മാനന്തവാടി: വയനാട് മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തിനിരയായ കര്ഷകന് മരിച്ചു. തൊണ്ടര്‍നാട് പുതുശേരി വെള്ളാരംകുന്ന് സ്വദേശി പള്ളിപ്പുറത്ത് തോമസ് (സാലു-52) ആണു മരിച്ചത്.
ഇന്നു രാവിലെ പതിനൊന്നോടെ വീടിനു സമീപത്തെ കൃഷിയിടത്തില്‍വച്ച് തോമസിനെ കടുവ ആക്രമിച്ചത്. കൈകള്‍ക്കും കാലിനും ഗുരുതര പരുക്കേറ്റു. ഉടനെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരിക്കുകയായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ തോമസിനു ഹൃദയാഘാതം സംഭവിച്ചിരുന്നു.
സമീപപ്രദേശത്തൊന്നും വനം ഇല്ലാത്ത മേഖലയാണു പുതുശേരി. ഇവിടെ കടുവ ഇവിടെയെത്തിയത് നാട്ടുകാരില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
തൊഴിലുറപ്പ് ജോലിയിലേര്‍പ്പെട്ടിരുന്ന സ്ത്രീകളാണു കടുവയെ ആദ്യം കണ്ടത്. ഇവര്‍ വിവരമറിയിച്ചതോടെ വനപാലകരെത്തി തിരച്ചില്‍ തുടരുന്നതിനിടെയാണു തോമസിനെ കടുവ ആക്രമിച്ചത്.
കടുവയെ മയക്കുവെടിവച്ച് പിടികൂടാനാണു തീരുമാനം. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും ഡെപ്യൂട്ടി കലക്ടര്‍, തഹസില്‍ദാര്‍ എന്നിവരുടെയും നേതൃത്വത്തില്‍ കടുവയ്ക്കായി തിരച്ചില്‍ തുടരുകയാണ്.
അതേസമയം, നാട്ടുകാര്‍ വനപാലകരെ തടഞ്ഞു. കടുവയിറങ്ങിയ വിവരമറിഞ്ഞിട്ടും വനപാലകര്‍ സ്ഥലത്തെത്താന്‍ വൈകിയെന്ന് ആരോപിച്ചാണു പ്രതിഷേധം. കടുവയുടേതെന്നു കരുതുന്ന കാല്‍പ്പാട് കണ്ട ഭാഗത്തു തിരച്ചില്‍ നടത്താതെ വനപാലകര്‍ തിരിച്ചുപോയെന്നു നാട്ടുകാര്‍ ആരോപിച്ചു. കടുവയെ എത്രയും പെട്ടെന്നു കണ്ടെത്തി വെടിവച്ചുകൊല്ലണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. മാനന്തവാടി എംഎല്‍എ ഒ ആര് കേളു സ്ഥലത്തെത്തിയിട്ടുണ്ട്.
തോമസിന്റെ കുടുംബത്തിനു സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ആദ്യ ഗഡുവായി അഞ്ച് ലക്ഷം രൂപ ഉടന്‍ കൈമാറാന്‍. ഇതുസംബന്ധച്ച് വനം മന്ത്രി വയനാട് കലക്ടര്‍ക്കു നിര്‍ദേശം നല്കി.
രണ്ടു പഞ്ചായത്തുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട് ജില്ലയിലെ രണ്ടു പഞ്ചായത്തുകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി. തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണു കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.