കോഴിക്കോട്: ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്‌ണൻ ഫസൽ വധക്കേസിൽ ഇടപെട്ടതായി മുൻ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. അന്വേഷണം സിപിഎം നേതാക്കളിലേക്ക് നീണ്ടപ്പോൾ അന്വേഷണം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതായി മുൻ ഡിവൈഎസ്‌പി കെ.രാധാകൃഷ്‌ണൻ.

അന്വേഷണത്തിന്റെ പേരിൽ വധശ്രമം ഉണ്ടായതായി അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 2006 ലാണ് എൻഡിഎഫ് പ്രവർത്തകനായ ഫസൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ സിപിഎം നേതാക്കളായ കാരായി ചന്ദ്രശേഖരനും കാരായി രാജനും എതിരായാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.

താൻ അന്വേഷിച്ച കേസ് സിപിഎം നേതാക്കളിലേക്ക് എത്തിയപ്പോഴാണ് ഇത് ക്രൈം ബ്രാഞ്ചിന് വിട്ടതെന്ന് കെ.രാധാകൃഷ്ണൻ പറഞ്ഞു. കേസിലെ പ്രധാന സാക്ഷികളെ കൊലപ്പെടുത്തിയെന്നും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ പലരെയും വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്നും കെ.രാധാകൃഷ്ണൻ ആരോപിച്ചു.

തനിക്ക് ഐപിഎസ് ലഭിച്ചെങ്കിലും ഒന്നരവര്‍ഷമായി നിയമനവും ശമ്പളവുമില്ലെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരെ കളളക്കേസുകൾ റജിസ്റ്റർ ചെയ്തെന്നും ഇതിൽ ചിലത് കോടതിയിൽ തളളിപ്പോയെന്നും അദ്ദേഹം ആരോപിച്ചു.

ആദ്യം സിപിഎം പ്രവർത്തകനായ ഫസൽ പിന്നീട് എൻഡിഎഫിന്രെ പ്രവർത്തകനായതിലെ പക തീർത്തതാണ് കൊലയെന്നും ആദ്യം കേസ് അന്വേഷിച്ച സിഐ സുകുമാരൻ പറഞ്ഞിരുന്നു. ടിപി വധക്കേസിൽ തടവിൽ കഴിയുന്ന കൊടി സുനിയും സംഘവും ഫസലിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ