കൊച്ചി: “അമ്മയോടും ഏട്ടനോടും എന്റെ സുഹൃത്തുക്കളോടും ഞാൻ വിടപറയുന്നു. എന്റെ മരണത്തിന് ഉത്തരവാദി ധനേഷ് രമേശ് കായംകുളം.” സദാചാര ഗുണ്ടകളുടെ അക്രമത്തിന് ഇരയായ അനീഷിന്റെ ആത്മഹത്യാക്കുറിപ്പിലെ വാചകങ്ങളാണിത്.

ആത്മഹത്യാ കുറിപ്പിലെ വാചകം വായിച്ചശേഷം അഗളി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഐഇ മലയാളത്തോട് പറഞ്ഞത് ആത്മഹത്യാ പ്രേരണക്കുറ്റം ഒരാൾക്കെതിരെ മാത്രമാണെന്നാണ്. “ധനേഷ് രമേശ് എന്നാണ് കത്തിൽ എഴുതിയിട്ടുള്ളത്. എഴുത്തിലെ അക്ഷരങ്ങൾ വ്യക്തമായി വായിക്കാൻ സാധിക്കുന്ന വിധത്തിൽ ഉള്ളതല്ല. രണ്ട് പേരുകളും ഇംഗ്ലീഷിലാണ് എഴുതിയിരിക്കുന്നത്. ആദ്യത്തെ അക്ഷരങ്ങൾ വലിയ അക്കങ്ങൾ ആയിരുന്നതിനാൽ ആദ്യം രണ്ടുപേരുണ്ടെന്ന് കരുതുകയായിരുന്നു. എന്നാൽ ഓച്ചിറ സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ, റിമാൻഡിലുള്ള പ്രതി ധനേഷിന്റെ അച്ഛന്റെ പേര് രമേശൻ എന്നാണെന്ന് വ്യക്തമായി. ധനേഷ് രമേശ് എന്ന് എഴുതിയതാണെന്ന നിഗമനത്തിലാണ് ഇപ്പോഴുള്ളത്.” അദ്ദേഹം പറഞ്ഞു.

ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കും. എന്നാൽ പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യത്തിലാണ് വീട്ടുകാർ.

ഫെബ്രുവരി 14 നാണ് അനീഷിനെയും കൂടെയുണ്ടായിരുന്ന പെൺകുട്ടിയെയും സദാചാര ഗുണ്ടകൾ ആക്രമിച്ചത്. കൊല്ലം അഴീക്കൽ ബീച്ചിൽ ഒരുമിച്ചിരിക്കുകയായിരുന്ന ഇവരെ ഒരു സംഘം ആളുകൾ കൈയ്യേറ്റം ചെയ്യുകയും, ദൃശ്യങ്ങൾ പകർത്തിയ ശേഷം സോഷ്യൽ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. അഞ്ചംഗ സംഘമാണ് യുവാവിനെയും പെൺകുട്ടിയെയും ഉപദ്രവിച്ചത്. കൊല്ലം പൊലീസിൽ പരാതി നൽകിയിരുന്നു.

ഇന്നലെ രാവിലെ അമ്മയും സഹോദരിയും പുറത്തുപോയ സമയത്താണ് അനീഷ് ആത്മഹത്യ ചെയ്തത്. സംഭവത്തിന് ശേഷം കടുത്ത ദുഃഖത്തിലായിരുന്ന അനീഷ്, വീട്ടിൽ നിന്ന് പുറത്തു പോവുക കുറവായിരുന്നു. അമ്മയും സഹോദരിയും മടങ്ങി വന്നപ്പോൾ അനീഷിനെ വീട്ടിൽ കാണാനില്ലെന്നു മനസ്സിലാക്കി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിയപ്പോഴാണ് വീട്ടിൽ നിന്ന് കുറച്ചകലെയായുളള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ അനീഷിന്റെ മൃതദേഹം കണ്ടെത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ