scorecardresearch
Latest News

കർഷക ആത്മഹത്യ: ചെമ്പനോട വില്ലേജ് ഓഫിസിൽ വിജിലൻസ് റെയ്ഡ്

ക്രമക്കേടുകൾ കണ്ടെത്തിയാൽ ഇന്ന് തന്നെ കേസ് എടുക്കണമെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദേശം

കർഷക ആത്മഹത്യ: ചെമ്പനോട വില്ലേജ് ഓഫിസിൽ വിജിലൻസ് റെയ്ഡ്

കോഴിക്കോട്: വിവാദമായ ചെമ്പനോട വില്ലേജ് ഓഫിസിൽ വിജിലൻസ് റെയ്ഡ്. വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റയുടെ നിർദേശ പ്രകാരമാണ് റെയ്ഡ് നടത്തിയത്. വില്ലേജ് ഓഫിസിലെ ഫയലുകളും കംമ്പ്യൂട്ടറുകളും വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധിച്ചു. ക്രമക്കേടുകൾ കണ്ടെത്തിയാൽ ഇന്ന് തന്നെ കേസ് എടുക്കണമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.

നേരത്തെ ആത്മഹത്യ ചെയ്ത ജോയിയുടെ ഭൂനികുതി ഇന്ന് വില്ലേജ് ഓഫിസ് അധികൃതർ സ്വീകരിച്ചിരുന്നു. ജോയിയുടെ സഹോദരനാണ് ഭൂനികുതി അടയ്ക്കാൻ എത്തിയത്. എന്നാൽ ഇതിനിടെ ജോയിയുടെ രേഖകളിൽ വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥർ കൃത്രിമത്വം നടത്തിയെന്ന് ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് നാട്ടുകർ വില്ലേജ് ഓഫിസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

അതിനിടെ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ റവന്യു ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെന്നാണ് ജില്ലാ കലക്ടർ നൽകിയിരിക്കുന്ന റിപ്പോർട്ട്. നടപടിക്രമങ്ങളിൽ അനാവശ്യമായി റവന്യൂ ഉദ്യോഗസ്ഥർ വീഴ്ചവരുത്തിയെന്നും കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ചെമ്പനോട വില്ലേജ് ഓഫിസറും, വില്ലേജ് അസിസ്റ്റന്റിനും ഈ സംഭവത്തിൽ തുല്യ ഉത്തരവാദിത്തം ഉണ്ടെന്നും ചൂണ്ടിക്കാട്ടി ജില്ലാ കലക്ടർ സർക്കാരിന് പ്രാഥമിക റിപ്പോർട്ട് നൽകി. വിശദമായ അന്വേഷണങ്ങൾക്ക് സബ് കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ചെമ്പനോടയിലെ കാവിൽ പുരയിടം തോമസ് (ജോയി–58) ബുധനാഴ്ച രാത്രിയാണു ചെമ്പനോട വില്ലേജ് ഓഫിസിന്റെ വരാന്തയിൽ ജീവനൊടുക്കിയത്. അതേസമയം, ജോയിയുടെ മരണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പക്ഷേ റവന്യൂ ഉദ്യോഗസ്ഥരെ കേസിൽ പ്രതി ചേർത്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

സ്വന്തം സ്ഥലത്തിന്റെ കരം അടയ്ക്കാൻ അനുവദിക്കാത്തതിനെ തുടർന്നാണ് കർഷൻ ആത്മഹത്യ ചെയ്ത്. സംഭവത്തിൽ ചെമ്പനോട വില്ലേജ് ഓഫിസറെയും വില്ലേജ് അസിസ്റ്റന്റിനെയും സസ്പെൻഡ് ചെയ്തിരുന്നു. വില്ലേജ് ഓഫിസറായ സണ്ണിയെയും ഓഫിസ് അസിറ്റന്റ് സിലീഷിനെയുമാണ് സസ്പെൻഡ് ചെയ്തത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Farmer suicide vigilance conducts raid in chempanoda village office