കൊച്ചി: ഇടുക്കി ജില്ലയില്‍ പ്രളയത്തിനു ശേഷം കര്‍ഷകര്‍ക്കു ബാങ്ക് വായ്പ തിരികെ അടയ്ക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടെന്നും എന്നാല്‍ ജില്ലയില്‍ അടുത്ത നാളുകളില്‍ ഉണ്ടായ ആത്മഹത്യകളെല്ലാം കര്‍ഷക ആത്മഹത്യകളല്ലെന്നും ഇടുക്കി ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ സര്‍ക്കാരിനു റിപ്പോര്‍ട്ടു നല്‍കി. ഒന്‍പത് ആത്മഹത്യകളാണ് രണ്ടുമാസത്തിനുള്ളില്‍ ജില്ലയില്‍ ഉണ്ടായിട്ടുള്ളതെങ്കിലും ഇതെല്ലാം കര്‍ഷക ആത്മഹത്യകളാണെന്നു പറയാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം പ്രളയ ദുരിതാശ്വാസം ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് ജീവനൊടുക്കിയ ഏലപ്പാറ ചെമ്മണ്ണ് സ്വദേശിയായ രാജന് കൃഷിയോ കൃഷി ഭൂമിയോ ഇല്ലായിരുന്നെന്നും അടിമാലി സ്വദേശിയായ മറ്റൊരു കര്‍ഷകന്‍ സ്ഥലം പാട്ടത്തിനു നല്‍കിയിരിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ജില്ലയിലെ കാര്‍ഷിക മേഖല പ്രളയത്തിനു ശേഷം കടുത്ത പ്രശ്നങ്ങളാണ് അഭിമുഖീകരിക്കുന്നതെന്നും ഈ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിക്കണമെന്നും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം ജില്ലാ കൃഷി ഡയറക്ടര്‍ സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടിലും സമീപകാലത്തുണ്ടായ ആത്മഹത്യകളെല്ലാം കര്‍ഷക ആത്മഹത്യകളെന്നു പറയാനാവില്ലെന്നും എന്നാല്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധി അനുഭവിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. പ്രളയത്തില്‍ ഇടുക്കി, അടിമാലി ബ്ലോക്കുകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായതെന്നും ഇവിടെ പ്രളയത്തില്‍ വന്‍തോതില്‍ കൃഷി നശിച്ചെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ഇതിനിടെ ബാങ്കില്‍ നിന്നു ജപ്തി നോട്ടീസ് ലഭിച്ചതിന്റെ മനോവിഷമത്തില്‍ നിര്‍മാണത്തൊഴിലാളി ഹൃദയാഘാതം മൂലം മരിച്ചു. വണ്ണപ്പുറം അമ്പലപ്പടി വാഴേക്കുടിയില്‍ ജോസഫ് (72) ആണ് മരിച്ചത്. മകളുടെ വിവാഹ ആവശ്യത്തിനു സഹകരണ ബാങ്കില്‍ നിന്നെടുത്ത വായ്പ കുടിശ്ശിക ആയതിനെത്തുടര്‍ന്നു ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ഹൃദയാഘാതമുണ്ടായതെന്നു ബന്ധുക്കള്‍.

ജില്ലയിലെ കാര്‍ഷിക ആത്മഹത്യകളില്‍ അടിയന്തര നടപടിയാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആറിന് ഇടുക്കിയില്‍ ഉപവസിക്കുന്നുണ്ട്. കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ഒന്‍പതിന് ഇടുക്കി ജില്ലാ ഹര്‍ത്താല്‍ നടത്താന്‍ യുഡിഎഫ് ജില്ലാ കളക്ടറോട് അനുമതി തേടിയിട്ടുമുണ്ട്. അതേസമയം ഇനി ഏതെങ്കിലും കര്‍ഷകനു നോട്ടീസ് അയച്ചാല്‍ ബാങ്ക് മേധാവികള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.