കോഴിക്കോട്: ചെമ്പനോടയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ റവന്യു ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെന്ന് ജില്ലാ കലക്ടറുടെ റിപ്പോർട്ട്. നടപടിക്രമങ്ങളിൽ അനാവശ്യമായി റവന്യൂ ഉദ്യോഗസ്ഥർ വീഴ്ചവരുത്തിയെന്നും കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ചെമ്പനോട വില്ലേജ് ഓഫിസറും, വില്ലേജ് അസിസ്റ്റന്റിനും ഈ സംഭവത്തിൽ തുല്യ ഉത്തരവാദിത്തം ഉണ്ടെന്നും ചൂണ്ടിക്കാട്ടി ജില്ലാ കലക്ടർ സർക്കാരിന് പ്രാഥമിക റിപ്പോർട്ട് നൽകി. വിശദമായ അന്വേഷണങ്ങൾക്ക് സബ് കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ചെമ്പനോടയിലെ കാവിൽ പുരയിടം തോമസ് (ജോയി–58) ബുധനാഴ്ച രാത്രിയാണു ചെമ്പനോട വില്ലേജ് ഓഫിസിന്റെ വരാന്തയിൽ ജീവനൊടുക്കിയത്. അതേസമയം, ജോയിയുടെ മരണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പക്ഷേ റവന്യൂ ഉദ്യോഗസ്ഥരെ കേസിൽ പ്രതി ചേർത്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

സ്വന്തം സ്ഥലത്തിന്റെ കരം അടയ്ക്കാൻ അനുവദിക്കാത്തതിനെ തുടർന്നാണ് കർഷൻ ആത്മഹത്യ ചെയ്ത്. സംഭവത്തിൽ ചെമ്പനോട വില്ലേജ് ഓഫിസറെയും വില്ലേജ് അസിസ്റ്റന്റിനെയും സസ്പെൻഡ് ചെയ്തിരുന്നു. വില്ലേജ് ഓഫിസറായ സണ്ണിയെയും ഓഫിസ് അസിറ്റന്റ് സിലീഷിനെയുമാണ് സസ്പെൻഡ് ചെയ്തത്.

വില്ലേജ് അസിസ്റ്റന്റ് സിലീഷും വില്ലേജ്മാനും കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായി കര്‍ഷകന്റെ ബന്ധുക്കള്‍ ആരോപിച്ചു. കൈക്കൂലി നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ നികുതി കൈപ്പറ്റാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ലെന്നും ജോയിയുടെ ഭാര്യ ആരോപിച്ചു. വില്ലേജ് അസിസ്റ്റന്റിനും വില്ലേജ്മാനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ വ്യക്തമാക്കി. ജില്ലാ കലക്ടര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശവും നല്‍കി. മരിച്ച കർഷകന്റെ കുടുംബത്തിന് ധനസഹായം സംബന്ധിച്ച നടപടികളും കൈക്കൊളളുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.