കാസർഗോഡ്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ അറസ്റ്റിലായ ലീഗ് എംഎൽഎ എം.സി.കമറുദ്ദീനെതിരെ പരാതികൾ വർധിക്കുന്നു. കമറുദ്ദീനെതിരെ റജിസ്റ്റർ ചെയ്‌ത കേസുകളുടെ എണ്ണം 117 ആയി. തട്ടിപ്പിനിരയായവർ കമറുദ്ദീൻ അറസ്റ്റിലായതിനു ശേഷവും പരാതികൾ നൽകിയിട്ടുണ്ട്.

അതേസമയം, നിക്ഷേപ തട്ടിപ്പ് കേസിൽ ജ്വല്ലറി എം.ഡി.പൂക്കോയ തങ്ങളുടെ അറസ്റ്റ് ഉടനുണ്ടാകും. എസ്‌പി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടങ്കിലും പൂക്കോയ തങ്ങൾ അതിനു തയ്യാറായില്ല. പൂക്കോയ തങ്ങൾ ഒളിവിലാണെന്നും റിപ്പോർട്ടുകളുണ്ട്. ആശുപത്രിയിലേക്കെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും പുറപ്പെട്ടതെന്ന് ബന്ധുക്കൾ പറയുന്നു. ശനിയാഴ്‌ച കമറുദ്ദീനെ ചോദ്യം ചെയ്യുന്നതിനിടെയാണ് എംഡിയെ ഫോണിൽ വിളിച്ച് ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടത്.

കാൽ മുട്ടിന്റെ ചികിത്സയ്‌ക്ക് കോഴിക്കോട് ആശുപത്രിയിലേക്ക് പോവുകയാണന്നും ആവശ്യപ്പെടുകയാണങ്കിൽ നേരിട്ട് ഹാജരാകാമെന്നും മറുപടി നൽകി. 12 മണിക്ക് വീണ്ടും വിളിച്ചപ്പോൾ കൊയിലാണ്ടിയിൽ എത്തിയതായും അറിയിച്ചു. ഉടൻ ഹാജരാകണമെന്നു നിർദേശിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും കാസർഗോഡേക്ക് മടങ്ങിയതായി പറയുന്നു. പകൽ മൂന്നോടെ കാഞ്ഞങ്ങാടെത്തി സറണ്ടറാകുമെന്ന് അഭിഭാഷകൻ അന്വേഷണ സംഘത്തെ ധരിപ്പിച്ചു. രാത്രി ഒൻപത് വരെ ഹാജരായില്ല. വൈകീട്ട് ചന്തേര പൊലീസ്‌ വീട്ടിൽ പരിശോധന നടത്തി.

Read Also: nജോ, നമ്മളിത് സാധ്യമാക്കിയിരിക്കുന്നു! നിങ്ങളാണ് അടുത്ത പ്രസിഡന്റ് ; ബൈഡന് വൈസ് പ്രസിഡന്റിന്റെ കോൾ

ഇന്നലെ രാവിലെയാണ് നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കമറുദ്ദീനെ ചോദ്യം ചെയ്യാൻ ആരംഭിച്ചത്. ചോദ്യം ചെയ്യൽ മണിക്കൂറുകൾ നീണ്ടിരുന്നു. കാസർഗോഡ് എസ്‌പി ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. കാസർഗോഡ് തൃക്കരിപ്പൂർ ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഖമറുദ്ദീനെതിരെ നേരത്തെ പൊലീസ് കേസെടുത്തത്. മൂന്ന് പേരിൽ നിന്നായി മുപ്പത്തിയാറ് ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് കേസ്. എണ്ണൂറോളം പേരിൽനിന്ന് നൂറുകോടിയിലേറെ രൂപ നിക്ഷേപമായി വാങ്ങി എന്നാണ് സൂചന. ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ചവർ നൽകിയ പരാതിയിലാണ് എംഎൽഎയ്‌ക്കെതിരെ കേസ്.

എണ്ണൂറോളം പേർ നിക്ഷേപകരായി ഉണ്ടായിരുന്ന ഫാഷൻ ഗോൾഡിന് ചെറുവത്തൂർ, പയ്യന്നൂർ, കാസർഗോഡ് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും ജനുവരിയിൽ അടച്ച് പൂട്ടിയിരുന്നു. എന്നാൽ, നിക്ഷേപകർക്ക് പണം തിരിച്ചുനൽകിയില്ല. പണം തിരിച്ചുലഭിക്കാത്ത സാഹചര്യം വന്നതോടെ നിക്ഷേപകർ പരാതി നൽകുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook