കോഴിക്കോട്: കര്‍ഷകന്‍ വില്ലേജ് ഓഫിസില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റിന് സസ്പെന്‍ഷന്‍. കോഴിക്കോട് ജില്ലയിലെ ചെമ്പനോട വില്ലേജ് ഓഫിസിലാണ് കര്‍ഷകന്‍ തൂങ്ങിമരിച്ചത്. കാവില്‍ പുരയിടം തോമസ് എന്ന ജോയിയാണ് മരിച്ചത്. പട്ടയം ലഭിക്കാന്‍ നേരിട്ട കാലതാമസത്തെ തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

വില്ലേജ് അസിസ്റ്റന്റ് സിലീഷും വില്ലേജ്മാനും കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായി കര്‍ഷകന്റെ ബന്ധുക്കള്‍ ആരോപിച്ചു. കൈക്കൂലി നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ നികുതി കൈപ്പറ്റാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും ജോയിയുടെ ഭാര്യ ആരോപിച്ചു. വില്ലേജ് അസിസ്റ്റന്റിനും വില്ലേജ്മാനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

നികുതി നല്‍കാനായി ഇയാള്‍ പലതവണ വില്ലേജ് ഓഫിസിലെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇയാള്‍ വില്ലേജ് ഓഫിസിനു മുമ്പില്‍ ഒരു തവണ നിരാഹാരമിരുന്നിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. ജില്ലാ കലക്ടര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശവും നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. ധനസഹായം സംബന്ധിച്ച നടപടികളും കൈക്കൊളളുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.