തിരുവനന്തപുരം: കേരളത്തിൽ വർധിച്ചു വരുന്ന കർഷക ആത്മഹത്യകളിൽ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. കര്‍ഷക ആത്മഹത്യ ചര്‍ച്ച ചെയ്യാന്‍ നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും. കര്‍ഷകര്‍ക്ക് എതിരായ ജപ്തി നടപടികള്‍ ചര്‍ച്ച ചെയ്യും. വായ്പ മുടങ്ങിയ കർഷകർക്ക് ബാങ്കുമായി ബന്ധപ്പെട്ട് എന്ത് സഹായമാണ് ചെയ്യാന്‍ കഴിയുകയെന്ന് പരിശോധിക്കും. മറ്റന്നാള്‍ ബാങ്കേഴ്സ് സമിതി യോഗവും ചേരുന്നുണ്ട്.

കര്‍ഷകരെ സമ്മര്‍ദ്ദത്തിലാക്കുന്നത് ബാങ്കുകളാണെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. ജപ്തി നടപടികള്‍ ചെയ്യരുതെന്ന് പറഞ്ഞിട്ടും ബാങ്കുകള്‍ ചെവി കൊണ്ടില്ല. ബാങ്കുകള്‍ ജപ്തി നടപടികള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ഇടുക്കിയില്‍ കൂടുതല്‍ കര്‍ഷകര്‍ക്ക് ഇപ്പോള്‍ ജപ്തി നോട്ടീസ് കിട്ടിയിട്ടുണ്ട്. പതിനായിരത്തോളം കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസ് ലഭിച്ചു. ആത്മഹത്യയല്ലാതെ മറ്റ് വഴികളില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. മുമ്പൊന്നും ഉണ്ടാകാത്തവിധം കർഷക ആത്മഹത്യകളാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. കർഷകർക്ക് എങ്ങനെ ആശ്വാസം നൽകാമെന്ന് ചർച്ച ചെയ്യണം. കടക്കെണിയിലകപ്പെട്ട കർഷകർക്ക് പരമാവധി സഹായം നൽകാൻ സ‍ർക്കാർ തയ്യാറാകണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

വായ്പ മുടങ്ങിയ കർഷകർക്ക് ഇനി നോട്ടീസ് അയക്കരുതെന്ന് ബാങ്കുകൾക്ക് സർക്കാർ നിർദേശം നൽകണം. കർഷകരുമായി ബന്ധപ്പെട്ട മുഴുവൻ നടപടികളും ബാങ്കുകൾ നിർത്തിവയ്ക്കണമെന്നും ഉമ്മൻചാണ്ടി അഭ്യർത്ഥിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ