കാസർഗോഡ്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ആരോപണവിധേയനായ ലീഗ് എംഎൽഎ എം.സി.കമറുദ്ദീൻറെ അറസ്റ്റ് രേഖപ്പെടുത്തി. എംഎൽഎക്കെതിരെ തെളിവുകൾ കിട്ടിയെന്ന് അന്വേഷണസംഘം പറഞ്ഞു.

ഇന്നു രാവിലെയാണ് നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കമറുദ്ദീനെ ചോദ്യം ചെയ്യാൻ ആരംഭിച്ചത്. ചോദ്യം ചെയ്യൽ മണിക്കൂറുകൾ നീണ്ടിരുന്നു. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എംഎൽഎക്കെതിരെ 115 കേസുകൾ ഇതുവരെ റജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കാസർഗോഡ് എസ്‌പി ഓഫീസിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ഫാഷൻ ഗോൾഡ് ചെയർമാനാണ് കമറുദ്ദീൻ.

നിക്ഷേപകരുടെ പരാതി പരിഹരിക്കാൻ ലീഗ് നിയോഗിച്ച മധ്യസ്ഥൻ കല്ലട്ര മാഹിൻ ഹാജിയെ കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കാസർഗോഡ് ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ജ്വല്ലറിയുടെ ആസ്‌തികൾ സംബന്ധിച്ച വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്. നേരത്തെ ജ്വല്ലറി എംഡി പൂക്കോയ തങ്ങളെ ഒൻപത് മണിക്കൂറോളം ചോദ്യം ചെയ്‌തിരുന്നു.

നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എംഎൽഎയുടെ വീട്ടിൽ നേരത്തെ റെയ്‌ഡ് നടത്തിയിരുന്നു. എംഎൽഎയുടെ കാസർഗോഡ് പടന്നയിലെ വീട്ടിലാണ് റെയ്‌ഡ് നടത്തിയത്. രേഖകള്‍ കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം, താൻ തട്ടിപ്പ് നടത്തിയിട്ടില്ലെന്നും ഉപജീവനമാർഗത്തിനായി ചേർന്ന ഫാഷൻ ഗോൾഡ് ജുവലറി ബിസിനസ് സംരംഭം തകർന്നതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നുമാണ് മഞ്ചേശ്വരം എംഎൽഎ കൂടിയായ കമറുദ്ദീൻ പറയുന്നത്.

Read Also: കൊച്ചി കോർപ്പറേഷനിൽ ഹാട്രിക് ലക്ഷ്യവുമായി യുഡിഎഫ്; തിരിച്ചുപിടിക്കാൻ എൽഡിഎഫ്

കാസർഗോഡ് തൃക്കരിപ്പൂർ ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഖമറുദ്ദീനെതിരെ നേരത്തെ പൊലീസ് കേസെടുത്തത്. മൂന്ന് പേരിൽ നിന്നായി മുപ്പത്തിയാറ് ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് കേസ്. എണ്ണൂറോളം പേരിൽനിന്ന് നൂറുകോടിയിലേറെ രൂപ നിക്ഷേപമായി വാങ്ങി എന്നാണ് സൂചന. ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ചവർ നൽകിയ പരാതിയിലാണ് എംഎൽഎയ്‌ക്കെതിരെ കേസ്.

എണ്ണൂറോളം പേർ നിക്ഷേപകരായി ഉണ്ടായിരുന്ന ഫാഷൻ ഗോൾഡിന് ചെറുവത്തൂർ, പയ്യന്നൂർ, കാസർഗോഡ് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും ജനുവരിയിൽ അടച്ച് പൂട്ടിയിരുന്നു. എന്നാൽ, നിക്ഷേപകർക്ക് പണം തിരിച്ചുനൽകിയില്ല. പണം തിരിച്ചുലഭിക്കാത്ത സാഹചര്യം വന്നതോടെ നിക്ഷേപകർ പരാതി നൽകുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.