Latest News

പ്രശസ്ത അർബുദ ചികിത്സാ വിദഗ്‌ധൻ എം.കൃഷ്ണൻ നായർ അന്തരിച്ചു

അർബുദ രോഗ ചികിത്സാ മേഖലയിലെ സംഭാവനകൾക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്

തിരുവനന്തപുരം: പ്രശസ്ത അർബുദ ചികിത്സാ വിദഗ്ധൻ ഡോ. എം.കൃഷ്ണൻ നായർ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 81 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. സംസ്‍കാരം ഉച്ചക്ക് ഒരു മണിക്ക് ശാന്തി കവാടത്തിൽ നടക്കും.

റീജിയണൽ കാൻസർ സെന്ററിന്റെ (ആർസിസി) സ്ഥാപക ഡയറക്ടറാണ്. അർബുദ രോഗ ചികിത്സാ മേഖലയിലെ സംഭാവനകൾക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. അർബുദ ചികിത്സാ രംഗത്തെ നൂതന മാറ്റങ്ങൾക്ക് തുടക്കം കുറിച്ച അദ്ദേഹം, ലോകാരോഗ്യ സംഘടനയുടെ കാൻസർ ഉപദേശക സമിതി അംഗമായിരുന്നു.

1939ൽ പേരൂർക്കടയിലെ ചിറ്റലൂർ കുടുംബത്തിൽ മാധവൻ നായരുടേയും മീനാക്ഷിയമ്മയുടേയും മകനായാണ് കൃഷ്‌ണൻ നായർ ജനിച്ചത്. 1963ൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും എംബിബിഎസ് ബിരുദം നേടിയ അദ്ദേഹം 1968ൽ ക്ലിനിക്കൽ ഓങ്കോളജിയിൽ ബിരുദാനന്തര ബിരുദം നേടി. പിന്നീട് 1972 ല്‍ ലണ്ടനിലെ റോയല്‍ കോളേജ് ഓഫ് റേഡിയോളജിയില്‍ നിന്ന് ക്ലിനിക്കല്‍ ഓങ്കോളജിയിലും ബിരുദം നേടി.

Also Read: മുല്ലപ്പെരിയാർ ജലനിരപ്പ് 138.05 അടിയായി, രണ്ടാം മുന്നറിയിപ്പ് നൽകി; കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ

ആർസിസിയുടെ സ്ഥാപക ഡയറക്ടർ എന്ന നിലയിൽ അർബുദ ചികിത്സാ രംഗത്ത് വലിയ സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച കാൻസർ സെന്ററായി ആർസിസിയെ ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചത് കൃഷ്ണൻ നായരാണ്. കമ്മ്യൂണിറ്റി ഓങ്കോളജി, പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍, പീഡിയാട്രിക് ഓങ്കോളജി തുടങ്ങിയവയിൽ നിരവധി പദ്ധതികള്‍ അദ്ദേഹം നടപ്പിലാക്കി. ദേശീയ കാന്‍സര്‍ നിയന്ത്രണ പദ്ധതി തയ്യാറാക്കുന്നതിലും അദ്ദേഹം വലിയ പങ്കുവഹിച്ചു.

ആശുപത്രി നാഥ്വാഹി കാൻസർ അവാർഡ്, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ വിമല ഷാ അവാർഡ്, 1993 ലെ ഭീഷ്‌മാചാര്യ അവാർഡ്, ധന്വന്തരി ട്രസ്‌റ്റിന്റെ ചികിൽസാരത്നം അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വത്സലയാണ് ഭാര്യ. പരേതയായ മഞ്ജുവാണ് മകൾ.

ഡോ. എം.കൃഷ്ണൻ നായരുടെ നിര്യാണത്തിൽ മന്ത്രി വി.ശിവൻകുട്ടിയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും അനുശോചിച്ചു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കാൻസർ ചികിത്സാ – ഗവേഷണ സെന്ററുകളിൽ ഒന്നായി തിരുവനന്തപുരം ആർസിസിയെ മാറ്റിയെടുക്കുന്നതിൽ സ്ഥാപക ഡയറക്ടർ എന്ന നിലയിൽ അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നുവെന്ന് ശിവൻകുട്ടി പറഞ്ഞു.

സാധാരണക്കാര്‍ക്ക് കൂടി താങ്ങാവുന്ന വിധം ആര്‍.സി.സി.യെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയവരില്‍ പ്രമുഖനാണ് ഡോ. എം. കൃഷ്ണന്‍ നായർ. ക്യാന്‍സര്‍ ചികിത്സാ രംഗത്ത് പുതിയൊരു സേവന സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. സാങ്കേതികവിദ്യയും രോഗീ സൗഹൃദ സംസ്‌കാരവും സമന്വയിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ആര്‍.സി.സി.യെ ലോകോത്തര സ്ഥാപനമാക്കി വളര്‍ത്തിയെടുത്തത്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ കുടുംബത്തിനുണ്ടായ ദു:ഖത്തില്‍ പങ്കുചേരുന്നതായി മന്ത്രി വീണ ജോർജ് പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Famous oncologist dr m krishnan nair passes away

Next Story
പാഴാക്കാൻ വെള്ളമില്ല; ജലപീരങ്കിക്ക് താൽക്കാലിക വിശ്രമംpalakkad, water cannon, strike
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express