കൊച്ചി: രാജ്യത്ത് ഫാസ്‌ടാഗ് സംവിധാനം ഇന്നു മുതല്‍ നിർബന്ധമാക്കിയതോടെ ടോള്‍ പ്ലാസകളിൽ വൻ ഗതാഗതക്കുരുക്ക്. സംസ്ഥാനത്ത് തൃശൂർ പാലിയേക്കരയിലെയും പാലക്കാട് വാളയാറിലെയും ടോള്‍ പ്ലാസകളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഫാസ്‌ടാഗ് പതിക്കാത്ത വാഹനങ്ങൾക്കു ടോള്‍ പ്ലാസകളിൽ ഒറ്റ ട്രാക്ക് മാത്രമാക്കിയതോടെ ഗതാഗതക്കുരുക്ക് കിലോ മീറ്ററുകൾ നീളുന്ന കാഴ്ചയാണുള്ളത്.

ടോള്‍ പ്ലാസകളിലെ ആറ് ട്രാക്കുകളിലെ അഞ്ചിലും ഫാസ്ടാഗ് പതിച്ച വാഹനങ്ങള്‍ക്കു മാത്രമാണ് പ്രവേശനം.  ഫാസ്‌ടാഗ് പതിക്കാത്ത വാഹനങ്ങൾ ഒറ്റ വരിയില്‍ കൂടി മാത്രം പോകണം. ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ ഫാസ്ടാഗ് ട്രാക്കില്‍ കയറിയാല്‍ ഇരട്ടിത്തുക ടോള്‍ നല്‍കേണ്ടി വരും. ഫാസ്ടാഗ് സംവിധാനം കര്‍ശനമായി നടപ്പാക്കാനാണു ടോള്‍ പ്ലാസകള്‍ക്ക് ദേശീയപാത അഥോറിറ്റി നല്‍കിയിരിക്കുന്ന നിര്‍ദേശം.

പാലിയേക്കര ടോള്‍ പ്ലാസയില്‍ ഒരു വശത്തേയ്ക്ക് ആറ് ട്രാക്കാണുള്ളത്. ഇവയില്‍ അഞ്ചും ഇന്നു മുതല്‍ ഫാസ്ടാഗ് ട്രാക്കുകളായി മാറി. ദിവസം അരലക്ഷത്തോളം വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. എന്നാല്‍ ഇവയില്‍ പന്ത്രണ്ടായിരം എണ്ണത്തിനു മാത്രമേ ഫാസ്‌ടാഗ് ഉള്ളൂ. ഇതാണു പുതിയ പ്രതിസന്ധിക്കു കാരണം.

Read Also: Bigg Boss Malayalam 2, January 14 Written Live Updates: ഒരു വട്ടനെ പോലെ, ഭ്രാന്തനെ പോലെ ഇവിടെ നടക്കുകയാണെന്ന് രജിത് കുമാര്‍

നേരത്തെ ഫാസ്ടാഗ് സംവിധാനം നടപ്പാക്കുന്നതു രണ്ടുഘട്ടമായി നീട്ടുകയായിരുന്നു. ആദ്യം ഡിസംബര്‍ ഒന്നു മുതല്‍ ഫാസ്ടാഗ് നടപ്പാക്കാനായിരുന്നു ദേശീയപാതാ അതോറിറ്റിയുടെ തീരുമാനം. ഫാസ്ടാഗ് നടപ്പാക്കുന്നത് പിന്നീട് ഡിസംബര്‍ 15ലേക്കു മാറ്റി. തീരുമാനം വീണ്ടും ഒരുമാസത്തേക്കു നീട്ടുകയായിരുന്നു. 75 ശതമാനം വാഹനങ്ങള്‍ ഫാസ്ടാഗിലേക്ക് മാറിയിട്ടില്ലാത്തതിനാല്‍ ടോള്‍ പ്ലാസകളില്‍ ഗതാഗതക്കുരുക്കിന് കാരണമാകുമെന്നു കണ്ടാണു തീരുമാനം നീട്ടിയത്.

രാജ്യത്ത് ദേശീയ, സംസ്ഥാനപാതകളിലെ 420ലേറെ ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് സംവിധാനം നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫാസ്ടാഗുള്ള വാഹനങ്ങള്‍ക്കു ടോള്‍പ്ലാസയില്‍ കാത്തുനില്‍ക്കാതെ പ്രത്യേക വരി വഴി കടന്നുപോകാം. പഴയ വണ്ടികള്‍ക്കു ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരുന്നില്ല. ഇതാണു ഡിസംബര്‍ ഒന്നോടെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.

എന്താണ് ഫാസ്ടാഗ് ?

ഏതു ടോള്‍പ്ലാസയിലും ഉപയോഗിക്കാവുന്ന കടലാസ് രഹിത ഏകീകൃത പ്രീപെയ്ഡ് സംവിധാനമാണു ഫാസ്ടാഗ്. ദേശീയപാത അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണു സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഫാസ്ടാഗ് സംവിധാനത്തില്‍, ടോള്‍ പ്ലാസകളില്‍ ടോള്‍ തുക നേരിട്ടു കൈമാറാതെ അക്കൗണ്ട് വഴി ഓട്ടോമാറ്റിക്കായി നല്‍കാം. ഇതിനായി ഇലക്ട്രോണിക് ചിപ്പ് അടങ്ങിയ ഫാസ്ടാഗ് വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ ഒട്ടിക്കണം.

റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്‌ഐഡി) സാങ്കേതിക വിദ്യ ഉപയോഗിച്ചാണു ഫാസ്ടാഗ് സംവിധാനത്തിന്റെ പ്രവര്‍ത്തനം. ഫാസ്ടാഗ് ഒട്ടിച്ച വാഹനം ടോള്‍ പ്ലാസ വഴി കടന്നുപോകുമ്പോള്‍ ആര്‍എഫ്‌ഐഡി റീഡര്‍ വഴി നിര്‍ണയിച്ച് അക്കൗണ്ടില്‍നിന്നു പണം ഈടാക്കും. ഇതിനായി വാഹനമുടമ ഫാസ്ടാഗ് അക്കൗണ്ടില്‍ നേരത്തെ പണം നിക്ഷേപിക്കണം. ഓരോ ഇനം വാഹങ്ങള്‍ക്കും ടാഗിന്റെ നിറത്തില്‍ വ്യത്യാസമുണ്ടാകും.

ഫാസ്ടാഗ് അക്കൗണ്ട് എങ്ങനെ?

പ്രധാന ബാങ്കുകളില്‍ വാഹന ഉടമയുടെ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി ഫാസ്ടാഗ് അക്കൗണ്ട് തുറക്കുന്നതോടെ ഫാസ്ടാഗ് ലഭിക്കും. നൂറു രൂപയാണു ടാഗ് വില, 200 രൂപയുടെ തിരിച്ചുകിട്ടുന്ന നിക്ഷേപം, വാലറ്റില്‍ 200 രൂപ എന്നിങ്ങനെ അഞ്ഞൂറ് രൂപയാണ് ആദ്യം മുടക്കേണ്ടത്. അഞ്ചുവര്‍ഷം കാലാവധിയുള്ള അക്കൗണ്ടില്‍ തുടര്‍ന്ന് 100 രൂപ മുതല്‍ ലക്ഷം വരെ നിക്ഷേപിക്കാം. ഓണ്‍ലൈന്‍ ബാങ്കിങ് വഴിയും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും അക്കൗണ്ടിലേക്കു പണം നിക്ഷേപിക്കാം.

തിരഞ്ഞെടുത്ത അക്ഷയകേന്ദ്രങ്ങള്‍, പൊതുജനസേവന കേന്ദ്രങ്ങള്‍ (സി.എസ്.സി.) എന്നിവിടങ്ങളിലും ഫാസ്ടാഗ് രജിസ്‌ട്രേഷന്‍ നടത്താം. പുതിയ വാഹനങ്ങള്‍ക്ക് ഡീലര്‍മാര്‍തന്നെ ഫാസ്ടാഗ് സൗകര്യം ഏര്‍പ്പെടുത്തി നല്‍കുന്നുണ്ട്.

മെച്ചം എന്ത്?

ഫാസ്ടാഗ് സംവിധാനത്തില്‍ അഞ്ചിരട്ടി വേഗത്തില്‍ ടോള്‍പ്ലാസ കടന്നുപോകാമെന്നതാണു ദേശീയപാത അതോറിറ്റിയുടെ വാഗ്ദാനം. നിലവില്‍ ഒരു വാഹനത്തിന് ടോള്‍ബൂത്ത് കടക്കാന്‍ നിശ്ചയിച്ച 15 സെക്കന്‍ഡാണ്. എന്നാല്‍ ഫാസ്ടാഗ് സംവിധാനത്തില്‍ മൂന്നു സെക്കന്‍ഡ് മതിയെന്നാണു ദേശീയപാത അതോറിറ്റി അവകാശപ്പെടുനനത്.

മണിക്കൂറില്‍ 240 വാഹനങ്ങള്‍ വരെ കടന്നുപോകാനാണു നിലവില്‍ ഒരു ടോള്‍ ബൂത്തിന്റെ ശേഷി. ഇതു ഫാസ്ടാഗ് സംവിധാനത്തില്‍ 1200 വാഹനങ്ങളായി ഉയരുമെന്നു ദേശീയപാത അതോറിറ്റി പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.