കൊച്ചി: ഫാനി ചുഴലിക്കാറ്റ് ചൊവ്വാഴ്ച്ചയോടെ തമിഴ്നാട് തീരത്ത് എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. കേരളത്തില്‍ ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും ഈ മാസം 29, 30 തീയതികളിൽ യെല്ലോ അലര്‍ട്ട് തുടരുന്നു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഫാനി ചുഴലിക്കാറ്റ് തമിഴ്നാട്-ആന്ധ്ര തീരത്തെ ലക്ഷ്യമാക്കി മുന്നേറുകയാണ്. വരും മണിക്കൂറുകളിൽ ചുഴലിക്കാറ്റ് തീവ്രമാകും. ഏപ്രിൽ 30ന് അതിതീവ്ര ചുഴലിക്കാറ്റായി മാറി തമിഴ്നാട്-ആന്ധ്ര തീരത്തടിക്കുമെന്നാണ് മുന്നറിയിപ്പ്.
ഫാനിയുടെ പ്രതിഫലനമായി ഇന്ന് രാത്രി മുതൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത. ഏപ്രിൽ 29ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും ഏപ്രിൽ 30 ന് കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത് തുടരുകയാണ്.
Read: ന്യൂനമർദം ശക്തിപ്രാപിക്കുന്നു; കേരളത്തിൽ നാളെ മുതൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത
ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിൽ ഇന്ന് രാവിലെ മുതൽ മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും 29, 30 തീയതികളിൽ മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ട്. ഈ കാലയളവിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ പ്രത്യേകം ജാഗ്രത പാലിക്കണം.