കൊച്ചി: ഇടുക്കിയെ ഞെട്ടിച്ച് വീണ്ടും കര്‍ഷക ആത്മഹത്യ. അടിമാലി മുക്കാലേക്കര്‍ കുന്നത്ത് സുരേന്ദ്രന്‍ (67), പെരിഞ്ചാംകുട്ടി വരിക്കാനിക്കൽ ജെയിംസ് (52) എന്നിവരാണ് മരിച്ചത്. ജെയിംസ് പെരിഞ്ചാംകിട്ട പ്ലാന്റേഷനിൽ തൂങ്ങി മരിക്കുകയായിരുന്നു. വിഷം കഴിച്ച് ചികിത്സയിലിരിക്കെയാണ് സുരേന്ദ്രൻ മരിച്ചത്.

ഇതോടെ ഇടുക്കി ജില്ലയില്‍ രണ്ടു മാസത്തിനിടെ കടക്കെണിയെത്തുടര്‍ന്ന് ജീവനൊടുക്കിയ കര്‍ഷരുടെ എണ്ണം ഏഴായി. മക്കളുടെ വിവാഹത്തിനും കൃഷി ആവശ്യങ്ങള്‍ക്കുമായി സുരേന്ദ്രന്‍ അടിമാലിയിലെ ഭൂപണയ ബാങ്കില്‍ നിന്ന് എട്ടു ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. വായ്പയുടെ തിരിച്ചടവു മുടങ്ങിയതോടെ കഴിഞ്ഞ മാസം ജപ്തി നോട്ടീസ് ലഭിച്ചിരുന്നുവെന്നും ഇതോടെ സുരേന്ദ്രന്‍ ദുഃഖിതനായിരുവെന്നാണ് വിവരം. ഒരാഴ്ച മുമ്പ് കീടനാശിനി കഴിച്ച് അവശനിലയില്‍ കണ്ടെത്തിയ സുരേന്ദ്രന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍ നടക്കും. ഭാര്യയും ആറുമക്കളുമുണ്ട്.

അതേസമയം പ്രളയത്തിനു ശേഷം ഇടുക്കി കര്‍ഷകരുട ശവപ്പറമ്പായി മാറുകയാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ജീവനൊടുക്കിയത് ഏഴു കര്‍ഷകരാണ്. ഇതില്‍ അവസാനത്തേതാണ് പെരിഞ്ചാംകുട്ടി വരിക്കാനിക്കൽ ജെയിംസിന്റെ മരണം. ഫെബ്രുവരി 19-നാണ് പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ സ്വദേശി നക്കരയില്‍ ശ്രീകുമാര്‍(55) കടബാധ്യതയെത്തുടര്‍ന്നു ജീവനൊടുക്കിയത്.

അടിമാലിക്കു സമീപം ആനവിരട്ടി കോട്ടക്കല്ലില്‍ രാജു (62)വിനെ കൃഷിയിടത്തിലെ കൊക്കോ മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത് ഫെബ്രുവരി എട്ടിനായിരുന്നു. കാനറ ബാങ്കിന്റെ അടിമാലി ശാഖയില്‍ നിന്ന് രാജു 10 ലക്ഷം രൂപ വായ്പ എടുത്തിരുന്നതായും രണ്ടാഴ്ച മുന്‍പ് പണം അടക്കണമെന്നാവശ്യപ്പെട്ടു നോട്ടീസ് ലഭിച്ചിരുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ചെറുതോണി സ്വദേശി നെല്ലിപ്പുഴ ജോണി മത്തായി (58) ജീവനൊടുക്കിയത് ഫെബ്രുവരി ഏഴിനായിരുന്നു. ഭാര്യയും നാലു മക്കളുമുള്ള ജോണി പാട്ടത്തിനു സ്ഥലമെടുത്താണ് കൃഷി ചെയ്തിരുന്നത്. ആദ്യം പ്രളയത്തിലും പിന്നീട് കാട്ടുപന്നി ആക്രമണത്തിലും കൃഷി നശിച്ചതോടെ കൃഷിക്കായി എടുത്ത വായ്പകള്‍ തിരികെ അടയ്ക്കാനാവാതെ വന്നതായി ബന്ധുക്കള്‍ പറയുന്നു. ബാങ്കില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പണം വാങ്ങിയിരുന്ന ജോണി ബാങ്കില്‍ നിന്നുള്ള ജപ്തി നോട്ടീസ് ലഭിച്ചതിനെത്തുടര്‍ന്നാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നു ബന്ധുക്കള്‍ പറഞ്ഞു.

വാത്തിക്കുടി സ്വദേശിയായ കുന്നുംപുറത്ത് (68) ജീവനൊടുക്കിയത് ജനുവരി 28-നായിരുന്നു. സഹദേവന്റെ പേരിലുള്ള സ്ഥലം ഈടായി നല്‍കി മകന്‍ മുരിക്കാശേരി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നു 12 ലക്ഷത്തോളം രൂപ വായ്പയെടുത്തിരുന്നു. പ്രളയത്തില്‍ കൃഷി നശിച്ചതോടെ മകന് ലോണ്‍ തിരികെ അടയ്ക്കാന്‍ കഴിഞ്ഞില്ലെന്നും അടുത്തിടെ ബാങ്കില്‍ നിന്നു നോട്ടീസ് ലഭിച്ചതോടെ കടുത്ത മാനസിക വിഷമത്തിലായിരുന്നു സഹദേവനെന്നും ബന്ധുക്കള്‍ പറഞ്ഞു. യുവകര്‍ഷകനായ ഇടുക്കി മേരിഗിരി സ്വദേശിയായ സന്തോഷിനെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ജനുവരി രണ്ടിനായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ