കൊച്ചി: ഫാദര്‍ ജോബ് ചിറ്റിലപ്പിളളി വധക്കേസില്‍ പ്രതി രഘുകുമാറിനെ ഹൈക്കോടതി വെറുതെ വിട്ടു. സിബിഐ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി. 2012ലാണ് കൊച്ചി സിബിഐ കോടതി പ്രതിക്ക് ഇരട്ട ജീവപര്യന്തം വിധിച്ചത്. എന്നാല്‍ കുറ്റം തെളിയിക്കുന്നതില്‍ സിബിഐ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു.

ചാലക്കുടി തുരുത്തിപ്പറമ്പ് സഹായമാതാ പള്ളിവികാരിയായിരുന്ന ഫാദര്‍ ജോബ് ചിറ്റിലപ്പിള്ളി 2004 ആഗസ്ത് 28നാണ് കൊല്ലപ്പെട്ടത്. സാക്ഷി മൊഴികളില്‍ നിന്നും പ്രതി കുറ്റക്കാരനാണെന്ന് സിബിഐ കോടതി കണ്ടെത്തുകയായിരുന്നു. പ്രതി ദയ അര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞ കോടതി പ്രതിയ്ക്ക് 35000 രൂപ പിഴയും വിധിച്ചിരുന്നു.

പ്രതിയില്‍ നിന്നും ഈടാക്കുന്ന പണം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഫാദര്‍ ചിറ്റിലപ്പള്ളിയോട് പ്രതിക്കുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് സിബിഐയ്ക്ക് കൈമാറിയിരുന്നു. കേസില്‍ മറ്റു ചിലര്‍ കൂടി പ്രതികളാണെന്നുള്ള ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ കേസില്‍ രഘുവിനല്ലാതെ മറ്റാര്‍ക്കും പങ്കില്ലെന്ന് സിബിഐ കണ്ടെത്തുകയായിരുന്നു. സിബിഐ ചെന്നൈ യൂണിറ്റിലെ ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാറാണ് കേസ് അന്വേഷിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.