തൊടുപുഴ: ചീനിക്കുഴിയില്‍ പിതാവ് മകനെയും കുടുംബത്തെയും വീടിന് തീവച്ച് കൊലപ്പെടുത്തി. മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ ഫൈസലിന്റെ പിതാവ് ഹമീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഹമീദ് വീട് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഇയാള്‍ അയല്‍വാസികളെ കൃത്യം നടത്തിയ വിവരം അറിയിച്ചു. അയല്‍ക്കാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഹമീദിന്റെ അറസ്റ്റ് പ്രാഥമിക നടപടികള്‍ക്ക് ശേഷം രേഖപ്പെടുത്തും.
കൊലപാതകം ആസൂത്രിതമാണെന്നും പൊലീസ് വ്യക്തമാക്കി. വീടിന്റെ വാതിലുകളെല്ലാം പുറത്തുനിന്ന് പൂട്ടിയിരുന്നു. തീയണയ്ക്കാതിരിക്കുന്നതിനായി വീട്ടിലെ വാട്ടര്‍ ടാങ്കിലുണ്ടായിരുന്ന വെള്ളം മുഴുവന്‍ ഹമീദ് ഒഴുക്കിക്കളയുകയും ചെയ്തു. അയല്‍ വീട്ടിലെ ടാങ്കിലെ വെള്ളവും ഇയാള്‍ ഒഴുക്കി കളഞ്ഞതായാണ് വിവരം. പെട്ടെന്ന് തീ പടര്‍ന്നതിനാല്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്.
Also Read: സാംസ്‌കാരിക വൈവിധ്യങ്ങൾക്കുള്ള സ്വതന്ത്ര ഇടമാണ് ഈ മേള: ബീനാ പോൾ സംസാരിക്കുന്നു