തിരുവനന്തപുരം: കർഷക സമരത്തിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കര്‍ഷക പോരാട്ടം രാജ്യത്തിന്റെയാകെയുള്ള പ്രതിഷേധ വേലിയേറ്റമായി മാറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാലങ്ങളായി രാജ്യം ഭരിച്ച, ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിച്ച, ബിജെപിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട വലതുപക്ഷ പാര്‍ട്ടികളുടെ കോര്‍പറേറ്റ് ദാസ്യത്തിന്റെ ഇരകളാണ് കര്‍ഷകരെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കർഷക പോരാട്ടം രാജ്യത്തിന്റെയാകെയുള്ള പ്രതിഷേധ വേലിയേറ്റമായി മാറുകയാണ്. ഇന്ത്യ കണ്ട ഏറ്റവും പ്രക്ഷുബ്ധമായ ജനമുന്നേറ്റമായി അത് ഉയരുന്ന അനുഭവമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടാകുന്നത്. 90കളിൽ കോൺഗ്രസിൻ്റെ കൈപിടിച്ച് നിയോലിബറൽ നയങ്ങൾ രാജ്യത്ത് അരങ്ങേറിയത് മുതൽക്കുള്ള ചരിത്രം ഈ പോരാട്ടത്തിന്റെ പിന്നിലുണ്ട്. കടം കയറി ആത്മാഹുതി ചെയ്യേണ്ടി വന്ന മൂന്നര ലക്ഷത്തിലധികം കർഷകരുടെ കണ്ണീരിലും ചോരയിലും കുതിർന്ന ചരിത്രമാണത്. അവശേഷിച്ച പ്രതീക്ഷയും കവർന്നെടുത്തപ്പോളാണ് ഇന്നവർ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്. കാലങ്ങളായി രാജ്യം ഭരിച്ച, ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിച്ച, ബിജെപിയും കോൺഗ്രസും ഉൾപ്പെട്ട വലതുപക്ഷ പാർട്ടികളുടെ കോർപ്പറേറ്റ് ദാസ്യത്തിൻ്റെ ഇരകളാണ് കർഷകർ.

രാജ്യത്തിൻ്റെ നട്ടെല്ലായ കർഷക സമൂഹത്തിൻ്റെ ആശങ്കകളെ പരിഹരിക്കുന്നതിനു പകരം കേന്ദ്ര സർക്കാർ സമരത്തെ അടിച്ചമർത്തുന്ന കാഴ്ചയാണ് കാണുന്നത്. മർദ്ദനമുറകൾ ഉപയോഗിച്ചു കർഷകരെ നേരിടുകയാണ്. എന്തിനാണ് കർഷകരെ ഭയക്കുന്നത്? അവരുടെ ന്യായമായ ആവശ്യങ്ങൾ ചെവിക്കൊള്ളാത്തതെന്തുകൊണ്ടാണ്? ഈ ചോദ്യങ്ങൾ പൊതുസമൂഹം ഉറക്കെ ചോദിക്കുന്ന സാഹചര്യം സംജാതമായിരിക്കുന്നു.

ഇനിയെങ്കിലും കർഷകരെ ശത്രുക്കളെപ്പോലെ പരിഗണിക്കുന്ന സമീപനത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണം. അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് സമരം ഒത്തു തീർപ്പാക്കണം. ക്രിയാത്മകവും ആത്മാർത്ഥവുമായ കൂടിയാലോചനയ്ക്കു കേന്ദ്ര സർക്കാർ തയാറാകണം. കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണം. അവരുടെ ആശങ്കകൾ പരിഹരിച്ചു കൊണ്ട് കർഷകർക്കനുകൂലമായ നയങ്ങളുമായി മുൻപോട്ടു പോകണം. കർഷകരുടെ സുരക്ഷിതമായ ജീവിതം ഈ നാടിൻ്റെ ശോഭനമായ ഭാവിയ്ക്ക് അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ് കേന്ദ്ര സർക്കാർ സ്വയം തിരുത്തി മുൻപോട്ട് പോകാൻ തയ്യാറാകണം.

Read More: ചർച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രം; തീരുമാനിച്ചിട്ട് അറിയിക്കാമെന്ന് കർഷകർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.