scorecardresearch
Latest News

മൊറട്ടോറിയം ഉത്തരവ് വൈകിയതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി; ആശങ്ക വേണ്ടെന്ന് കൃഷിമന്ത്രി

ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ വിമർശനം

Pinarayi Vijayan, പിണറായി വിജയൻ, cpm, സിപിഎം, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: കര്‍ഷകരുടെ വായ്പയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച ഉത്തരവ് വൈകിയതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി. മന്ത്രിസഭാ യോഗത്തില്‍ ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി വിമര്‍ശിച്ചതായും റിപ്പോര്‍ട്ടുകള്‍. മൊറട്ടോറിയം ഉത്തരവ് വൈകിയതില്‍ യാതൊരു ന്യായീകരണവും അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്തുകൊണ്ടാണ് ഉത്തരവ് സമയബന്ധിതമായി ഇറക്കാന്‍ സാധിക്കാതിരുന്നതെന്ന് ചീഫ് സെക്രട്ടറി ടോം ജോസിനോട് മുഖ്യമന്ത്രി ചോദിച്ചു.

കര്‍ഷകരുടെ എല്ലാ വായ്പകളിലും ഡിസംബര്‍ 31 വരെ മൊറട്ടോറിയം ഏര്‍പ്പെടുത്താനുള്ള ഉത്തരവാണ് വൈകിയത്. കര്‍ഷക ആതമഹത്യകളുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് അഞ്ചിന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പൊതുമേഖലാ, വാണിജ്യ, സഹകരണ ബാങ്കുകളില്‍ നിന്ന് കര്‍ഷകരെടുത്ത എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിച്ചത്. എന്നാല്‍, ഉത്തരവിറക്കാന്‍ വൈകുകയായിരുന്നു. പ്രളയ സമയത്ത് പ്രഖ്യാപിച്ചിരുന്ന മൊറട്ടോറിയം ഡിസംബര്‍ മാസത്തേക്ക് നീട്ടുകയായിരുന്നു മന്ത്രിസഭാ യോഗം ചെയ്തത്. എന്നാല്‍, മന്ത്രിസഭാ യോഗം കഴിഞ്ഞ 48 മണിക്കൂര്‍ കഴിഞ്ഞിട്ടും ഉത്തരവിറക്കിയില്ല. പിന്നീട് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നലവില്‍ വന്നതോടെ ഉത്തരവിറക്കുന്നത് നീണ്ടുപോയി.

അതേസമയം, നിലവിലെ മൊറട്ടോറിയം നിലനില്‍ക്കുന്നതിനാല്‍ ഉത്തരവ് വൈകിയത് ദോഷം ചെയ്യില്ലെന്നാണ് ചീഫ് സെക്രട്ടറി ടോം ജോസിന്റെ വിശദീകരണം. 2018 ഒക്ടോബറില്‍ സര്‍ക്കാര്‍ ഇറക്കിയ മൊറട്ടോറിയം ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്നും ഈ ഉത്തരവ് 2019 ഒക്ടോബര്‍ 11 വരെ നിലവിലുള്ളതാണെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

മൊറട്ടോറിയം ഉത്തരവ് വൈകിയതില്‍ ആശങ്ക വേണ്ടെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാറും പറഞ്ഞു. ചില സാങ്കേതിക പ്രശ്‌നങ്ങളാണ് ഉത്തരവ് വൈകാന്‍ കാരണം. മുന്‍ മൊറട്ടോറിയം നിലനില്‍ക്കുന്നതിനാല്‍ കര്‍ഷകര്‍ ആശങ്കപ്പെടേണ്ട എന്നും കൃഷിമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Farmers moratorium kerala cm against chief secretary