scorecardresearch
Latest News

ഇ-ബുൾ ജെറ്റ് സഹോദരങ്ങൾക്ക് ഉപാധികളോടെ ജാമ്യം; അറസ്റ്റിനുശേഷം കൂടിയത് 1.75 ലക്ഷം സബ്‌സ്‌ക്രൈബർമാർ

സംഭവത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രശ്നം സൃഷ്ടിക്കുന്ന തരത്തിൽ പ്രതികരണം നടത്തിയവർക്കെതിരെയും നടപടികളുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

ഇ-ബുൾ ജെറ്റ് സഹോദരങ്ങൾക്ക് ഉപാധികളോടെ ജാമ്യം; അറസ്റ്റിനുശേഷം കൂടിയത് 1.75 ലക്ഷം സബ്‌സ്‌ക്രൈബർമാർ

കണ്ണൂർ: പ്രമുഖ യൂട്യൂബ് വ്‌ളോഗർമാരായ ഇ-ബുള്‍ ജെറ്റ് സഹോദരങ്ങൾ എന്നറിയപ്പെടുന്ന കണ്ണൂര്‍ ഇരിട്ടി അങ്ങാടിക്കടവ് സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവർക്ക് കണ്ണൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ ഇരുവരും 3,500 രൂപ വീതം പിഴയടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. എല്ലാ ബുധനാഴ്ചയും രാവിലെ 11 നും ഉച്ചയ്ക്കു രണ്ടിനും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും വ്യവസ്ഥയുണ്ട്.

കൂടുതൽ നടപടികൾക്ക് സാധ്യത

ഇ-ബുള്‍ ജെറ്റ് സഹോദരങ്ങൾക്കെതിരെ കൂടുതൽ നടപടികൾക്ക് സൂചന നൽകി പൊലീസ്. ഇവർ അപ്‌ലോ‍ഡ് ചെയ്ത വിഡിയോകളിൽ ചിലത് നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണെന്നും അത് സംബന്ധിച്ച് യൂട്യൂബിന് റിപ്പോർട്ട് നൽകുന്ന കാര്യം പരിശോധിക്കുമെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ ഇളങ്കോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇ-ബുൾ ജെറ്റ് സഹോദരങ്ങൾ ആംബലുലൻസ് എന്ന തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോ യൂട്യൂബ് ചാനലിൽ നേരത്തെ അപ്‌ലോഡ് ചെയ്തിരുന്നു. ഇത് ബിഹാറിൽനിന്നുള്ളതാണെന്നാണ് കരുതുന്നത്. ഈ വിഡിയോ ചിത്രീകരിച്ച ലൊക്കേഷൻ കണ്ടെത്താൻ പൊലീസ് ശ്രമമാരംഭിച്ചു. തുടർന്ന് ബന്ധപ്പെട്ട സംസ്ഥാനത്തിന് ഇതുസംബന്ധിച്ച വിവരങ്ങൾ കൈമാറും. പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി വ്ലോഗർമാർക്കെതിരെ കേസെടുത്തതായും ആർ.ഇളങ്കോ പറഞ്ഞു.

ഇ-ബുൾ ജെറ്റ് സഹോദരങ്ങൾ ഇതുവരെ അപ്‌ലോഡ് ചെയ്ത വിഡിയോകൾ ഫ്രീസ് ചെയ്യാൻ പൊലീസ് യൂട്യൂബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഡിയോകൾ പരിശോധിച്ച് നിയമലംഘനമുണ്ടെങ്കിൽ നടപടി സ്വീകരിക്കും.

വാഹന രജിസ്ട്രേഷൻ റദ്ദാക്കി

ഇ-ബുൾ ജെറ്റ് സഹോദരങ്ങളുടെ ‘നെപ്പോളിയൻ’ എന്ന് പേരിട്ട ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷൻ മോട്ടോർ വാഹന വകുപ്പ്റദ്ദാക്കി. മോട്ടോർ വാഹന വകുപ്പ് നിയമത്തിലെ സെക്ഷൻ 53 (1 എ) പ്രകാരമാണ് നടപടി. അപകടരമായ രീതിയിൽ വാഹനമോടിച്ചതിനും റോഡ് നിയമങ്ങൾ പാലിക്കാത്തതിനുമാണ് നടപടിയെന്ന് എംവിഡി ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനം ഓടിച്ചിരുന്നയാളുടെ ലൈസൻസ് റദ്ദാക്കാനും സാധ്യതയുണ്ട്.

വാഹനത്തില്‍ വരുത്തിയ രൂപമാറ്റത്തിനും മറ്റ് നിയമലംഘനങ്ങള്‍ക്കും പിഴയൊടുക്കാന്‍ ഒരുക്കമാണെന്ന് ഇ-ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ ജാമ്യഹർജിയിൽ പറഞ്ഞു.

കൂട്ടാളികൾക്കെതിരെയും നടപടി

തിങ്കളാഴ്ച രാത്രിയോടെയാണ് ഇ-ബുള്‍ ജെറ്റ് സഹോദരങ്ങളെ റിമാൻഡ് ചെയ്തത്. ഇതിന് പിറകെ ഇവരുടെ 17 ആരാധകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

നിയമലംഘനങ്ങൾക്ക് ആഹ്വാനം ചെയ്തു, നിയമവിരുദ്ധമായി സംഘം ചേർന്നു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യൂട്യൂബർമാരുടെ ആരാധകരായ 17 പേരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. യൂട്യൂബർമാരുടെ ആരാധകർ മോട്ടോർ വാഹന വകുപ്പ് ഓഫീസിന് മുന്നിൽ തിങ്കളാഴ്ച രാവിലെ മുതൽ തടിച്ച് കൂടിയിരുന്നു.

Read More: ഇ-ബുൾ ജെറ്റ് സഹോദരങ്ങളുടെ റിമാൻഡിന് പിറകെ 17 ആരാധകർ പൊലീസ് പിടിയിൽ

ഇതിനു പുറമെ ഇ-ബുൾ ജെറ്റ് വിവാദത്തിൽ കലാപത്തിന് ആഹ്വാനം ചെയ്തതിന് കൊല്ലത്തും ആലപ്പുഴയിലും ഇവരുടെ രണ്ട് കൂട്ടാളികൾക്കെതിരെ കേസെടുത്തുവെന്ന് കണ്ണൂർ കമ്മിഷണർ ചൊവ്വാഴ്ച അറിയിച്ചു.

സംഭവത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രശ്നം സൃഷ്ടിക്കുന്ന തരത്തിൽ പ്രതികരണം നടത്തിയ, പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ളവർക്കെതിരെയും നടപടികളുണ്ടാകുമെന്നു പൊലീസ് അറിയിച്ചു.

നിയമവിരുദ്ധമായി രൂപ മാറ്റം വരുത്തിയ ട്രാവലറിന് പിഴ അടക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കണ്ണൂർ ആർടിഒ ഓഫീസിൽ ബഹളം ഉണ്ടാക്കിയതിനാണ് എബിന്‍, ലിബിന്‍ എന്നിവർക്കെതിരെ കേസെടുത്തത്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും പൊതുമുതൽ നശിപ്പിച്ചെന്നും കാണിച്ചാണ് കേസെടുത്തിരിക്കുന്നത്.

റാംബോ എന്ന പട്ടിക്കൊപ്പം ഇന്ത്യ മുഴുവൻ സഞ്ചരിച്ച് യാത്രാ വ്ളോഗ് ചെയ്യുന്ന ഇ-ബുള്‍ ജെറ്റ് സഹോദരങ്ങൾക്ക് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. ടെംപോ ട്രാവലർ രൂപമാറ്റം വരുത്തി കാരവനാക്കിയാണ് ഇവരുടെ യാത്ര. നിയവിരുദ്ധമായ രൂപമാറ്റം വരുത്തിയെന്ന് ആരോപിച്ച് വാഹനം കഴിഞ്ഞ ദിവസം കണ്ണൂര്‍ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും ചെക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.

ഇ-ബുൾ ജെറ്റ് എന്ന പേരിലുള്ള യൂട്യൂബ് ചാനലിനു 16 ലക്ഷം സബ്സ്ക്രൈബേഴ്‌സാണുണ്ടായിരുന്നത്. വിവാദവും പിന്നാലെ അറസ്റ്റും ഉണ്ടായതോടെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം 1.75 ലക്ഷം വർധിച്ചു. കോവിഡ് രണ്ടാംതരംഗത്തിനിടെ അസം യാത്രയിലായിരുന്ന ഇവർ അവിടെ കുടുങ്ങി പട്ടിണിയിലായ മലയാളികളായ ടൂറിസ്റ്റ് ബസ് തൊഴിലാളികളെ സന്ദർശിക്കുകയും ഭക്ഷണ സാധനങ്ങൾ വാങ്ങി നൽകുകയും ചെയ്തിരുന്നു. ഈ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അസമിൽനിന്നുള്ള തൊഴിലാളികളെ ഉദ്ദേശിച്ച് സർവിസ് നടത്തിയ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നാൽപ്പതിലേറെ ടൂറിസ്റ്റ് ബസുകളാണ് മാസങ്ങളോളം അവിടെ കുടുങ്ങിയത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Famous van life youtubers vloggers e bull jet kannur commissioner press meet