കണ്ണൂർ: എസ്‌ഡിപിഐ പ്രവർത്തകൻ ഫസലിന്റെ വധവുമായി ബന്ധപ്പെട്ട് പുറത്തുവന്ന തന്റെ വെളിപ്പെടുത്തൽ പൊലീസ് തല്ലി പറയിപ്പിച്ചതാണെന്ന് ആർഎസ്എസ് പ്രവർത്തകൻ സുബീഷ്. “17-11-2016 ൽ മൂന്നാറിൽ പോയി തിരിച്ച് വരും വഴി വടകരയിൽ വച്ച് പൊലീസ് വാഹനം തടഞ്ഞ് നിർത്തി ബലമായി തന്നെ അറസ്റ്റ് ചെയ്തുവെന്നും പിന്നീടാണ് ഈ സംഭവങ്ങൾ നടന്നതെന്നും” സുബീഷ് കണ്ണൂരിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

“കണ്ണൂരിൽ അഴീക്കൽ തുറമുഖ സ്റ്റേഷനിലേക്കാണ് തന്നെ കൊണ്ടുപോയത്. പൊലീസ് എഴുതി കൊണ്ടുവന്ന കുറിപ്പ് വായിക്കാൻ നിർബന്ധിച്ച്. ഇതിന് ഞാൻ സമ്മതിച്ചില്ല. തലകീഴായി കെട്ടിത്തൂക്കി എരിയുന്ന വെള്ളം തന്റെ ദേഹത്ത് ഒഴിച്ചു. ബിജെപി-സംഘപരിവാർ നേതാക്കളുടെ പേരിൽ കുറ്റസമ്മതം നടത്താൻ പൊലീസ് നിർബന്ധിച്ചു.”

“അടുത്ത ദിവസം രാവിലെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയി. അരയ്ക്ക് കീഴെ കുത്തിവയ്പ് നടത്തിയ ശേഷം തിരികെ കൊണ്ടുവന്ന് വീണ്ടും മർദ്ദിച്ചു. പിന്നെയും ആശിർവാദ് ആശുപത്രിയിലും കൊയ്ലി ആശുപത്രിയിലും തന്നെ കൊണ്ടുപോയി. 19ാം തീയ്യതി വീണ്ടും പൊലീസ് തന്നെ ഇതേ സ്ഥലത്ത് വച്ച് മർദ്ദിച്ചു.”

“ജീവിക്കാനനുവദിക്കില്ലെന്നും, ജീവിതകാലം മുഴുവൻ ജയിലിൽ അടയക്കുമെന്നും പൊലീസ് ഭീഷണിപ്പെടുത്തി. കുടുംബത്തെയും ഭീഷണിപ്പെടുത്തി. പൊലീസ് പറയുന്ന രീതിയിൽ തന്നെ താൻ പറയുകയായിരുന്നു. രാത്രി മട്ടന്നൂർ കോടതി ജഡ്ജി മുൻപാകെ തന്നെ ഹാജരാക്കിയപ്പോൾ മർദ്ദിച്ച കാര്യം താൻ ജഡ്ജിയോട് പറഞ്ഞിരുന്നു.”

Read More : ഫസല്‍ കൊല്ലപ്പെട്ടത് 10 വര്‍ഷം മുമ്പൊരു നോമ്പുകാലം; കാലം കാത്തുവെച്ച വെളിപ്പെടുത്തലും മറ്റൊരു നോമ്പുകാലത്ത്

“25-6-2016 ന് കൂത്തുപറമ്പ് കോടതിയിലും ക്രൂരമായ മർദ്ദനം ഏറ്റ കാര്യം താൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. പിന്നീടാണ് മോഹനൻ കേസിൽ പ്രതി ചേർക്കാനാണ് തന്നെ പിടികൂടിയതെന്ന് താനറിയുന്നത്. കോടതി നിർദ്ദേശപ്രകാരം പൊലീസ് ആറ് ദിവസം കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഡിവൈഎസ്പിമാരായ സസദാനന്ദനും പ്രിൻസ് എബ്രഹാമും കുടുംബത്തെയും തന്നെയും സംരക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്തു. എത്ര തുക വേണമെങ്കിലും വാങ്ങിത്തരാമെന്നും പറഞ്ഞു. പൊലീസുമായി സഹകരിച്ചില്ലെങ്കിൽ മുന്നോട്ടുള്ള ജീവിതം ദുസ്സഹമായിരിക്കുമെന്ന് പൊലീസ് പറഞ്ഞു.”

“അഭിഭാഷകൻ പറഞ്ഞിട്ടാണ് പൊലീസ് മർദ്ദിച്ചെന്ന് പറഞ്ഞതെന്നും, തന്നെ പൊലീസ് മർദ്ദിച്ചിട്ടില്ലെന്നും കോടതിയിൽ പറയണമെന്ന് പറഞ്ഞ് പൊലീസ് പിന്നെയും മാനസികമായി പീഡിപ്പിച്ചു.”

“ജീവൻ പോലും ഭീഷണിയിലാകുമെന്ന സ്ഥിതിയിലായപ്പോഴാണ് പൊലീസ് പറയുന്നത് പ്രകാരം കാര്യങ്ങൾ സമ്മതിച്ചത്. ഞാൻ വീഡിയോ കണ്ടിട്ടില്ല. സുഹൃത്തുക്കൾ പറഞ്ഞത് തന്നെ മാത്രമേ വീഡിയോയിൽ കാണിക്കുന്നുള്ളൂവെന്നാണ്. എന്റെ ചുറ്റിലും പൊലീസ് ഉദ്യോഗസ്ഥരും മഫ്തിയിലുള്ളവരും ഉണ്ടായിരുന്നു. അവരിൽ ചിലർ പുറകിൽ നിന്ന് പറഞ്ഞ് തരുന്ന പ്രകാരമാണ് താൻ പറഞ്ഞത്. അവർ എന്നെക്കൊണ്ട് ചെയ്യിപ്പിച്ചതാണ്. സ്വന്തം ഇഷ്ടപ്രകാരം താൻ ഒരു മൊഴിയും പൊലീസിനോട് പറഞ്ഞിട്ടില്ല” സുബീഷ് പറഞ്ഞു.

“മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നപ്പോഴാണ് ഇക്കാര്യങ്ങൾ എല്ലാം നടന്നത്. ജയരാജേട്ടാ എന്ന് വിളിച്ച് പൊലീസ് സംസാരിക്കുന്നത് കേട്ടിരുന്നു. അഞ്ചിൽ കൂടുതൽ തവണ തന്നെ കൊണ്ട് ഒരേ കാര്യം പറയിപ്പിച്ചു. 19ാം തീയ്യതിയായിരിക്കണം തന്നെ കൊണ്ട് ഇക്കാര്യം പറയിപ്പിച്ചത്. 19ാം തീയ്യതി രാത്രി പത്ത് മണിക്കാണ് തന്നെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയത്.”

മാനസികമായി തകർന്ന നിലയിലായതിനാലാണ് താൻ ഇക്കാര്യം ഇത്ര നാൾ പുറത്തു പറയാതിരുന്നതെന്നും സുബീഷ് വിശദീകരിച്ചു.

Read More : ‘എന്റെ അച്ഛനെ സ്വതന്ത്രനാക്കു’; ഫസല്‍ വധക്കേസില്‍ കാരായി രാജന് നീതി തേടി മകള്‍ മേഘ കാരായി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ