തിരുവനന്തപുരം: ഒരു വര്‍ഷത്തേക്ക് കാര്‍ഷിക-കാര്‍ഷികേതര വായ്പകളില്‍ ജപ്തി ഉണ്ടാവില്ലെന്ന് കാര്‍ഷിക വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍. ജപ്തി നിര്‍ത്തിവെയ്ക്കണം എന്ന ആവശ്യം ബാങ്കേഴ്സ് സമിതി അംഗീകരിച്ചതായി മന്ത്രി പറഞ്ഞു. മൊറട്ടോറിയം ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ആര്‍ബിഐ ആണ്. ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ വേഗത്തിലാക്കും. കര്‍ഷകരുടെ എല്ലാ വായ്പകളിലും ഒരു വര്‍ഷത്തേക്ക് സര്‍ഫാസി ചുമത്തില്ല.

കടാശ്വാസ പരിധി രണ്ട് ലക്ഷമാക്കി ഉയര്‍ത്തുന്നതിന് ബാങ്കേഴ്‌സ് സമിതി തത്വത്തില്‍ അംഗീകാരം നല്‍കിയതായും മന്ത്രി അറിയിച്ചു. ഡിസംബര്‍ 31 വരെ ജപ്തി നടപടികള്‍ ഉണ്ടാകില്ലെന്നും സര്‍ഫാസി നിയമം ഉപയോഗിക്കില്ലെന്നും മന്ത്രി പറഞ്ഞു.

കർഷകരുടെ പ്രശ്നങ്ങള്‍ ‍ പരിഹരിക്കാന്‍ ചേര്‍ന്ന സംസ്ഥാന തല ബാങ്കേ‍ഴ്സ് സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കർഷകരുടെ ആത്മഹത്യ അടക്കമുളള പ്രശ്നങ്ങൾ വിശദീകരിച്ചു പ്രളയ ബാധിത പ്രദേശത്തെ കാർഷിക വായ്പകൾക്ക് ഈ വർഷം ഡിസംബർ 31വരെ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്.

കടാശ്വാസ കമ്മീഷന്‍റെ പരിധിയിൽ പൊതുമേഖലാ വാണിജ്യ ബാങ്കുകളെയും ഉൾപ്പെടുത്താമെന്ന് ബാങ്കേഴ്സ് സമിതി ഉറപ്പ് നല്‍കിയിട്ടുണ്ട്. നിലവിൽ സഹകരണ ബാങ്കുകൾ മാത്രമാണ് കമ്മീഷന്‍റെ പരിധിയിലുള്ളത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ