുമ്പ് തെളിവ് പൊലീസിനു നല്‍കാതെ സഭയെ അപമാനിക്കാന്‍ ഇടകൊടുത്ത അവര്‍ സഭാശത്രുക്കളാണെന്നും ഫാ.നിക്കോളാസ് മണിപ്പറമ്പില്‍ പറഞ്ഞു. ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ പക്കല്‍ ശക്തമായ തെളിവുകളുണ്ടെന്നും അതില്‍ ചിലത് താന്‍ കണ്ടുവെന്നുമായിരുന്നു നേരത്തെ വൈദികന്റെ നിലപാട്.

പരാതിക്കാരിയായ കന്യാസ്ത്രീ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ ഫാദര്‍ നിക്കോളാസിനോടാണ് ആദ്യം പറഞ്ഞത്. പിന്നീട് പൊലീസിന് നല്‍കിയ മൊഴിയിലും വൈദികന്‍ ഇക്കാര്യം തുറന്നു പറഞ്ഞിരുന്നു. ഞായറാഴ്ച കുര്‍ബാനയ്ക്കിടയിലെ പ്രസംഗത്തിലും ഫാ.നിക്കോളാസ് കന്യാസ്ത്രീയെ വിമര്‍ശിച്ചിരുന്നു.

അതേസമയം, തനിക്കെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയ്ക്കും കുടുംബത്തിനും എതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രംഗത്തെത്തി. കന്യാസ്ത്രീയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും കോട്ടയം കുറുവിലങ്ങാട് മഠത്തിലെ സ്ഥിരം പ്രശ്‌നക്കാരിയാണ് കന്യാസ്ത്രീയെന്നുമാണ് അദ്ദേഹം പറയുന്നത്. കന്യാസ്ത്രീയ്ക്ക് തന്നോട് വ്യക്തിവിരോധം ഉണ്ടെന്നും ബിഷപ്പ് ആരോപിച്ചു. ഹൈക്കോടതിയില്‍ നല്‍കാനായി തയ്യാറാക്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ബിഷപ്പിന്റെ ആരോപണങ്ങള്‍.

കേരളത്തില്‍ കാലുകുത്തിയാല്‍ കൈകാര്യം ചെയ്യുമെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നു. മഠത്തിലെ ശല്യക്കാരിയായതിനാല്‍ കന്യാസ്ത്രീയെ ചുമതലകളില്‍ നിന്ന് നീക്കിയിരുന്നു. ഇതാണ് തന്നോട് കന്യാസ്ത്രീയ്ക്ക് വിരോധം ഉണ്ടാകാന്‍ കാരണമെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. തനിക്കെതിരെ പൊലീസിന് നല്‍കിയ ആദ്യമൊഴിയില്‍ ലൈംഗികമായി പഡീപ്പിച്ചതായി പറഞ്ഞിട്ടില്ല. പിന്നീട് ആരോപണം ഉന്നയിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നുവെന്നും ഫ്രാങ്കോ മുളയ്ക്കല്‍.

അന്വേഷണത്തോട് താന്‍ പൂര്‍ണമായും സഹകരിക്കുമെന്നും ബിഷപ്പ് വ്യക്തമാക്കി. കേസില്‍ ഇപ്പോള്‍ നടക്കുന്നത് മാധ്യമ വിചാരണയാണെന്നും അദ്ദേഹം പറയുന്നു. കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കേരളത്തിലെത്തും. ബിഷപ്പിനെ നാളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. അറസ്റ്റുണ്ടാകുമെന്ന സൂചനകളുള്ളതിനാല്‍ ബിഷപ്പ് മുന്‍കൂര്‍ ജാമ്യം തേടാനും സാധ്യതയുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ